Sunday, February 13, 2011

11. അറുപത്തിയൊന്ന്.

Wednesday, April 14, 2010

ഇന്നലെ ( 13.04.2010 ) രാത്രി. ഐ. പി. എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് നിലം പരിശാക്കുമെന്ന് ഉറപ്പായതോടെ ഞാന്‍ കിടക്കാന്‍ എഴുന്നേറ്റു. ഒരു അത്ഭുതത്തിനും കൊല്‍ക്കത്തയെ രക്ഷിക്കാനാവില്ല. ഫലം ഉറപ്പായ കളി കാണുന്നതില്‍ കാര്യമില്ല. വ്യക്തിഗത മികവുകള്‍ കണ്ടിരിക്കാമെന്നു മാത്രം. മൂത്തമകന്‍ ഉറക്കമായി കഴിഞ്ഞു. രണ്ടാമന്‍ കമ്പ്യൂട്ടറിനോട് സല്ലപിച്ചിരിക്കുകയാണ്. കളി തീര്‍ന്ന് സമ്മാന ദാനം കഴിഞ്ഞേ കിടക്കൂ എന്ന മട്ടില്‍ ചെറിയ മകന്‍ ഇരിപ്പുണ്ട്. ഞാന്‍ അവര്‍ക്ക് ശുഭരാത്രി നേര്‍ന്നു.

ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ എന്തോശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു. മഴ ചാറിക്കൊണ്ടിരിക്കുന്നു. നല്ല മിന്നല്‍ ഉണ്ട്. എഴുന്നേറ്റു ചെന്ന് ടെലിവിഷനും രണ്ട് കമ്പ്യൂട്ടറുകളും ഫ്രിഡ്ജും വൈദ്യുതി ബന്ധത്തില്‍ നിന്ന് വേര്‍പെടുത്തി.

ഉറക്കം വരുന്നില്ല. ' ഓര്‍മ്മതെറ്റ് പോലെ ' എന്ന നോവലിന്‍റെ അറുപത്തി ഒന്നാമത്തെ അദ്ധ്യായം എഴുതി തീര്‍ന്നത് ഇന്നാണ്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നോവല്‍ രചിക്കാന്‍ തുടങ്ങിയ സമയത്ത് മനസ്സില്‍ കടന്നു കൂടിയ ഒരു കല്‍പ്പിത കഥ ഈ അദ്ധ്യായത്തില്‍ ഉള്‍ക്കൊള്ളിക്കാനായതിലുള്ള സന്തോഷം ഉള്ളിലുണ്ട്.

വേറൊരു മിത്തു കൂടി ഈ അദ്ധ്യായത്തില്‍ ഉണ്ടായാലോ എന്നൊരു തോന്നല്‍ മനസ്സിലെത്തി. അതിന്‍റെ സാദ്ധ്യതകളെ കുറിച്ച് ഓര്‍ത്തോര്‍ത്ത് കിടക്കുമ്പോള്‍ കഥയുടെ ചുരുളഴിഞ്ഞു തുടങ്ങി.

കിട്ടുണ്ണി മാഷ് രാധക്ക് ആ കഥ പറഞ്ഞു കൊടുക്കുകയാണ്. അയാളുടെ വാക്കുകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. ആ വര്‍ണ്ണനയില്‍ ഞാന്‍ ലയിച്ചു കിടന്നു.

ജനാലയിലൂടെ ഒരു പ്രകാശം അകത്ത് എത്തിയോ എന്നൊരു സംശയം. രണ്ടാമതും വെളിച്ചം കണ്ടപ്പോള്‍ ഞാന്‍ തലയുയര്‍ത്തി നോക്കി. ആരോ ടോര്‍ച്ചുമായി ജനാലക്കരികില്‍ നില്‍ക്കുന്നു.

' ആരെടാ അവിടെ ' ഞാന്‍ ഒച്ച വെച്ചു. പ്രകാശം അതോടെ ഇല്ലാതായി.

