Friday, February 18, 2011

അറുപത്തൊന്നാം പിറന്നാള്‍.

Tuesday, July 7, 2009


2009 ജൂലായ് 6 തിങ്കളാഴ്ച. എന്‍റെ അറുപത്തി ഒന്നാം പിറന്നാള്‍ .

ഗുരുവായൂരിലേക്ക് ഭഗവത് ദര്‍ശനത്തിന്നായി ഒരു യാത്ര . ഞാന്‍, പ്രിയതമ സുന്ദരി, ബിജോയ്, ബിനോയ്, ബിനോജ് മൂന്ന് ആണ്‍മക്കള്‍, മൂത്തവന്‍റെ ഭാര്യ ദീപ്തി, ടീം അംഗങ്ങള്‍ കഴിഞ്ഞു.

ക്യൂവില്‍ നില്ക്കുമ്പോള്‍ ഉരുവിട്ട വിഷ്ണു സഹസ്ത്ര നാമം , ഭഗവത് ദര്‍ശനം, ഇഷ്ട ദേവന്ന് സമര്‍പ്പിച്ച വഴിപാടുകള്‍, പ്രസാദ ഊട്ടായി ഉച്ചക്ക് ലഭിച്ച ഭക്ഷണം, തിരിച്ച് പോരുമ്പോള്‍ ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന്
കുളിര്‍ ചൂടി നിന്ന പ്രകൃതിയുടെ ഭംഗി എല്ലാം മനസ്സില്‍ ആനന്ദം കോരി പകര്‍ന്നു.

തിരിച്ച് വീട്ടില്‍.

രാത്രി ചെറിയൊരു സദ്യ. രണ്ടാമന്‍ ബിനുപാല്‍പ്പായസം ഉണ്ടാക്കാന്‍ തുടങ്ങി. ആ വിഷയത്തില്‍ അയാള്‍ കെങ്കേമനാണ്. സുന്ദരിയോടും അമ്മുവിനോടൂം (ദീപ്തി ) ഒപ്പം ബിജു പാചകത്തിന്ന് കൂടി. ചെറിയവന്‍ ഉണ്ണിക്കുട്ടന്‍ ഞങ്ങളുടെ പര്‍ച്ചേസ് മാനേജര്‍ ആണ്. അത്യാവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ അയാള്‍
പോയി. ഞാന്‍ സെറ്റിയില്‍ കിടന്നു.

കഴിഞ്ഞ കാല ജീവിതത്തിലെ വീണ്ടും വീണ്ടും അനുഭവിക്കണമെന്ന് ആശിച്ച സന്ദര്‍ഭങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. ഈശ്വരന്‍ നല്‍കിയ വരദാനങ്ങള്‍ക്ക് ഞാന്‍ മനസ്സില്‍ സ്തുതിച്ചു.

പാചകം കഴിഞ്ഞു. ഞങ്ങള്‍ ഉമ്മറത്ത് ഇരുന്നു. ഭക്ഷണത്തിന്ന് സമയം ആവുന്നതേ ഉള്ളു.

'അച്ഛന്‍ അമ്മക്ക് ഒരു ഉമ്മ കൊടുക്ക്വോ, ഞാന്‍ ഒരു ഫോട്ടോ എടുക്കട്ടെ' മരുമകള്‍ പറഞ്ഞു. ഒരു കൊല്ലം
കൊണ്ട് ഞങ്ങളുടെ ഓമനയായ മകള്‍. ഒന്ന് ചിരിച്ച് സുന്ദരി എന്‍റെ അടുത്ത് ഇരുന്നു. എന്‍റെ ചുണ്ടുകള്‍
അവളുടെ കവിളില്‍ ഉരുമ്മി. ക്യാമറ പ്രകാശം തൂകി. മക്കള്‍ മൂന്ന് പേരും കയ്യടിച്ചു. മരുമകള്‍ തുള്ളിച്ചാടി. ഞങ്ങള്‍ ജീവിതം ആഘോഷിക്കുകയാണ്.

5 comments:

ramaniga said...

aasamsakal
jeevitham agoshikku ini ulla kalamathrayum!

lakshmy said...

എന്നിട്ടെവിടെ ആ ഫോട്ടോ?

മോൾക്ക് ഇനിയും അത്തരം ഒരുപാട് ചിത്രങ്ങൾ ഓരോ പിറന്നാളിനും എടുക്കാനാകട്ടെ എന്നാശംസിക്കുന്നു :)

keraladasanunni said...

ആശംസകള്‍ അയച്ച "ramaniga"ക്കും ലക്ഷ്മിക്കും നന്ദി. ഫോട്ടോ എടുത്തതും വീട്ടുകാരിക്ക് ഒരു നാണം. അത് ഡിലീറ്റ് ചെയ്തു.

palakkattettan.

rajji said...

ചെറുതാണെങ്കിലും വളരെ ഹൃദ്യമായ ഒരു പോസ്റ്റ്‌. ജീവിതം എന്നും ഒരു ആഘോഷം ആയി തീരട്ടെ എന്നാശംസിക്കുന്നു.

manu said...

njagal ellavarum vayichu.........
ithavanathe pirannal anubhavam orikkalum marakkathillalo??????
----
-----
Achan,Amma,Jithu,Manu


Monday, February 14, 2011

15. അവതാരം .

Saturday, May 9, 2009

അടി വയറ്റില്‍ ഒരു കല്ലപ്പ് പോലെയാണ് പത്മാവതി അമ്മക്ക് തോന്നിയിരുന്നത്. പ്രത്യേകിച്ച് വേദനയൊന്നും ഇല്ലാതിരുന്നതിനാല്‍ അതൊട്ട് ഗൌനിച്ചതുമില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വ്യത്യാസവും തോന്നാത്തതിനാല്‍ ഭര്‍ത്താവ് ബാലചന്ദ്രന്‍ നായരോട് മൂപ്പരുടെ ഒഴിവു സമയം നോക്കി വിവരം പറഞ്ഞു.

'എനിക്ക് അത് അപ്പോഴേ തോന്നിയതാ. തന്‍റെ ഒരു ഭക്തിയും അനുഷ്ടാനങ്ങളും. എത്രയോ ആളുകള്‍ അമ്പലത്തില്‍ ചെല്ലാറുണ്ട്. തന്നെ പോലെ നിത്യേന കുളിച്ച് ഈറന്‍ ചുറ്റി മണിക്കൂര്‍ കണക്കില്‍ വെളുപ്പാന്‍ കാലത്ത് ആരും പ്രാര്‍ത്ഥിക്കാന്‍ നില്‍ക്കാറില്ല. ദിവസവും അടി വയറ്റില്‍ തണുപ്പ് കൊണ്ടിട്ടാവും ' എന്നും പറഞ്ഞ് വക്കീല്‍ പ്രിയതമയുടെ അസുഖത്തിന്നുള്ള കാരണം വ്യക്തമാക്കി.


അടിമക്കാവില്‍ പോയി മൂന്ന് ദിവസം ഭജനമിരുന്ന് വന്നതിന്ന് ശേഷമാണ് ഇത് തോന്നി തുടങ്ങിയത് എന്ന് പത്മാവതി അമ്മ ഓര്‍ത്തു. ഇനി ഈറന്‍ ചുറ്റി നിന്നതാണ് അസുഖത്തിന്ന്കാരണംച്ചാലോ , ദേവി തന്നെ അത് മാറ്റി കോളും എന്ന് ആശ്വസിക്കുകയും ചെയ്തു. അടിമക്കാവിന്‍റെ കാര്യം പറയുന്നത് വക്കീലിന്ന് ഇഷ്ടമല്ല.

' ഒരു പെണ്‍കുട്ടി ഉണ്ടാവാനാണെന്ന് പറഞ്ഞ് അവിടെ എത്ര പ്രാവശ്യം താന്‍ എന്നെക്കൊണ്ട് ശയന പ്രദക്ഷിണം ഉരുളിച്ചു. എന്നിട്ട് ഉണ്ടായോ ' എന്ന് അദ്ദേഹം പരിഭവം പറയും.

ഒരാഴ്ച കഴിഞ്ഞു കാണും. വെറുതെ ഇരിക്കുന്ന നേരത്ത്, തന്‍റെ അടി വയറ്റിലേക്ക് നോക്കിയപ്പോള്‍ ഒരു ഒളി മിനുസം ഉള്ളതു പോലെ പത്മാവതി അമ്മക്ക് തോന്നുകയും, വിപ്പരത്തി എണ്ണ സ്റ്റീല്‍ സ്പൂണില്‍ ഒഴിച്ച് നിലവിളക്കിന്‍റെ തിരിയുടെ മുകളില്‍ കാട്ടി ചൂടാക്കി വയറ്റില്‍ പുരട്ടുകയും ചെയ്തു. നീരെടുത്തത് ആണെങ്കില്‍ മാറാന്‍ ഇതിലും നല്ല ഔഷധമില്ല. രണ്ടു ദിവസം എണ്ണ പുരട്ടി തടവി നോക്കിയിട്ടും കാര്യമായ മാറ്റമൊന്നും കണ്ടില്ല. വരുന്നത് വരട്ടെ. അതും ആലോചിച്ച് വിഷമിക്കാതെ പതിവ് പോലെ സ്കൂളില്‍ പോവുക തന്നെ എന്ന് അവര്‍ ഉറച്ചു.

