Sunday, February 13, 2011

1. പുകയിലയുടെ ഉല്‍പ്പത്തി.

Friday, July 31, 2009


ശ്രി.കുറുമാന്‍, സരസ്വതി കശുവണ്ടി ഉണ്ടാക്കിയതിനെ കുറിച്ച് എഴുതിയ പോസ്റ്റില്‍ നിന്നും പ്രചോദനം കിട്ടി വളരെ മുമ്പ് കേട്ടിട്ടുള്ള ഒരു കഥ അവതരിപ്പിക്കുകയാണ്.

സൃഷ്ടി കര്‍മ്മത്തിന്‍റെ തിരക്കുകള്‍ കാരണം കണവന്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന സരസ്വതിയുടെ പരാതി ഒഴിവാക്കാനായി , മൂപ്പത്ത്യാര്‍ ഒറ്റക്ക് എവിടെ പോവാനൊരുങ്ങിയാലും സമ്മതം നല്‍കാമെന്ന് ബ്രഹ്മാവ് നിശ്ചയിച്ചിരുന്ന സമയം. ഒരു ഗൂഡ് മോര്‍ണിങ്ങില്‍ ദേവി ഭര്‍ത്താവിനോട് താനും മഹാലക്ഷ്മിയും പാര്‍വതിയും കൂടി സൈറ്റ് സീയിങ്ങിന്ന് വനത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായും ആയതിന് പെര്‍മിഷന്‍ നല്‍കണമെന്നും അരപ്പായ കടലാസില്‍ എഴുതി ഒപ്പിട്ട് നാന്മുഖന്‍റെ സമക്ഷത്തിലേക്ക് സമര്‍പ്പിക്കുകയുണ്ടായി. ' എവിടെ വേണമെങ്കിലും പോയി പണ്ടാരമടങ്ങിക്കോ 'എന്ന് മനസ്സില്‍ നിരൂപിക്കുകയും ' ശരി , പോയിട്ട് വരൂ ' എന്ന് പുഞ്ചിരിയോടെ ബ്രഹ്മന്‍ പറയുകയും ചെയ്തു.

മൂന്ന് പേരും കൂടി പ്ലാന്‍ അനുസരിച്ച് ഫ്ലാസ്കില്‍ ചായയും ടിഫിന്‍ ബോക്സില്‍ സ്നാക്സുമായി വനത്തിലെത്തി. കുറച്ച് നേരം പൂക്കളേയും പക്ഷികളേയും നോക്കി നിന്ന് മടുത്തപ്പോള്‍ ഒരു മരചുവട്ടില്‍ ഇരുന്നു. സംഭാഷണം പുതിയ വെറൈറ്റി പട്ട് സാരികളിലേക്കും പവന്‍റെ വിലയിലേക്കും കടന്നപ്പോള്‍ സമയം പോയത് അറിഞ്ഞില്ല. പെട്ടെന്ന് സരസ്വതിക്ക് പരിസരബോധം വന്നു. ' അയ്യോ, ഇരുട്ടായല്ലോ ' എന്ന് ഉറക്കെ പറയുകയും ' ഇനി നമ്മള്‍ എങ്ങിനേയാ പോവുക ' എന്ന് മറ്റുള്ളവരോട് ചോദിക്കുകയും ചെയ്തു. അവര്‍ക്ക് ലവലേശം പരിഭ്രമം ഇല്ല.

' അതേയ്, ഞാന്‍ ഒരു കൂവളത്തില പറിച്ച് മേലോട്ട് ഇട്ടാല്‍ ശ്രീപരമേശ്വരന്‍ ആ നിമിഷം എന്‍റെ മുന്നിലെത്തും' എന്ന് പാര്‍വതി മൊഴിഞ്ഞു.

' പിന്നെ എനിക്കാ പേടി, ഒരു തുളസിയില ഞാന്‍ ഇടേണ്ട താമസം വിഷ്ണു ഭഗവാന്‍ എന്‍റെ അരികിലെത്തും ' എന്നായി മഹാലക്ഷ്മി. പാവം സരസ്വതി. തനിക്ക് മാത്രം ഇത്തരം സൌഭാഗ്യം ഇല്ലല്ലോ എന്ന് ദേവി മനസാ വിലപിച്ചു. ഏതായാലും കൂട്ടുകാരികളും കാന്തന്മാരും കൂടി അവരെ ബ്രഹ്മന്‍റെ അടുത്ത് എത്തിച്ചു.

ദേവി കയറി ചെല്ലുമ്പോള്‍ ബ്രഹ്മന്‍ ഹോമം ചെയ്യുകയാണ്.മനസ്സിലുള്ള ദേഷ്യം മുഴുവന്‍ ദേവി ഭര്‍ത്താവില്‍ ചൊരിഞ്ഞു.

