Sunday, February 13, 2011

10. ചുമ്മാ ഒരു ഉപദേശം.

Saturday, March 13, 2010

ആര്‍ക്കും ആരേയും ഉപദേശിക്കാം. എങ്ങിനെ വേണമെങ്കിലും ഉപദേശിക്കാം. എന്തും ഉപദേശിക്കാം. അതിന്ന് ചിലവൊന്നുമില്ലല്ലോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെങ്കിലും അന്നു കേട്ട ഉപദേശം ഇന്നും എന്‍റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

കാലത്ത് ഓഫീസിലേക്ക്പോകുന്ന പോക്കില്‍ മക്കളെ സ്കൂളില്‍ എത്തിക്കുന്ന പതിവുണ്ടായിരുന്നു. രണ്ടാമന്‍ തീരെ ചെറിയ കുട്ടിയായിരുന്ന കാലം . അവന്‍റെ കയ്യും പിടിച്ച് റോഡിലൂടെ നടക്കും. മൂത്തവന്‍ ഒപ്പം വരും. പിന്നെ അല്‍പ്പ ദൂരം റെയിലിന്‍റെ ഓരത്തു കൂടെയാണ്നടപ്പ്. ഓവര്‍ബ്രിഡ്ജിന്നടിയിലൂടെ ചെന്ന് വീണ്ടും റോഡിലേക്ക് കയറിയാല്‍ സ്കൂളായി.

ഒരു ദിവസം പതിവ് പോലെ ഞങ്ങള്‍ പോകുമ്പോള്‍ ഓവര്‍ ബ്രിഡ്ജിന്നടിയില്‍ ഒരു ബഹളം. പറളി സ്റ്റേഷനില്‍ നിന്ന് ലിങ്ക്എക്സ്പ്രസ്സ് നീങ്ങി തുടങ്ങിയതും പത്തിരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ റെയിലില്‍ തല വെച്ച് കിടന്നു. റെയില്‍വെ ലൈനില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാര്‍ ആ കാഴ്ച കണ്ടതും കമ്പിപ്പാരയും ഷവലും ഒക്കെ ഉപേക്ഷിച്ച് ഓടി ചെന്ന്അവനെ എഴുന്നേല്‍പ്പിച്ചു. വണ്ടി കടന്നു പോയി. എല്ലാവരും അവനെ ശകാരിക്കുകയാണ്. ആരോ കൈനീട്ടം ഒരെണ്ണം കൊടുത്തു .

റെയില്‍വെ പണിക്കാരേയും ആത്മഹത്യക്ക് ശ്രമിച്ചവനേയും ഞങ്ങളേയും കൂടാതെ ഓവര്‍ബ്രിഡ്ജിന്ന് സമീപത്തുള്ള പടവുകള്‍ ഇറങ്ങി അപ്പോള്‍ അവിടെ എത്തിയ ഒരു ചെറുപ്പക്കാരനും സ്ഥലത്തുണ്ട്. അയാള്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയാണ്.

ഞാന്‍ അയാളെ ശ്രദ്ധിച്ചു. വെള്ള ഷര്‍ട്ടും, കറുപ്പ് നിറത്തിലുള്ള പാന്‍റും. കാലില്‍ ഷൂ. കയ്യില്‍ ചെറിയൊരു കറുത്ത ബാഗ്.

' സാറേ, വണ്ടിക്ക് തല വെക്കാന്‍ എന്തിന്‍റെ കേടാണ് ഇവന്ന്. തണ്ടും തടിയും ഇല്ലേ. പണിയെടുത്ത് ജീവിച്ചൂടെ. ഒന്ന് പറഞ്ഞ് കൊടുക്കിന്‍ ഇവന് ' ഒരു ജോലിക്കാരന്‍ ഞങ്ങളോട്പറഞ്ഞു.

മരിക്കാന്‍ ശ്രമിച്ചവന്‍ തല താഴ്ത്തി നില്‍ക്കുന്നു. യാതൊരു വികാരവും ആ മുഖത്ത് കാണാനില്ല. അവനോട് എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍ കുഴങ്ങി. എന്ത് പറഞ്ഞാണ് മരിക്കാനുള്ള ഉദ്ദേശത്തില്‍ നിന്ന് ആ മനുഷ്യനെ പിന്‍തിരിപ്പിക്കുക. ഞാന്‍ ആലോചനകളില്‍ മുഴുകിയിരിക്കുന്ന സമയത്താണ് ചെറുപ്പക്കാരന്‍റെ വായില്‍ നിന്നും വാക്കുകള്‍ അടര്‍ന്നു വീണത്.

' എടോ ' അയാള്‍ മരിക്കാന്‍ ശ്രമിച്ചവനോട് പറഞ്ഞു ' താന്‍ നേരെ ഈ റെയിലിന്‍റെ ഓരത്ത് കൂടി പടിഞ്ഞാറോട്ട് നടക്ക്. രണ്ട് കിലോമീറ്റര്‍ ചെല്ലുമ്പോഴേക്കും അടുത്ത ട്രാക്കില്‍ വേറൊരു ട്രെയിന്‍ വരും. അതിന്‍റെ മുമ്പില്‍ കേറി നിന്നാല്‍ മതി. അവിടെ തടയാനൊന്നും ആരും ഉണ്ടാവില്ല. മന സമാധാനത്തോടെ മരിച്ചോ. '

ഇതു പറഞ്ഞ് ട്രാക്കും റോഡും കടന്ന് വടക്ക് ഭാഗത്തേക്കുള്ള വരമ്പിലൂടെ അയാള്‍ നടന്നു പോയി. ഒരക്ഷരം പറയാനാവാതെ ഞങ്ങള്‍ അവിടെ മിഴിച്ചു നിന്നു.