ഉച്ച ഊണു കഴിഞ്ഞ നേരം. ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടാന്‍ വന്ന സുമ ടീച്ചര്‍ 'എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ട് ' എന്നും പറഞ്ഞ് കസേലയില്‍ ഇരുന്നു. താന്‍ പിരിയുന്നതോടെ ഹെഡ് മിസ്ട്രസ്സ് ആവാനുള്ള ആളാണ് സുമ. സ്കൂളിലെ ഏറ്റവും അടുത്ത കൂട്ടുകാരി. ഒന്നും തോന്നരുത് കേട്ടോ എന്ന മുഖവുരയോടെ 'കുറച്ച് ദിവസമായി പറയണം എന്ന് കരുതുന്നു. ഇയീടെയായി ടീച്ചറിന്‍റെ വയര്‍ വീര്‍ത്ത് വരുന്നു. ചെലപ്പൊ വല്ല ട്യൂമറും ' അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ ശേഷം' അല്ലാതെ ഈ പ്രായത്തില്‍ പിന്നെ എന്താവാനാണ് ' എന്ന് പറയുകയും ചെയ്തു. അത് കേട്ട് നിന്ന ക്രാഫ്റ്റ് ടീച്ചര്‍ സൈനബ ' അഥവ വല്ലതും ഉണ്ടെങ്കില്‍ തന്നെ അതൊരു ഭാഗ്യാണേയ്, ഒന്നുമില്ലെങ്കിലും ടീച്ചര്‍ പെന്‍ഷനായിട്ട് വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ഒരു കുഞ്ഞിനെ ലാളിക്കാലോ ' എന്നൊരു ചൊട്ട് നല്‍കി. സൈനബക്ക് വായ നിറയെ നാക്കാണ്, ഇന്നതേ പറയൂ എന്നില്ല എന്നൊക്കെ അറിയാമെങ്കിലും അന്നേരം പത്മാവതി അമ്മ മാനം കെട്ട മാതിരിയായി.

അന്ന് വൈകുന്നേരം ഭര്‍ത്താവിന്‍റെ മുമ്പില്‍ പത്മാവതി അമ്മ തന്‍റെ സങ്കടങ്ങള്‍ വിളമ്പി. ആളുകളുടെ ഇടയില്‍ താന്‍ അനുഭവിക്കുന്ന മാനക്കേടിന്ന്പരിഹാരം കാണാണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. അന്ന് രാത്രി എല്ലാവരും കൂടി ഉണ്ണാനിരുന്നപ്പോള്‍ വക്കീല്‍ തന്നെ ഭാര്യയുടെ അസുഖത്തെ പറ്റി സംസാരിച്ചു. മൂത്ത മകന്‍ ഡോക്ടര്‍ രവീന്ദ്രനോടും അയാളുടെ ഭാര്യ ഡോക്ടര്‍ രമയോടും ഉടനെ വേണ്ടത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

'അത് വല്ല ഗ്യാസ് പ്രോബ്ലവും ആകും . അമ്മ ആവശ്യമില്ലാതെ വെറുതെ പരിഭ്രമിക്കുകയാണ് ' എന്ന് പറഞ്ഞ് മകന്‍ തല്‍ക്കാലം പ്രശ്നം ലഘുവാക്കി .

സുമ ടീച്ചര്‍ പറഞ്ഞതു പോലെ വയറില്‍ വല്ല മുഴയാണെങ്കില്‍ അത് എടുത്ത് മാറ്റണം, പത്മാവതി അമ്മ മനസ്സില്‍ കണക്ക് കൂട്ടി. തന്‍റെ റിട്ടയര്‍മെന്‍റിന്ന് ഇനി അധിക കാലമില്ല. മാര്‍ച്ച് മുപ്പത്തി ഒന്നിന്ന് സേവന കാലം പൂര്‍ത്തിയാക്കി വിരമിക്കും. പിന്നെ ഓപ്പറേഷനോ എന്തു വേണമെങ്കിലും ആകാം. ഇനി എണ്ണിയിട്ട് നാല്‍പ്പത്തഞ്ച് ദിവസം. അതിനു മുമ്പ് ലീവില്‍ പോയാല്‍ പോയാല്‍ പറ്റില്ല. സൂപ്പര്‍ ആനുവേഷന്‍ കാലത്ത് ലീവെടുത്താല്‍ അന്നത്തോടെ പണി പോകും.

പിറ്റേന്ന് രാവിലെ മകന്‍ അമ്മയെ പരിശോധിച്ചു. എന്തോ പന്തികേട് തോന്നിയ അയാള്‍ ഉടനെ തന്നെ ഗൈനക്കോളജിസ്റ്റ് ആയ ഭാര്യയെ വിളിച്ച് എന്തോ പറഞ്ഞു. അടുത്ത ഊഴം മരുമകളുടേതായിരുന്നു. പത്മാവതി അമ്മയെ അവരും വിശദമായി പരിശോധന നടത്തി. പരിശോധന കഴിഞ്ഞതും അവര്‍ രണ്ടു പേരുടേയും മുഖം വിവര്‍ണ്ണമായി. ആരാണ് വിവരം പറയുക എന്നതായി അവര്‍ക്കിടയിലെ ഏക പ്രശ്നം. അമ്മയോട് ഞാന്‍ ഇത് എങ്ങിനെ പറയും എന്ന് മകന്‍ പറഞ്ഞതോടെ, ഡോക്ടര്‍ രമക്ക് ആ ദൌത്യം ഏറ്റെടുക്കാതെ വയ്യെന്നായി. ഒട്ടേറെ സങ്കോചത്തോടെ അമ്മയുടെ വയറ്റില്‍ ജീവന്‍റെ തുടിപ്പ് കാണുന്നു വെന്ന സത്യം വെളിപ്പെടുത്തപ്പെട്ടു.

പത്മാവതി അമ്മ ഉറക്കെ ചിരിച്ചു. മരുമകളുടേത് നല്ല ഒന്നാന്തരം പരിശോധന. തനിക്ക് മാസക്കുളി ഇല്ലാതായിട്ട് കൊല്ലം ആറേഴ് കഴിഞ്ഞു. ഭാര്യാ ഭര്‍ത്താക്കന്മാരെന്ന നിലക്ക് കഴിഞ്ഞിട്ട് അതിലും എത്രയോ കാലമായി. എന്നിട്ടാണ് മരുമകളുടെ ഒരു കണ്ടു പിടുത്തം. ഇപ്പോഴത്തെ ഡോക്ടറ്മാരൊക്കെ കണക്കന്നെ. ഒന്നിനും ഒരു വസ്തു അറിയില്ല എന്ന് മനസ്സില്‍ പറഞ്ഞുവെങ്കിലും, അസംഭാവ്യമായത് ചിലപ്പോള്‍ സംഭവിച്ചാലുണ്ടാകുന്ന നാണക്കേട് ഓര്‍ത്ത് അവര്‍ നടുങ്ങി.

അന്ന് രാത്രി വക്കീല്‍ പത്മാവതി അമ്മയോട് 'എന്താടോ ഞാന്‍ ഈ കേള്‍ക്കുന്നത്. ഞാന്‍ അറിയാതെ ഇതെങ്ങിനെ സംഭവിച്ചു. ആരാണ് ഇതിന്ന് ഉത്തരവാദി ' എന്ന് ചോദിച്ചു. ആ വാക്കുകളിലെ പരുഷത പത്മാവതി അമ്മയെ ഞെട്ടിച്ചു. മുപ്പത്തെട്ട് കൊല്ലമായി ഒന്നിച്ചിട്ട്. ഇന്നു വരെ മാറി നില്‍ക്ക് എന്ന് ഒരു വാക്ക് പറയിച്ചിട്ടില്ല. ഒടുവില്‍ ഈ വയസ്സാന്‍ കാലത്ത് അതും സംഭവിച്ചു. അദ്ദേഹത്തിന്ന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പത്മാവതി അമ്മ തേങ്ങി.

പതിനേഴാമത്തെ വയസ്സില്‍ തന്‍റെ കഴുത്തില്‍ ബാലേട്ടന്‍ താലി കെട്ടിയതാണ്. വാസ്തവത്തില്‍ അച്ഛന്‍ തന്‍റെ മോഹത്തിന്ന് വഴങ്ങി, ജൂനിയറായ ബാലേട്ടനുമായിട്ടുള്ള കല്യാണം നടത്തി തന്നതാണ്. അന്നു മുതല്‍ നിഴലു പോലെ അദ്ദേഹത്തിന്‍റെ കൂടെയാണ് ജീവിതം. എന്നിട്ട് അദ്ദേഹം തെറ്റിദ്ധരിച്ചാല്‍, പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നൊക്കെ അവര്‍ ആലോചിച്ച് കൂട്ടി.