' വലിയ സൃഷ്ടികര്‍ത്താവാണത്രേ, പാര്‍വതിക്ക് കൂവളത്തിലയുണ്ട്. ലക്ഷ്മിക്ക് തുളസിയിലയുണ്ട്. എനിക്ക് അങ്ങിനെ വല്ലതും ഉണ്ടോ '. കലി തുള്ളിക്കൊണ്ട് സരസ്വതി നടന്ന വൃത്താന്തം ഭര്‍ത്താവിനെ അറിയിച്ചു.

' ഇതിനാ താനിത്ര കിടന്ന് ചൂടാവുന്നത്, ക്ഷമിക്കെടോ ' എന്നും പറഞ്ഞ് ഹോമത്തില്‍ നിന്നും ഉയര്‍ന്ന പുക ആവാഹിച്ച് ബ്രഹ്മാവ് ഒരു ഇല ഉണ്ടാക്കി. അതാണ് പുകയില.

ഇനി ഉല്‍പ്പന്നം ചിലവഴിക്കണമല്ലോ. എന്താ വഴി എന്ന് ഇരുവരും ചേര്‍ന്ന് ഗൌരവത്തില്‍ ആലോചിക്കുമ്പോള്‍ അതാ നാരദന്‍ വരുന്നു. ' എന്താ അച്ഛാ പ്രോബ്ലം ' എന്ന് മഹര്‍ഷി ചോദിച്ചു. ലേറ്റസ്റ്റ് പ്രോഡക്റ്റ് എങ്ങിനെ മാര്‍ക്കറ്റ് ചെയ്യണം വില്‍പ്പനയുടെ ചുമതല ആരെ ഏല്‍പ്പിക്കണം എന്നൊക്കെ ആലോചിക്കുകയാണെന്ന് പിതാവ് മകനോട് പറഞ്ഞു.

' ഇത്രയേ ഉള്ളൂ, വെരി സിമ്പിള്‍ ' നാരദന്‍ പറഞ്ഞു ' മാര്‍ക്കറ്റിങ്ങ് എന്നെ ഏല്‍പ്പിക്കുക, കമ്മിഷന്‍ നിശ്ചയിക്കുക. കാര്യം ഞാന്‍ പൂക്കുറ്റിപോലെയാക്കാം.'

അച്ഛനും മകനും ആണെങ്കിലും കാര്യങ്ങള്‍ നിയമം അനുസരിച്ച് തന്നെ ആവാമെന്നായി. അമ്പത് രൂപ സ്റ്റാമ്പ് പേപ്പറില്‍ സരസ്വതി എഗ്രിമെന്റ് ടൈപ്പ് ചെയ്ത് വന്നു. ഉഭയകക്ഷികളും സാക്ഷികളും ഒപ്പിട്ടു. അങ്ങിനെ നാരദര്‍ ഔദ്യോദികമായി പുകയില വില്‍പ്പനയുടെ ചുമതല ഏറ്റു.

അദ്ദേഹം ആദ്യം ചെന്നത് കൈലാസത്തിലാണ്. എന്തോ ആ നേരത്ത് ശിവന്‍ സ്വല്‍പ്പം മൂഡ് ഓഫ് ആയിരുന്നു. നാരദര്‍ ഭഗവാനെ വണങ്ങി, പുകയില പൊടിച്ചു മൂക്കുപ്പൊടിയാക്കി. അതില്‍ നിന്ന് ശകലം ദേവന് കൊടുത്തു. സംഗതി വലിച്ച് കേറ്റിയതോടെ ശിവന്ന് എന്തെന്നില്ലാത്ത ഉന്മേഷം . ' തന്‍റെ കച്ചോടം വെച്ചടി കേറും ' എന്ന് അദ്ദേഹം അനുഗ്രഹം നല്‍കി.

പിന്നീട് നാരദന്‍ ചെന്നത് വൈകുണ്ഡത്തിലേക്ക് ആയിരുന്നു.വിഷ്ണു ഭഗവാന്‍ തണുത്ത് ഇരിക്കുകയാണ്.

' അങ്ങയുടെ ഉത്തമ ഭക്തനായ ഞാന്‍ തണുപ്പ് അകറ്റാന്‍ പറ്റിയ ഒരു സാധനം നല്‍കാ'മെന്ന് പറഞ്ഞ് പുകയില ചുരുട്ടി കൂട്ടി, തീ പിടിപ്പിച്ച് കൊടുത്തു. രണ്ട് പുക കയറിയതോടെ ആള്‍ ഉഷാര്‍. തന്‍റെ വ്യാപാരം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടണമെന്ന് അനുഗ്രഹിക്കണമെന്നായി നാരദന്‍.