ഞാന്‍ സുന്ദരിയേയും മക്കളേയും വിളിച്ചുണര്‍ത്തി. പുറത്തെ ലൈറ്റുകള്‍ മുഴുവനും തെളിയിച്ചു. കയ്യില്‍ ആയുധങ്ങളും ടോര്‍ച്ചുകളുമായി ഞങ്ങള്‍ പുറത്തിറങ്ങി. വീടും പരിസരവും മുഴുവന്‍ അരിച്ചു പെറുക്കി. അവിടെയെങ്ങും ഒരു മനുഷ്യ ജീവിയില്ല. ഞങ്ങള്‍ ഉണര്‍ന്നു എന്ന് ബോദ്ധ്യമായതോടെ വന്ന ആള്‍ സ്ഥലം വിട്ടതായിരിക്കണം.

എല്ലാവരും തിരിച്ച് അകത്ത് കയറി. പുറത്തെ വിളക്കുകളെല്ലാം കെടുത്തി , വാതിലുകളെല്ലാം പൂട്ടി. ഞാന്‍ ക്ലോക്കില്‍ നോക്കി. സമയം പുലര്‍ച്ചെ മൂന്നര.
ഈ വിഷു പുലരിയില്‍ എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

3 comments:

raj said...

"കിട്ടുണ്ണി മാഷ് രാധക്ക് ആ കഥ പറഞ്ഞു കൊടുക്കുകയാണ്. അയാളുടെ വാക്കുകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. ആ വര്‍ണ്ണനയില്‍
ഞാന്‍ ലയിച്ചു കിടന്നു."

ഈ രണ്ടു വരികളാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. ഇങ്ങനെയാണ് വേണ്ടത്. കഥാപാത്രങ്ങള്‍ പറയുന്നത് എഴുത്തുകാരന്‍ കേള്‍ക്കണം. അവരുടെ മാനസിക വ്യാപാരങ്ങള്‍ സ്വാശീകരിക്കണം. അങ്ങിനെ എഴുതുമ്പോഴാണ് കൃതി മഹത്തരമാകുന്നത്.

സുമേഷ് | Sumesh Menon said...

മാഷേ, എടുത്തു ചാടി എഴുതിയേക്കല്ലേ, കഥാപാത്രങ്ങള്‍ മനസ്സില്‍ സംഘര്‍ഷം ഉണ്ടാക്കിക്കൊള്ളട്ടെ, ഒടുവില്‍ എഴുതിയെ തീരൂ, അല്ലാതെ നിര്‍വ്വാഹമില്ലാ എന്നൊരു വീര്‍പ്പുമുട്ടല്‍ വരുമ്പോള്‍ എഴുതിത്തുടങ്ങൂ... വളരെ നന്നാവും... ആശംസകള്‍.. കൂടെ വിഷുദിനാശംസകളും...

എന്നാലും വിഷുദിവസം തന്നെ വെളുപ്പാന്‍കാലത്ത് ഒരുത്തന്‍ വന്നു ടോര്‍ച്ചടിച്ചതെന്തിനായിരിക്കും??

keraladasanunni said...

raj,

സുമേഷ് /Sumesh Menon ,

ഞാന്‍ സ്വപ്നം കണ്ടതാണെന്നും അല്ലാതെ കക്കാന്‍
വന്ന ആരും ടോര്‍ച്ച് അടിച്ച് നോക്കുകയില്ലെന്നും
വീട്ടുകാരി പറഞ്ഞു നോക്കി. പക്ഷെ അവന്‍ നാലര
മണിക്ക് അടുത്ത വീട്ടിലും ചെന്ന് ടോര്‍ച്ച് അടിച്ചു നോക്കിയെന്നും അവര്‍ ഉണര്‍ന്ന് ദേഷ്യപ്പെട്ടപ്പോള്‍ നന്നായി ഒന്ന് ചിരിച്ചിട്ട് തിരിച്ച് പോയീ എന്നും
പിന്നീടാണ് അറിയുന്നത്.
Palakkattettan.

No comments:

Post a Comment