'ഞാന്‍ അറിഞ്ഞുംകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല' എന്ന് അവര്‍ കരച്ചിലിനിടയില്‍ ഭര്‍ത്താവിനോട് പറഞ്ഞു. സീതയെപ്പോലെ പരിശുദ്ധി തെളിയിക്കാന്‍ അഗ്നിയില്‍ ചാടണോ, അതിനും തയാറാണെന്ന് അവര്‍ പറഞ്ഞു. ആ വാക്കുകളിലെ ആത്മാര്‍ത്ഥത തന്‍റെ മനസാക്ഷിയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നുവെന്ന് വക്കീലിന്ന് തോന്നി. പത്മാവതി അമ്മയുടെ കണ്ണീരിന്നു മുമ്പില്‍ വക്കീല്‍ തകര്‍ന്നു. അവരുടെ ചാരിത്ര്യത്തെ കുറിച്ച് സംശയിക്കാന്‍ പാടില്ലാത്തതാണ്. കാരണം അവര്‍ക്ക് തന്നോട് അത്രക്ക് ഇഷ്ടമാണ്. ഈശ്വര ഭജനത്തില്‍ അവരും ജോലി തിരക്കില്‍ താനും മുഴുകിയത് കൊണ്ടുള്ള അകല്‍ച്ച മാത്രമേയുള്ളു. അല്ലാതെ സ്നേഹത്തിന്ന് ഒരു തരിമ്പും കുറവ് വന്നിട്ടില്ല .

എങ്കിലും.

ആ എങ്കിലും ഒരു കരടായി ബാലചന്ദ്രന്‍ നായരുടെ മനസ്സില്‍ കിടന്നു. കാലം തെറ്റി മുളച്ചത് നമുക്ക് വേണ്ടാ എന്ന നിലപാട് കുടുംബത്തിന്‍റെ കൂട്ടായ തീരുമാനമായി. ലേഡി ഡോക്ടര്‍ വീട്ടില്‍ തന്നെ ഉള്ളതിനാല്‍ ഇരുചെവി അറിയാതെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞുവെങ്കിലും, എന്നെക്കൊണ്ട് ഈ മഹാപാപം ചെയ്യിക്കരുത് എന്ന് അവര്‍ ശഠിച്ചു. അനുനയത്തില്‍ സമ്മതം വാങ്ങാനുള്ള ശ്രമമായി പിന്നീട്. മക്കള്‍ക്ക് വേണ്ടിയെങ്കിലും അമ്മ എതിര്‍ക്കരുത് എന്ന് എല്ലാവരും പറഞ്ഞു നോക്കി.

മൂത്ത മകന്‍ ഡോക്ടര്‍ രവീന്ദ്രന്‍ രണ്ടു കുട്ടികളുടെ അച്ഛനാണ്. രണ്ടാമന്‍ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് രഘുനാഥന് പുത്രന്‍ ഒന്ന്. മൂന്നാമന്‍ അഡ്വക്കറ്റ് രാജേന്ദ്രന്ന് കല്യാണാലോചന നടക്കുന്നു. ഒടുവിലത്തെ മകന്‍ രമേഷ് എഞ്ചിനീയറിങ്ങ് പഠനവും ഫുട്ബോള്‍ കളിയുമായി കഴിയുന്നു. വയസ്സാന്‍ കാലത്ത് അമ്മ പ്രസവിക്കുന്നത് അവര്‍ക്കെല്ലാം നാണക്കേടാണ്. കൂടാതെ ഇപ്പോള്‍ സമൂഹത്തില്‍ തനിക്കുള്ള നിലയും വിലയും ഇല്ലാതാകുമെന്ന് വക്കീലും പറഞ്ഞു നോക്കി.

പറഞ്ഞതെല്ലാം ശരിയാണ് എന്ന് സമ്മതിച്ചുവെങ്കിലും ' ഇത്തരത്തില്‍ ഒരു പാപം ചെയ്യാന്‍ ഞാനില്ല ' എന്ന മുന്‍ നിലപാടില്‍ തന്നെ പത്മാവതി അമ്മ ഉറച്ചു നിന്നു. അതോടു കൂടി ഭര്‍ത്താവും മുതിര്‍ന്ന മൂന്ന് മക്കളും അവരില്‍ നിന്നും അകന്നു. ചെറിയവന്‍ മാത്രം തെല്ലൊരു തമാശയായി അമ്മ പ്രസവിച്ചാല്‍ താന്‍ ആ കുഞ്ഞിനെ താലോലിക്കുമെന്ന് പറഞ്ഞ് വേറിട്ട് നിന്നു. ഒരു ചടങ്ങ് പോലെ ഡോക്ടര്‍ രമ നിത്യവും വന്ന് പരിശോധന നടത്തി പോകും.

വക്കീല്‍ ഓഫീസിന്‍റെ ഭിത്തിയില്‍ തൂക്കിയ ദിവസ കലണ്ടറില്‍ നിന്നും ഗുമസ്തന്‍ രാഘവന്‍ നായര്‍ കീറി മാറ്റിയ
താളുകളുടെ എണ്ണം പെരുകി വന്നു. അതോടൊപ്പം പത്മാവതി അമ്മയുടെ വയറിന്‍റെ വലിപ്പവും കൂടി വന്നു. വീട്ടില്‍ മാത്രം ഒതുങ്ങി നിന്ന രഹസ്യം കുറേശയായി നാട്ടില്‍ പ്രചരിച്ച് തുടങ്ങി. വക്കീലാപ്പീസിന്ന് മുമ്പിലെ മരചുവട്ടില്‍ നിന്ന്, കക്ഷികള്‍ വക്കീലിന്‍റെ അകാലത്തെ സന്താന സൌഭാഗ്യത്തെ കുറിച്ച് അടക്കം പറഞ്ഞു ചിരിച്ചു. കല്യാണങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഒത്തുകൂടുന്ന സ്ത്രീകള്‍ക്കിടയില്‍ പത്മാവതി അമ്മയുടെ ഗര്‍ഭം ചൂടുള്ള വാര്‍ത്തയായി മാറി. ബേക്കറി സാധനങ്ങളും മറ്റുമായി ഗര്‍ഭിണിയെ കാണാനെത്തിയവരുടെ നേരെ വീട്ടുകാര്‍ മുഖം തിരിച്ചു. വിരുത്തറയായി വന്ന സാധനങ്ങള്‍ആരും തൊടാതെ പത്മാവതി അമ്മയുടെ മുറിയില്‍ കുമിഞ്ഞു കൂടി. ഇളയ മകന്‍ രമേഷ് മാത്രം ഇടക്കൊക്കെ അവ എടുത്ത് തിന്നു. ആരും കടന്ന് നോക്കാത്ത മുറിയില്‍ പത്മാവതി അമ്മ ഏകാന്ത തടവുകാരിയായി.


******************************************

ഗര്‍ഭധാരണം പോലെതന്നെ അസാധാരണമായിരുന്നു പത്മാവതി അമ്മയുടെ പ്രസവവും. അമാവാസി നാളിലെ രാത്രിയിലാണ് അവര്‍ പ്രസവിച്ചത്. ഭരണി നക്ഷത്രം. പ്രസവ വേദനയുടെ യാതൊരു വിധ ലക്ഷണങ്ങളും അവരില്‍
കാണാനില്ലായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ നേരം പത്മാവതി അമ്മ വേലക്കാരിയോട് പ്രസവ സമയം അടുത്തതായി തനിക്ക് തോന്നുന്നു എന്ന് പറഞ്ഞു. ഉടനെ വേലക്കാരി ചെന്ന് വിവരം അറിയിച്ചതും, വൈദ്യ സഹായം നല്‍കാനായി മരുമകള്‍ ഡോക്ടര്‍ രമ അവിടെ എത്തി. പക്ഷെ അവര്‍ എന്തെങ്കിലും ചെയ്യുന്നതിന്ന് മുമ്പ് പ്രസവം കഴിഞ്ഞു.

കുട്ടി ജനിച്ച ഉടനെ മുറിയില്‍ ഇടിമിന്നല്‍ പോലെ ഒരു പ്രകാശം പരന്നു. കുട്ടിയെ തൊട്ടതും സിസ്റ്റര്‍ മേരികുട്ടിക്ക് ഷോക്ക് അടിച്ചതു പോലെ തോന്നി. പത്മാവതി അമ്മ ഇതൊന്നും അറിഞ്ഞില്ല. എന്നാല്‍ കുഞ്ഞ് കരയുന്നതിന്ന് പകരം, ഇളം പൈതല്‍ ചിരിക്കുന്ന ശബ്ദം ഉണ്ടാക്കുന്ന മൊബൈല്‍ ടോണ്‍ മാതിരി ചിരിയുടെ ശബ്ദം മുറിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം അവരും കേട്ടു.