ഭഗവാന്‍ കൈകള്‍ ഉയര്‍ത്തി. ' നാരദാ, മഹേശ്വരന്‍ സംതൃപ്തി പ്രകടിപ്പിച്ചതിനാലും, നാമും പ്രീതനായതിനാലും എല്ലാ ദേവന്മാര്‍ക്കും ഭൂമിയിലെ നല്ല മനുഷ്യര്‍ക്കും മാത്രമെ ഇത് ഉപയോഗിക്കാനാകൂ എന്ന വ്യ്വസ്ഥയില്‍ ഈ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇറക്കിയതായി നാം പ്രഖ്യാപിക്കുന്നു '.

അങ്ങിനെ പുകയില ലോകത്തില്‍ പ്രചരിച്ചു.

7 comments:

ramanika said...

pukayila engane marketil vannu ennu ee postilude arinju
kollam!

chithrakaran:ചിത്രകാരന്‍ said...

ച്ഛേ ഛേ.... എല്ലാം നശിപ്പിച്ചൂല്ലോ... !!!
ഉല്‍പ്പത്തീന്നാണോ പറയ്യാ !! ത്രിമൂത്രികള്‍ നസ്രാണികളായിരുന്നോ... ???
പുകയില പുരാണം ന്ന് ന്വാം തലക്കെട്ട് തിരുത്തിയിരിക്കുന്നു !
ക്ഷമിക്ക്യ... ഭംഗിയായി എഴുതീരിക്കുന്നു.അസ്സലായിരിക്ക്ണു ട്ട്വാ.

keraladasanunni said...

ramanika,ചിത്രകാരന്‍ വളരെ നന്ദി. സര്‍വ്വതും പുരാണവും മാഹാത്മ്യവും ആയി നാമകരണം ചെയ്തു കാണുന്നതിനാല്‍ ഇട്ട പേരാണ്. അത്ര അങ്ങിട്ട് ചിന്തിച്ചതുമില്ല. നിര്‍ദ്ദേശം നൂറ്' ശതമാനം അംഗീകരിക്കുന്നു.
സ്നേഹത്തോടെ
palakkattettan

lakshmy said...

ഭൂമിയിലെ നല്ല മനുഷ്യര്‍ക്കും മാത്രമെ ഇത് ഉപയോഗിക്കാനാകൂ എന്ന വ്യ്വസ്ഥയില്‍ ഈ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇറക്കിയതായി നാം പ്രഖ്യാപിക്കുന്നു

ഈ നല്ല മനുഷ്യരു പുകച്ചു വിടുന്ന പുക കാരണം ചീത്ത മനുഷ്യർക്കു വഴിയിൽ കൂടി നടക്കാൻ വയ്യാതായിരിക്കുന്നു
കൊള്ളാം കെട്ടോ കഥ. ഇതു പോലുള്ള രസകരമായ കഥകൾ ഇനിയും പോരട്ടേ

keraladasanunni said...

ലക്ഷ്മി, നന്ദി.
തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം.
palakkattettan.

raj said...

ദേവന്മാരില്‍ നിന്നാണല്ലോ ഇന്ന് മനുഷ്യരുടെ ഇടയ്ക്കു ഇന്ന് കാണുന്ന എല്ലാ ദുസ്വഭാവങ്ങള്‍ക്കും തുടക്കം. , സുരാപാനം കാബറെ ഡാന്‍സ് (artists ഉര്‍വശി രംഭ തിലോത്തമ, ഏഷണി - നാരദര്‍) ഇപ്പോള്‍ മനസ്സിലായി ധൂമ്ര പാനത്തിനും മൂല ഹേതു ബ്രഹ്മ ദേവന്റെ ഒരു സൃഷ്ടിയാണെന്ന്. എല്ലാം ഭൂമിയിലെ "നല്ല" മനുഷ്യര്‍ക്ക്‌ വരദാനമായി കൊടുത്തിരിക്കുകയാണ്. ഈ കഥ വായിച്ചു എന്റെ ശ്രീമതി ഒരു അഭിപ്രായം പറഞ്ഞത് പ്രസക്തമാണെന്നു തോന്നി. പുകയിലക്ക് പകരം ഒരു പകരം താമരയില സരസ്വതി ദേവിക്ക് കൊടുത്തു കുടുംബ കലഹം ഒഴിവാക്കാമായിരുന്നു ബ്രഹ്മാവിന്.

keraladasanunni said...

raj, വളരെ നന്ദി.അന്നേരം കയ്യില്‍ കിട്ടിയതുകൊണ്ട് പടച്ച് വിട്ടതല്ലേ?
palakkattettan

No comments:

Post a Comment