10 comments:

കൂതറHashimܓ said...

ഓഹ്......

ശ്രീ said...

ചില നേരത്ത് ചിലരുടെ പ്രവൃത്തി കണ്ടാല്‍ എങ്ങനെ പ്രതികരിയ്ക്കും എന്ന് പറയാനാകില്ല.

ആ രണ്ടാമത്തെ ചെറുപ്പക്കാരന്റെ അപ്പോഴത്തെ ഭാവം എന്തായിരുന്നു എന്ന് മാഷ് ഇവിടെ പറഞ്ഞിട്ടില്ല. അയാള്‍ പുച്ഛത്തോടെ പറഞ്ഞതാണോ അതോ...

മരിയ്ക്കാന്‍ ശ്രമിച്ച ചെറുപ്പക്കാരന് പിന്നീട് എന്ത് സംഭവിച്ചു ?

എറക്കാടൻ / Erakkadan said...

ഇതെന്തൂട്ട്‌ മനുഷ്യന്മാരാ അവര​‍്‌

keraladasanunni said...

Hashim,

നന്ദി.

ശ്രീ,
പത്തിരുപത്തഞ്ച് വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്- അയാള്‍. യാതൊരു ഭാവഭേദവും കൂടാതെ വളരെ കൂളായി അതും പറഞ്ഞ് തിരിഞ്ഞു നോക്കാതെ അയാള്‍ പോയി. റെയില്‍വെ പണിക്കാര്‍ പിരിവെടുത്ത് കുറച്ച് കാശും കൊടുത്ത് മരിക്കാന്‍ ശ്രമിച്ചവനെ പാലക്കാട്ടേക്ക് ബസ്സ് കേറ്റി വിട്ടു.

എറക്കാടന്‍,
ഇങ്ങിനേയും ചിലരുണ്ട്.

ramanika said...

ഈ ഉപദേശം കൊള്ളാമല്ലോ .....
അടിയുടെ കുറവുണ്ട് ഉപദേശിക്ക്

കൂതറHashimܓ said...

ഒരു കാര്യം,
മുകളില്‍ ramanika പറയുന്നു ‘അടിയുടെ കുറവുണ്ട് ഉപദേശിക്ക്’
മരിക്കാന്‍ ശ്രമിച്ചവന്‍, അല്ല ശ്രമിക്കുന്നവര്‍ മിക്കവാരും സെന്റിമെന്‍സ് ഇഷ്ട്ടപെടുന്നവര്‍ ആയിരിക്കും, അവനോട് ‘അയ്യോ മോനേ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ’ എന്ന സഹതാപത്തോടെയുള്ള സംസാരം അവന്റെ സ്വഭാവത്തെ കൂടുതല്‍ ചീത്തയാക്കുകയേ ചെയ്യൂ, ചെയ്യരുതു എന്നു പറയുന്നതു ചെയ്യാനാ എല്ലാവര്‍ക്കും താല്പര്യം.

അതു കൊണ്ട് ഉപദേഷം കൊടുത്ത ചെറുപ്പക്കാരന്‍ ചെയ്തത് തന്നേയാണ് എനിക്ക് ശരിയായി തോന്നിയത്

raj said...

മരിക്കുവാന്‍ തീരുമാനിച്ചു ഉറപ്പിച്ചവനെ പിന്തിരിപ്പിക്കുവാന്‍ കാരണം അന്വേഷിച്ചു അതിനൊരു പ്രതിവിധി കണ്ടെത്തുകയാണ് ചെയ്യേണ്ടത് . അതിനു സമയമില്ലെങ്കില്‍ പിന്നെ ആരുടേയും ശല്യം കൂടാതെ എങ്ങിനെ മരിക്കാം എന്ന് ഉപദേശിക്കുകയാണ് നല്ലത്.പ്രായോഗികമായ ഉപദേശം.

സുമേഷ് | Sumesh Menon said...

enikkum aa cheruppakkaaran cheythathu shariyaayittaanu thonnunnathu..
haashiminte abhipraayathodu yojikkunnu..

ഹംസ said...

കൂതറ പറഞ്ഞതാ ശരി. ചാവാന്‍ പോവുന്നവനെ തടുത്താല്‍ അതു അവനു ആവേശം കൂട്ടും പോയി ചാവടാ എന്നു പറഞ്ഞാല്‍ അവനു ചിലപ്പോള്‍ അതില്‍ നിന്നും പിന്മാറും .

keraladasanunni said...

ramanika,
Hashim ,
raj,
Sumesh Menon,
Hamsa.


ഈ വിവരം പറഞ്ഞപ്പോള്‍ രണ്ട് വിധത്തിലുള്ള അഭിപ്രായവും പറഞ്ഞ സുഹൃത്തുക്കളുണ്ട്.സഹിക്ക
വയ്യാത്ത വിഷമതകള്‍ ഉള്ളവരെ മരിക്കാന്‍
തയ്യാറാവൂ എന്നും അവരോട് സഹാനുഭൂതി കാണിക്കണമെന്നും ചിലര്‍ പറഞ്ഞപ്പോള്‍ ട്രെയിന്‍
പുറപ്പെട്ട ഉടനെ റെയില്‍വെ ജീവനക്കാര്‍ കാണുന്ന സ്ഥലത്ത് റെയിലില്‍ തല വെച്ച് കിടന്നത് അനുകമ്പ പിടിച്ച് പറ്റാനായിരിക്കുമെന്നും അങ്ങിനെ ചെയ്തതിന്ന് ഇത്തരത്തിലുള്ള മറുപടി നന്നായെന്നും മറ്റു ചിലര്‍
പറഞ്ഞു.

No comments:

Post a Comment