അസാധാരണമായ എന്തോ കുഞ്ഞിലുണ്ടെന്ന് ഡോക്ടര്‍ രമയ്ക്കും തോന്നി. അവര്‍ വിവരം വീട്ടിലുള്ള മറ്റുള്ളവരോട് പറഞ്ഞു. ബാലചന്ദ്രന്‍ നായരും മക്കളും വന്ന് കുട്ടിയെ നോക്കി. പക്ഷെ അസ്വഭാവികമായ യാതൊന്നും തന്നെ അവര്‍ക്ക് തോന്നിയില്ല. ഒരു സാധാരണ നവജാത ശിശു.

'അമ്മയുടെ കൂടെ കഴിഞ്ഞ് തനിക്കും ശകലം ബുദ്ധിഭ്രമം തോന്നാന്‍ തുടങ്ങിയൊ ' എന്ന് രവീന്ദ്രന്‍ ഭാര്യയെ കളിയാക്കി.

പിറ്റേന്ന് ഉച്ചക്ക് ഭക്ഷണവുമായി വന്ന വേലക്കാരിയോട്, ഫുട്ബോള്‍ കളിക്കാന്‍ പോയ ഇളയമകന്‍ രമേഷ് വൈകീട്ട് എത്തില്ലേ എന്ന് പത്മാവതി അമ്മ തിരക്കി. അടുത്ത് കിടന്നിരുന്ന കുഞ്ഞ് 'അമ്മേ രമേഷേട്ടന്‍ എത്താന്‍ വളരെ വൈകും. റെയില്‍പാളം തകര്‍ന്നത് കണ്ടിട്ട്ഏട്ടന്‍ വരുന്ന വണ്ടിയുടെ ഡ്രൈവര്‍ വണ്ടി നിറുത്തുകയാണ്. ആര്‍ക്കും ഒരു അപകടവും പറ്റില്ല. അമ്മ പേടിക്കേണ്ട. ഇപ്പോള്‍ ഏട്ടന്‍റെ ഫോണ്‍ വരും 'എന്ന് പറഞ്ഞതായി അവര്‍ക്ക് തോന്നി. കുഞ്ഞ് സംസാരിക്കുന്നത് കേട്ട് പരിഭ്രമിച്ച വേലക്കാരി ' അമ്മേ,ദേവി, രക്ഷിക്കണേ' എന്ന് പറയുന്നതും അവര്‍ കേട്ടു. ആ നിമിഷം തന്നെ അകത്തെ ഫോണ്‍ ശബ്ദിച്ചു. പാളം തകന്നത് കാരണം ട്രെയിന്‍ നിന്നു, എത്താന്‍ വൈകും, ആരും വിഷമിക്കരുത് എന്ന രമേഷിന്‍റെ സന്ദേശമായിരുന്നു അത്. നിരവധി കാലത്തെ പ്രാര്‍ത്ഥന കേട്ട് അടിമക്കാവിലമ്മ തന്‍റെ മകളായി പിറന്നതാണെന്ന് പത്മാവതി അമ്മക്ക് തോന്നി.

മകളാണെങ്കിലും ദേവിയാണല്ലൊ. യഥാവിധി പൂജിക്കണമെന്ന് അവര്‍ക്ക്ഒരു ഉള്‍വിളി ഉണ്ടായി. വേലക്കാരിയോട് കുഞ്ഞിന്‍റെ കാല്‍ക്കല്‍ ചന്ദനത്തിരിയും സാമ്പ്രാണിയും പുകയ്ക്കുവാനും നിലവിളക്ക് കത്തിച്ച് വെക്കാനും അവര്‍ നിര്‍ദ്ദേശം നല്‍കി. അതു പ്രകാരം വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞതും ഡോക്ടര്‍ രമ കയറി വന്നു.

'എന്താ ഈ കാണിക്കുന്നത്' എന്ന് ഡോക്ടറുടെ ചോദ്യത്തിന്ന്, അപ്പോള്‍ നടന്ന സംഭവം വേലക്കാരി വര്‍ണ്ണിച്ചു. പ്രസവ സമയത്ത് താന്‍ ദൃക്സാക്ഷിയായ അസാധാരണ രംഗങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ കുറിച്ച് തന്‍റെ മനസ്സില്‍ രൂപം കൊണ്ട ദൈവീക സങ്കല്‍പ്പം ഒന്നു കൂടി ദൃഡപ്പെടുന്നതായി അവര്‍ക്ക് തോന്നി. ഡോക്ടര്‍ രമ കുഞ്ഞിന്‍റെ കാല്‍ക്കല്‍ നമസ്കരിച്ചു. ആ കൊച്ചു കൈകള്‍ ആശിര്‍വദിക്കാനായി ഉയര്‍ന്നതായി പത്മാവതി അമ്മ കണ്ടു. തന്‍റെ മകളുടെ ചൈതന്യം തിരിച്ചറിഞ്ഞ മരുമകളോട് അവര്‍ക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നി.

ഒരു വൈകുന്നേരം ആസ്പത്രിയില്‍ നിന്ന് കരച്ചില്‍ ഉയര്‍ന്നത് കേട്ട പത്മാവതി അമ്മ, വേലക്കരിയോട് എന്താണെന്ന് അന്വേഷിച്ചുവരാന്‍ പറഞ്ഞു. ഡോക്ടര്‍ രമയോട് അവള്‍ വിവരം തിരക്കി വന്നു. എട്ടു വയസ്സായ ഒരു ബാലന്‍ ആസ്പത്രിയില്‍ മരിക്കാറായി കിടക്കുകയാണ്. അവന്‍റെ അച്ഛനമ്മമാരും ബന്ധുക്കളും കരയുന്നതാണ് കേള്‍ക്കുന്നത്. രക്ഷിക്കാന്‍ പറ്റാത്തതില്‍ ഡോക്ടര്‍ രവീന്ദ്രന്‍ ആകെ വിഷമിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ മകനാണ് ആ കുട്ടി.

ആ ക്ഷണം " അമ്മെ, ഏട്ടന്‍ ഇതുവരെ കുട്ടിക്ക് കൊടുത്ത മരുന്നുകള്‍ എല്ലാം ശരിയാണ്. എന്നാലും അത് പോരാ. ഏട്ടന്‍റെ മുന്നിലുള്ള , അലമാറിയുടെ മുകളിലെ പടിയില്‍ വടക്കെ അറ്റത്തായി ഇരിക്കുന്ന ഇന്‍ജക്ഷന്‍ കുട്ടിക്ക് കൊടുക്കാന്‍ പറയു. ഭേദമാകും ' എന്ന് കുഞ്ഞ് പറഞ്ഞു. അതു പ്രകാരം ചെയ്തതും കുട്ടിക്ക് ആശ്വാസം കിട്ടി. ഡോക്ടര്‍ രവീന്ദ്രന്ന് അതില്‍ സന്തോഷമായെങ്കിലും തന്‍റെ അറിവും കഴിവും കുഞ്ഞ് ചോദ്യം ചെയ്തതായി അയാള്‍ക്ക് തോന്നി.

നാലു ദിവസമായി പത്മാവതി അമ്മ ഭര്‍ത്താവിനെ കണ്ടിട്ട്. രാവിലെ നേരം തന്നെ കാണാന്‍ വന്ന രാജേന്ദ്രനോട് അച്ഛന്‍ എന്താ വരാത്തത് എന്ന് പത്മാവതി അമ്മ ചോദിച്ചു. 'പ്രമാദമായ ഒരു കേസിന്‍റെ വാദം നടക്കുകയാണ്. ജയിക്കാനുള്ള സാദ്ധ്യത കുറവാണ്. കക്ഷികള്‍ വളരെ വേണ്ടപ്പെട്ടവരും. അതിന്‍റെ ടെന്‍ഷനിലാണ് അച്ഛന്‍' എന്ന് മകന്‍ പറഞ്ഞു.

ഇത് കേട്ടതും " അമ്മെ, അച്ഛന്‍ കേസ്സ് വേണ്ടപോലെ പഠിക്കാഞ്ഞിട്ടാണ്. എണ്‍പതില്‍ ഇതുപോലൊരു കേസ്സില്‍ സുപ്രിം കോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. അതൊന്ന് വായിച്ച് നോക്കാന്‍ പറയു. എന്നാല്‍ ജയിക്കും " എന്ന വാക്കുകള്‍ കുട്ടിയുടെ ചുണ്ടില്‍ നിന്നും ഉയര്‍ന്നു. ബാലചന്ദ്രന്‍ നായരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടി നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ സഹായത്തില്‍ കേസ്സ് ജയിച്ചു. പക്ഷെ കുഞ്ഞ് തന്നെ തീരെ കൊച്ചാക്കിയോ എന്ന ഒരു സംശയം അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഉടലെടുത്തു.

നാട്ടില്‍ വമ്പിച്ച വാര്‍ത്ത പ്രാധാന്യം കുഞ്ഞിന്‍റെ പ്രത്യേകതകള്‍ക്ക് നേടാനായി. എന്നാല്‍ വക്കീലിന്നും മക്കള്‍ക്കും നേരില്‍ ബോദ്ധ്യപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ മനസ്സ് വന്നില്ല. പൊടിപ്പും തൊങ്ങലും വെച്ച് പലരും പലതും പറഞ്ഞുണ്ടാക്കി. ജനിക്കുന്ന സമയത്ത് കുഞ്ഞ് ചുവന്ന പട്ട് ഉടുത്ത് കയ്യില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ശൂലം ഏന്തിയിരുന്നുവെന്ന് കണ്ടതു പോലെയാണ് അലക്കുകാരി കാളു പറഞ്ഞത്. അത് വിശ്വസിക്കാനും നാട്ടില്‍ ആളുകള്‍ ഉണ്ടായി. വാര്‍ത്തകള്‍ പ്രചരിക്കുന്നതോടൊപ്പം കുഞ്ഞിനെ കാണാനെത്തുന്ന ആളുകളുടെ എണ്ണം കൂടി. തുടക്കത്തില്‍ ബന്ധുക്കള്‍ മാത്രമാണ് വന്നിരുന്നതെങ്കില്‍ പിന്നീട് നാട്ടുകാരില്‍ പലരും കാണാനെത്തി. പഴം, നാളികേരം, പൂക്കള്‍, ചന്ദനത്തിരി തുടങ്ങിയവയൊക്കെ ആയി ജനം വരാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയതായി വീട്ടുകാര്‍ക്ക് തോന്നി. പത്മാവതി അമ്മ മാത്രം കുഞ്ഞിനെ കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ കുഞ്ഞുമായി എത്താന്‍ താല്‍പ്പര്യം കാട്ടി.

പത്താം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടിയുമായി വന്ന അലക്കുകാരി കാളു, കുഞ്ഞിനെ കാണാനായി നില്‍ക്കുന്ന നിരവധി ആളുകളുടെ സാന്നിധ്യത്തില്‍, പഴവും നാളികേരവും തിരുമുമ്പില്‍ വെച്ച് " ഈ ചെക്കന്‍ പത്താം ക്ലാസ്സ് പരീക്ഷയില്‍ ജയിക്കുമോ" എന്ന് ചോദിച്ചു.

'നന്നായി പഠിച്ചാല്‍ ജയിക്കു ' മെന്ന കുഞ്ഞിന്‍റെ മറുപടി കേട്ട് ജനം ആര്‍ത്ത് ചിരിച്ചു. ' ബാലചന്ദ്രന്‍ വക്കീലിന്‍റെ മകളല്ലേ, വായില്‍ സരസ്വതി കുടിയിരിക്കുന്നുണ്ടാവും ' എന്ന് ആരോ പറയുകയും ചെയ്തു.

ഇതുപോലെ കുഞ്ഞിനോടുള്ള ആരാധന മൂത്ത് ആളുകള്‍ പറയുന്ന പലതും കുടുംബംഗങ്ങള്‍ക്ക് വേദന ഉണ്ടാക്കി. ആസ്പത്രി വരാന്തയില്‍ വെച്ച് ഒരു രോഗിയുടെ ബന്ധു, 'ഈ ചികിത്സ ചിലവൊക്കെ നോക്കുമ്പോള്‍ ഡോക്ടറുടെ അനുജത്തിയെ കണ്ടാല്‍ മതി എന്ന് തോന്നുന്നു. ഇയാള്‍ക്ക് നോക്കാന്‍ നൂറ് രൂപ, മരുന്നിന്ന് പത്തോ അഞ്ഞൂറോ. എന്നിട്ട് ഭേദമാകുമെന്ന് ഉറപ്പുണ്ടോ, അത് ഇല്ല. കുട്ടിക്കാണെങ്കില്‍ ഒരു ചീര്‍പ്പ് പഴം വാങ്ങി മുമ്പില്‍ വെച്ച് തൊഴുതാല്‍ സമാധാനം കിട്ടും ' എന്ന് പറഞ്ഞത് ഡോക്ടറെ ചൊടിപ്പിച്ചു. താരതമ്യം ചെയ്തുള്ള ഓരോ വാക്കും വക്കീലിന്നും മക്കള്‍ക്കും അസഹനീയമായി മാറി .

അസഹിഷ്ണുതയുടെ വിത്തുകള്‍ മുളപൊട്ടാന്‍ പിന്നേയും കാരണങ്ങള്‍ പലതും ഉണ്ടായി. സ്വന്തം വീട്ടിലെ ഒരംഗത്തില്‍ നിന്നും താഴ്ത്തികെട്ടിക്കൊണ്ടുള്ള പരാമര്‍ശം ഉണ്ടാകുന്നത് ആര്‍ക്കാണ് ക്ഷമിക്കാന്‍ പറ്റുക. ഒരു ദിവസം അത്താഴത്തിന്ന് എല്ലാവരും പതിവു പോലെ ഒന്നിച്ച് കൂടിയതാണ്. അന്നേരത്താണ് രമേഷ് അത് പറഞ്ഞത്. 'ഇന്ന് ഞാന്‍ എല്ലാവരുടേയും ജോലിസ്ഥലത്ത് വന്ന് നോക്കി. രഘുവേട്ടന്‍റെ ഓഡിറ്റ് ഓഫീസില്‍ വന്നത് എട്ടുപേര്‍. അച്ഛനും രാജേട്ടനും കൂടി കക്ഷികള്‍ ഇരുപതുപേര്‍. രമചേച്ചിയെ കാണാന്‍ വന്നത് ഇരുപത്തഞ്ച് പേഷ്യന്‍റ്സ്. രവിയേട്ടനു മാത്രം നാല്‍പ്പത്തഞ്ച് രോഗികള്‍. എല്ലാവരുടേയും കൂടി നൂറില്‍ താഴെ ജനം. എന്നാല്‍ ഇന്ന് കുഞ്ഞുമോളെ കാണാന്‍ വന്നത് നാനൂറിലേറെ ആളുകള്‍. നാളെ ഒരു ഉണ്ടിക പാത്രം അവളുടെ മുന്നില്‍ വെച്ചാല്‍ മതി. ഇത്രയും കാലം നിങ്ങളൊക്കെ കൂടി സമ്പാദിച്ചതിനേക്കാള്‍ വലിയ തുക ഒരാഴ്ചകൊണ്ട് കുഞ്ഞുമോള്‍ ഉണ്ടാക്കും.

"എന്നാല്‍ നീ ഒരു ഭസ്മപ്പെട്ടിയും എടുത്ത് അവളുടെ കൂടെ ഇരുന്നോ, സ്വന്തമായി വേലയും തൊഴിലും ഇല്ലാത്തവന്‍ നീ മാത്രമാണല്ലൊ" എന്നും പറഞ്ഞ് ഭക്ഷണം മതിയാക്കി ഡോക്ടര്‍ രവീന്ദ്രന്‍ കൈ കഴുകാന്‍ എഴുന്നേറ്റു പോയി.

കുഞ്ഞിന്‍റെ ഉത്ഭവത്തോടെ തന്‍റെ കുടുംബത്തിന്‍റെ കെട്ടുറപ്പ് നഷ്ടപ്പെട്ടതായി പത്മാവതി അമ്മക്ക് ബോദ്ധ്യമായി. പഴയ കളിയും ചിരിയും ഒക്കെ എന്നോ ഇല്ലാതായി. വീട്ടിനകത്ത് മനസ്സ് തുറന്നുള്ള വര്‍ത്തമാനം പോലും കുറഞ്ഞു. രമേഷും ഡോക്ടര്‍ രമയും വല്ലപ്പോഴും വന്ന് എന്തെങ്കിലും പറയാറുള്ളത് മാത്രമാണ് ഏക സമാധാനം. വേറെ വല്ല ദിക്കിലുമാണ് ഈ കുട്ടി ജനിച്ചതെങ്കില്‍ അത് വലിയ ഭാഗ്യമായി ആ വീട്ടുകാര്‍ കരുതുമായിരുന്നു. ഇവിടുത്തെ ആളുകള്‍ കനകം കിട്ടിയത് കരിക്കട്ടപോലെ കണക്കാക്കുന്നു. ഗദ്ഗദം അവരുടെ തൊണ്ടയില്‍ കുടുങ്ങി നിന്നു. അപ്രിയമായ സത്യങ്ങള്‍ കുഞ്ഞിന്‍റെ വായില്‍ നിന്ന് വീണു തുടങ്ങിയതോടുകൂടി ഗൃഹാന്തരീക്ഷം കൂടുതല്‍ വഷളായി.

ഡോക്ടര്‍ രമയുടെ അകന്ന ഒരു ബന്ധു സൌഹൃദ സന്ദര്‍ശനത്തിന്ന് വന്നതായിരുന്നു. കൂടെ വന്നിരുന്ന പെണ്‍കുട്ടിക്ക് വിളര്‍ച്ച ഉള്ള കാര്യം വര്‍ത്തമാനത്തിന്നിടെ അവര്‍ സൂചിപ്പിച്ചു. ഡോക്ടര്‍ രവീന്ദ്രന്‍ കുട്ടിയെ നോക്കി എന്തോ മരുന്ന് കുറിച്ചുകൊടുത്തു. അവര്‍ പോയശേഷം മറ്റെന്തൊക്കെയോ സംസാരിക്കുന്ന കൂട്ടത്തില്‍ മരുമകള്‍ അമ്മായി അമ്മയോട് ആ വിവരവും പറഞ്ഞു.

' അത് വേണ്ടാ കേട്ടോ, ആ കുട്ടിയെ ഏട്ടന്‍ ഇപ്പോള്‍ ചികിത്സിക്കാന്‍ തുടങ്ങരുത്. അതിന്‍റെ ജീവിതം കഴിയാറായി. ഏട്ടന്‍ വെറുതെ ചീത്തപ്പേര് വരുത്തേണ്ടാ ' എന്ന് കുഞ്ഞ് പറഞ്ഞപ്പോള്‍ ഇരുവരും ഭയപ്പെട്ടു. രമ ഭര്‍ത്താവിനോട് വിവരം പറഞ്ഞു.

'പിന്നെ അവളാണല്ലൊ ദൈവം. എനിക്ക് നിശ്ചയമുണ്ട് എന്ത് ചെയ്യണംന്ന്. എന്നെ ആരും വല്ലാതെ ഉപദേശിക്കരുത്. എന്‍റെ തൊഴിലില്‍ ഇടപെടുകയുമരുത്. 'എന്നു പറഞ്ഞ് രവീന്ദ്രന്‍ ചീറി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് തീരെ വയ്യ എന്ന് പറഞ്ഞ് ബന്ധു എത്തി. വീണ്ടും പരിശോധന, മരുന്ന് നിര്‍ദ്ദേശിക്കല്‍ എന്നിവ ആയി. നാലഞ്ച് ആവര്‍ത്തി കഴിഞ്ഞപ്പോള്‍ കുട്ടിയുടെ നില വഷളായി. ആസ്പത്രിയില്‍ കിടന്ന് കുട്ടി മരിച്ചു. ചികിത്സിച്ച് കുട്ടിയെ കൊന്നല്ലോ എന്ന് പറഞ്ഞാണ് അവര്‍ പോയത്. അതോടെ രവീന്ദ്രന്ന് കുഞ്ഞിനോട് ഒടുങ്ങാത്ത പകയായി.

ജയിക്കുമെന്ന് ഉറപ്പായ കേസ്സ് തോറ്റതും ഇതുപോലെ കുഞ്ഞ് പ്രവചിച്ച ശേഷമാണ്.

'താനൊക്കെ ഏത് കോത്താഴത്തെ വക്കീലാണെടോ. പണം എണ്ണി വാങ്ങാന്‍ മാത്രം പഠിച്ചാല്‍ പോരാ. കേസ്സ് വാദിച്ച് ജയിക്കാനും അറിയണം. അതിന്ന് വയ്യെങ്കില്‍ വീട്ടില്‍ ഇപ്പോള്‍ ഒരു കുട്ടി ഉണ്ടായിട്ടില്ലേ, അതിനെ പോയി കളിപ്പിക്ക്. 'എന്ന് പരസ്യമായി കോടതി പരിസരത്ത് വെച്ച് കക്ഷി പറഞ്ഞത് വക്കീലിനെ വേദനിപ്പിച്ചു. കോടതിയില്‍ നിന്നും വന്ന വക്കീല്‍ ബാലചന്ദ്രന്‍ നായര്‍ രോഷത്തോടെ പത്മാവതി അമ്മയുടെ മുറിയില്‍ കയറി.

'എന്തിനെങ്കിലും ഇറങ്ങുമ്പോഴേക്കും തുടങ്ങും ശകുനം മുടക്കുന്ന വര്‍ത്തമാനം പറയാന്‍. ഇനി എന്തെങ്കിലും ഇതിന്‍റെ വായില്‍ നിന്നും വീണാല്‍ തൂക്കി പിടിച്ച് ചന്തിക്ക് ഞാന്‍ നാല് പെട കൊടുക്കും' എന്ന് അലറി.

പത്മാവതി അമ്മ അന്ന് ആദ്യമായി മകളുടെ പാദങ്ങളില്‍ നമസ്കരിച്ച് ' അമ്മയുടെ മനസ്സമാധാനത്തിന്ന് വേണ്ടി ഇനി ഒന്നും പറയരുതേ ' എന്ന് പ്രാര്‍ത്ഥിച്ചു.

സര്‍വ്വ ശക്തയായ മകള്‍ എങ്ങിനെ പ്രതികരിക്കുംഎന്ന് ആര്‍ക്കറിയാം.

0 comments:

Sunday, February 13, 2011

14. ഓര്‍മ്മതെറ്റ് പോലെ - നോവലിനെ കുറിച്ച്.

Friday, October 1, 2010

ഓര്‍മ്മതെറ്റ് പോലെ എന്ന പേരില്‍ ഞാന്‍ പ്രസിദ്ധീകരിച്ചു വരുന്ന നോവലിനെക്കുറിച്ച് ശ്രി. ഷെറീഫ് കൊട്ടാരക്കര അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ' നമ്മളില്‍ ഒരാള്‍ ' എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ടതായ വിവരം ശ്രി. രാജഗോപാല്‍ ആണ് എന്നെ ഇ. മെയിലിലൂടെ അറിയിച്ചത്. ഇതിന്ന് മുമ്പ് ശ്രി. കോട്ടോട്ടിക്കാരന്‍ അദ്ദേഹത്തിന്‍റെ കല്ലുവെച്ച നുണ എന്ന ബ്ളോഗില്‍ ' പാലക്കാട്ടേട്ടന്‍റെ ബ്ലോഗ് ' എന്ന പേരില്‍ ഇതിനെ സംബന്ധിച്ച ഒരു പോസ്റ്റ് ഇട്ടിരുന്നു.

ഞാന്‍ ഷെറീഫ് സാറിന്‍റെ ബ്ലോഗ് വായിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി. ഒരു അഭിപ്രായം എഴുതണം എന്ന് കരുതുകയും ചെയ്തു. അന്ന് തിരക്കുള്ള ദിവസമായിരുന്നു. ഒരു ആവശ്യത്തിന്ന് വേണ്ടി മൂന്ന് നാല് പേരെ എനിക്ക് കാണേണ്ടി വന്നു. രണ്ട് മീറ്റിങ്ങുകളില്‍ സംബന്ധിച്ചു. രണ്ടാം വിളയ്ക്ക് കലര്‍പ്പില്ലാത്ത കുറെ വിത്ത് സംഭരിച്ചു. നൂറിലേറെ കിലോമീറ്റര്‍ യാത്രയും ചെയ്തു. വൈകുന്നേരമായപ്പോഴേക്കും തീരെ വയ്യ. ബ്ളോഗില്‍ കമന്‍റ് എഴുതുന്നത് പിറ്റേന്നെക്ക് ആക്കി.

പക്ഷെ നമ്മള്‍ വിചാരിച്ച മാതിരി സംഭവിക്കാറില്ലല്ലോ. അര്‍ദ്ധരാത്രി ആവുമ്പോഴേക്ക് പനിയും വിറയലും തുടങ്ങി. ഒരു പാരസെറ്റ്മോളിലും ഒരു ഗ്ലാസ്സ് ചുക്കുവെള്ളത്തിലും ചികിത്സ ഒതുക്കി മൂടി പുതച്ച് കിടന്നു. പിറ്റേന്ന് കാലത്ത് കുറച്ച് കൂടി അവശത തോന്നി. അടുത്തുള്ള ഡോക്ടറെ കാണിച്ചു. അദ്ദേഹം ഒരു ഇഞ്ചക്ഷന്‍ തന്നു. ക്ലിനിക്കില്‍ നിന്ന് വെളിയിലിറങ്ങിയതും ഛര്‍ദ്ദിച്ചു.

വൈകുന്നേരമാവുമ്പോഴേക്കും തീരെ വയ്യാ. എന്നെ വേറൊരു ഡോക്ടറുടെ അടുത്ത് എത്തിച്ചു. ഉടനെ ഏതെങ്കിലും ആസ്പത്രിയില്‍ എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞതോടെ വാഹനം പാലക്കാട്ടേക്ക് തിരിച്ചു. രാത്രി ഒമ്പത് മണിക്ക് ആസ്പത്രിയില്‍. അങ്ങിനെ എട്ട് ദിവസത്തിനകം മൂന്നാമത്തെ ആസ്പത്രി വാസം തുടങ്ങി. കടുത്ത പനി, തലവേദന,ചര്‍ദ്ദി എന്നിവയ്ക്കൊപ്പം വിറയലും. ചുണ്ടുകളും വായയും ജലാംശം നഷ്ടപ്പെട്ട് വെടിക്കുന്നത് പോലെ. മുഖം ഒരു വശത്തേക്ക് കോടുന്നത് മാതിരി.

പരിശോധന അത്യാഹിത വിഭാഗത്തില്‍ വെച്ചായിരുന്നു. രക്തസമ്മര്‍ദ്ധം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ശരീരത്തില്‍ പല ഭാഗത്തും റബ്ബര്‍ ചുറ്റിക വെച്ച് കൊട്ടി നോക്കുന്നു, കാലിന്നടിയില്‍ എന്തോ സാധനം കൊണ്ട് കോറുന്നു, എന്തെല്ലാമോ കുത്തി കേറ്റുകയും രക്തം കുത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. പുലര്‍ച്ചയോടെ എന്നെ ഒരു മുറിയില്‍ കിടത്തി.

വേദനയുടേയും മയക്കത്തിറേയും ഇടയില്‍ ചിലപ്പോഴോക്കെ ഞാന്‍ എന്നെ തന്നെ മറന്നു. കഥാപാത്രങ്ങളും സംഭവങ്ങളും എന്നെ തിരഞ്ഞെത്തി. അത് അങ്ങിനെയാണ്. മനസ്സില്‍ നിന്ന് അല്‍പ്പ നേരം മാറി നിന്നാല്‍ മതി. മേല്‍പ്പറഞ്ഞതൊക്കെ കണ്‍മുമ്പിലെത്തും.

ഇപ്പോള്‍ വേണു സ്വപനം കാണുകയാണ്. അപരിചിതമായ പല ഇടങ്ങളിലൂടെ അയാള്‍ നടക്കുന്നു. തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും , വെട്ട് കല്ലില്‍ തീര്‍ത്ത മതിലുകളും , മനയ്ക്കലെ കുളവും അയാള്‍ കാണുകയാണ്. വെള്ളാരന്‍ കല്ലുകളും മണലും നിറഞ്ഞ അടിഭാഗത്തിന്ന് മുകളില്‍ തെളിഞ്ഞ വെള്ളം. കുളത്തിന്‍റെ നടുവിലൊരു ആമ്പല്‍പൂവ് വിരിഞ്ഞ് നില്‍പ്പുണ്ട്. മേല്‍ത്തട്ടില്‍ എഴുത്തശ്ശന്‍ ചാതികള്‍ വരയ്ക്കുന്ന വൃത്തങ്ങളെ തെളിനീരിന്നടിയിലൂടെ നീന്തുന്ന ചെറുമീനുകള്‍ അനക്കുന്നില്ല.

ഇപ്പോള്‍ ഫ്രെയിം മാറുന്നു. തീരെ ചെറിയൊരു പുഴയിലൂടെ അയാള്‍ നടക്കുകയാണ്. അതിലെ വെള്ളവും തെളിഞ്ഞതാണ്. ക്രമേണ വെള്ളത്തിന്‍റെ നിറം ചുവപ്പായി തുടങ്ങി. ഒടുവിലത് തീര്‍ത്തും രക്തമായി. വേണു കാണുന്നതെല്ലാം ചുവപ്പ് നിറം പൂണ്ടു. ഇതേക്കുറിച്ച് അയാള്‍ കൂട്ടുകാരോട് സംസാരിക്കുന്നുണ്ട്.

' ചോപ്പ് സ്വപ്നം കണ്ടാല്‍ ചോര കാണേണ്ടി വരും ' നാണു നായര്‍ പറഞ്ഞു. ആ നേരത്ത് സിസ്റ്റര്‍ എത്തി.

' ഗ്ലൂക്കോ മീറ്ററില്‍ തൊടീക്കാന്‍ ഇത്തിരി ചോര എടുക്കുന്നുണ്ട് '. ഇടത്തേ ചൂണ്ടു വിരലില്‍ സൂചി തുളഞ്ഞ് കേറി. പഞ്ഞി വെച്ച് ഒപ്പുന്നതിന്ന് മുമ്പ് ഞാന്‍ വിരലൊന്ന് നോക്കി. ഒരു തുള്ളി ചോര നില്‍പ്പുണ്ട്.

വരാനിരിക്കുന്ന ഒരു അദ്ധ്യായം ഞാന്‍ നേരില്‍ കണ്ടു. ഇതേ മാതിരി കണ്ട മറ്റൊരു രംഗം.

വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിന്‍റെ വശത്ത് വലിയൊരു കുളം. തൊട്ടടുത്ത് വലിയൊരു ആല്‍ത്തറയില്‍ അധികം വലുപ്പമില്ലാത്ത ആല്‍മരം. മഞ്ഞ മുറിക്കയ്യന്‍ ഷര്‍ട്ടും നരച്ച പാന്‍റും ധരിച്ച ഒരു വൃദ്ധന്‍ നടന്ന് വരുന്നു. സമൃദ്ധിയായി വളര്‍ന്ന് നില്‍ക്കുന്ന നരച്ച തലമുടി മിക്കവാറും ചെമ്പിച്ചിട്ടുണ്ട്. ഞാറ്റ് കണ്ടത്തില്‍ മുള പൊട്ടി നില്‍ക്കുന്നത് മാതിരിയുള്ള താടി രോമം മുഖത്ത് നിറഞ്ഞിരിക്കുന്നു. തണലത്ത് നില്‍ക്കാതെ അയാള്‍ പോവുന്നു.

' എവിടേക്കാ പോണത് ' എതിരെ വന്ന ആള്‍ ചോദിക്കുന്നു.

' ടൌണ്‍ വരെ ഒന്ന് പോണം '.

' അതിന്ന് ഇവിടെ നിന്നാല്‍ പോരെ. ബസ്സ് ഇവിടെ നിര്‍ത്തി തര്വോലോ '.

' പത്തടി നടന്നാല്‍ സ്കൂള്‍ പടി ആയില്ലേ. അവിടുന്ന് ബസ് ചാര്‍ജ്ജ് അമ്പത് പൈസ കുറവുണ്ട് . അത്രെ ഉള്ളൂ എന്‍റെ കയ്യില്‍ '.

' കാശില്ലെങ്കില്‍ ഞാന്‍ തരാം '.

' വേണ്ടാ, ഇന്ന് വരെ ആരടെ മുമ്പിലും കയ്യ് നീട്ടീട്ടില്ല. അത് കൂടാതെ കഴിക്കണം എന്നാ മോഹം '.

' പോയിട്ട് പ്രത്യേകിച്ച് '.

' ഗോപാലകൃഷ്ണന്‍ നായരെ ഒന്ന് കാണണം. ഇത്തിരി കാശ് വാങ്ങണം '.

' അതെന്താ അപ്പൊ കടം അല്ലേ '.

' അല്ല. നല്ല കാലത്ത് കഷ്ടപ്പെട്ട് ഒരു പാട് സമ്പാദിച്ചു. അത് കൈകാര്യം ചെയ്യാന്‍ കുടുംബം വേണംന്ന് തോന്നീലാ. വയസ്സായപ്പോള്‍ നാട്ടില്‍ കൂടാമെന്ന് കരുതി. ഇവിടെ വന്നപ്പോഴോ ? ബന്ധുക്കളെന്ന് പറഞ്ഞ് എത്തിയവര്‍ ഉള്ളതെല്ലാം കൊത്തിപ്പറിച്ചു. ഇങ്ങിനെ പോയാല്‍ വൈകാതെ പിച്ചപ്പാള എടുക്കും എന്നായപ്പോള്‍ ഉള്ള കാശ് ഗോപാലകൃഷ്ണന്‍ നായരെ ഏല്‍പ്പിച്ചു. വേണ്ട സമയത്ത് അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലും . ആവശ്യം ഉള്ളത് പലിശ കാശില്‍ നിന്ന് വാങ്ങും. ബാക്കി അദ്ദേഹം മുതലിനോടൊപ്പം ഇടും. ഞാന്‍ കൊടുത്തതിലും കൂടുതല്‍ പണം ഇപ്പോള്‍ എന്‍റെ പേരില്‍ ബാങ്കിലുണ്ട് '.

എഴുതാന്‍ തുടങ്ങുന്ന നോവലിലെ കഥാപാത്രമാണ് ആ വൃദ്ധന്‍. ഇതാണ് എഴുതുന്ന രീതി.

' ഓര്‍മ്മതെറ്റ് പോലെ ' എന്ന നോവലിലെ ഒരു വരി പോലും എഴുതി തയ്യാറാക്കിയിട്ടില്ല. കുറിപ്പുകളും ഉണ്ടാക്കിയിട്ടില്ല. കഥാതന്തു മനസ്സിലുണ്ട്. ബാക്കിയെല്ലാം അപ്പപ്പോള്‍ മനസ്സിലെത്തും. അത്രതന്നെ.

ഈ നോവലിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ട ശ്രി. ഷെറീഫ് സാറിനോട് എനിക്കുള്ള കടപ്പാര്‍ ഏറെയാണ്. അഭിപ്രായങ്ങള്‍ അറിയിച്ച് പ്രോത്സാഹനം നല്‍കിയ എല്ലാവര്‍ക്കും നന്ദി.

7 comments:

sherriff kottarakara said...

പോസ്റ്റ് ഇന്നാണു വായിക്കാന്‍ സമയം കിട്ടിയതു. കഥാ പാത്രം നമ്മളെ പിന്തുടര്‍ന്നാല്‍ അതിനു അര്‍ഥം കഥ തന്തു നമ്മില്‍ പൂര്‍ണമായി അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു എന്നാണു. പിന്നീടു എപ്പോള്‍ ആവശ്യമുള്ളപ്പോള്‍ കറന്നെടുത്താല്‍ മതിയെന്നാണു. താങ്കള്‍ ഇപ്പോല്‍ആ സ്ഥിതിയിലാണു.ഭാവുകങ്ങള്‍.
ഓ.ടോ. പനി പരിപൂര്‍ണമായി ഭേദപ്പെടാന്‍ പ്രാര്‍ഥിക്കുന്നു.

keraladasanunni said...

സ്രി. ഷെറിഫ്,

അഭിപ്രായം വായിച്ചു. പ്രോത്സാഹനങ്ങള്‍ക്കും
പ്രാര്‍ത്ഥനയ്ക്കും നന്ദി.

ജീ . ആര്‍ . കവിയൂര്‍ said...

ഏട്ടനാണെന്നു എന്ന്
സ്വയം പറയുവാന്‍
കഴിയുന്നൊരു പാലക്കാട്ടെട്ടന്റെ
മനസ്സു ഞാന്‍ തോട്ടറിഞ്ഞേ
പലവുരു അറിഞ്ഞു ഞാന്‍
''എന്‍ ഓര്‍മ്മ തെറ്റുകള്‍ ''
വീണ്ടുമാ ലിഖിത കാവ്യം പോലെ

keraladasanunni said...

പ്രിയപ്പെട്ട കവിയൂര്‍ജി,

കവിത വയിച്ചു. വലരെ സന്തോഷം തോന്നി. സ്നേഹത്തിന്ന് വില കല്‍പ്പിക്കുന്ന കവി മനസ്സിന്ന് പ്രണാമം.

സ്നെഹത്തോടെ,
പാലക്കാട്ടേട്ടന്‍ .

poor-me/പാവം-ഞാന്‍ said...

പനി വിടപറഞൊ? കഥാ പനിയൊ?

ramanika said...

പൂര്‍ണ ആരോഗ്യവാനായി വീണ്ടും ബൂലോകത്ത് തുടരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

keraladasanunni said...

poor- me.പാവം - ഞാന്‍,

ramanika,

ആശംസകള്‍ക്ക് നന്ദി.

13. രണ്ടാം പിറന്നാള്‍.

Tuesday, August 10, 2010

ഇന്ന് 2010 ആഗസ്റ്റ് 10. രണ്ട് കൊല്ലം മുമ്പ് ഇതേ ദിവസമാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്.

മാണിക്കന്‍ എന്ന വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത ഒരു ഗ്രാമീണ യുവാവും അയാളുടെ കൂട്ടുകാരനായ ഒരു ഉദ്യോഗാര്‍ത്ഥിയും കഥാപാത്രങ്ങളായിട്ടുള്ള കഥയുമായാണ് തുടക്കം. അവരിലൂടെ വികസിച്ച കഥ പിന്നീട് മുപ്പതിലേറെ ഭാഗങ്ങളില്‍ എത്തി.

മാണിക്കന്‍ എന്ന കഥാപാത്രത്തെ കുറെയേറെ പേര്‍ ഇഷ്ടപ്പെട്ടു. മാണിക്കനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ചിലര്‍ എഴുതുകയുണ്ടായി. അയാളെ പരിചയപ്പെടണമെന്ന് താല്‍പ്പര്യപ്പെട്ടവരും ഉണ്ട്.

ഇതിനിടെ ആറ് പതിറ്റാണ്ട് പിന്നിട്ട എന്‍റെ ജീവിതത്തിലെ അനുഭവങ്ങള്‍ കുറിപ്പുകളായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. മാണിക്കന്‍ കഥകളും അനുഭവക്കുറിപ്പുകളുമായി ബ്ലോഗ്ഗിങ്ങ് തുടരുമ്പോഴാണ് ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പ് കുറെ എഴുതി നിര്‍ത്തിയ നോവലിനെ കുറിച്ച് ഓര്‍ക്കുന്നത്. അന്നത്തെ കയ്യെഴുത്ത് പ്രതി എന്നോ നഷ്ടപ്പെട്ടിരുന്നു. ഈ കാര്യം ഞാന്‍ എന്‍റെ ബന്ധുവായ ശ്രീ. രാജഗോപാലിനോട് പറയുകയുണ്ടായി. അദ്ദേഹത്തിന്‍റെ പ്രോത്സാഹനത്തോടെ ' ഓര്‍മ്മത്തെറ്റ് പോലെ ' എന്ന പേരില്‍ ആ നോവല്‍ ഞാന്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് തുടങ്ങി. എണ്‍പത്താറ് അദ്ധ്യായങ്ങള്‍ ഇതിനകം പ്രസിദ്ധപ്പെടുത്തി. നോവല്‍ ഏതാണ്ട് അവസാനിക്കാറായി.

മാണിക്കന്‍ കഥകള്‍ വീണ്ടും എഴുതണമെന്ന് പലരും പറയുന്നുണ്ട്. നോവല്‍ അവസാനിപ്പിച്ചതും അത് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നു.' ഓര്‍മ്മത്തെറ്റ് പോലെ ' എന്ന നോവലിന്ന് രണ്ടാം ഭാഗം കൂടിയുണ്ട്. അത് എഴുതണം. കൂടാതെ മറ്റൊരു നോവലിന്‍റെ കഥാതന്തുവും മനസ്സിലിരിപ്പുണ്ട്. പ്രായം ഒരു വിലങ്ങു തടിയാണ്. അല്‍പ്പസ്വല്‍പ്പം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും കണക്കിലെടുക്കാതെ എഴുത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നു.

ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ മനസ്സിലുള്ളതൊക്കെ വെളിച്ചം കാണും.

കഴിഞ്ഞ കാലത്ത് പലരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇനിയും അത്തരം പ്രോത്സാഹനങ്ങള്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

14 comments:

ഞാന്‍ : Njan said...

പിറന്നാള്‍ ആശംസകള്‍.. കൂടുതല്‍ എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..

the man to walk with said...

All The Best ..
Keep going..

keraladasanunni said...

ആശംസകള്‍ക്ക് നന്ദി.

ശ്രീനാഥന്‍ said...

പിറന്നാളാശംസകൾ! ആയുരാരോഗ്യസൌഖ്യങ്ങൾ നേരുന്നു!

ജയിംസ് സണ്ണി പാറ്റൂര്‍ said...

എന്റെ ബ്ലോഗിലെത്തുന്നതിനു മുമ്പ് ഞാനിവിടെ
വരേണ്ടതായിരുന്നു. നോവല്‍ പുസ്തകമാക്കണം.
താങ്കളുടെ ഇച്ഛാശക്തി പുതിയ എഴുത്തുകാര്‍ക്ക്
വഴികാട്ടിയാണ് .

keraladasanunni said...

ശ്രീനാഥന്‍,
ആശംസകള്‍ക്ക് നന്ദി.

ജയിംസ് സണ്ണി പാറ്റൂര്‍,
നോവല്‍ പുസ്തകമാക്കണമെന്നുണ്ട്. ഒന്നു രണ്ടു പേര്‍ സമീപിക്കുകയും ചെയ്തു.

ramanika said...

വര്‍ഷങ്ങള്‍ പലതും കഴിയട്ടെ പലക്കാട്ടെട്ടന്‍ ഇവിടെ തുടരട്ടെ!

Keep going..

keraladasanunni said...

ramanika,

ആശംസകള്‍ക്ക് വളരെ നന്ദി.

Palakkattettan.

Nanam said...

ആദിയമായി പിറനാള്‍ ആശംഷകള്‍ നേരുന്നു ഇനിയും വളരെ വര്‍ഷങ്ങള്‍ തുടര്‍ന്നും എഴുതാന്‍ സര്‍വശക്തന്‍ അനുഗ്രഹികട്ടേ
ഓര്മതെറ്റ്പോലെയെന്ന നോവല്‍ ഇതുവരെയുള്ള എല്ല അദിയാങ്ങളും വായിച്ചു. വളരെ നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ

keraladasanunni said...

സുഹൃത്തെ, അനുമോദനങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി.

Thommy said...

:)

keraladasanunni said...

Thommy,

നന്ദി.

ഹംസ said...

രണ്ടാം പിറന്നാളിനു എന്‍റെ എല്ലാവിധ ആശംസകളും

jyo said...

ആശംസകള്‍