Sunday, February 13, 2011

14. ഓര്‍മ്മതെറ്റ് പോലെ - നോവലിനെ കുറിച്ച്.

Friday, October 1, 2010

ഓര്‍മ്മതെറ്റ് പോലെ എന്ന പേരില്‍ ഞാന്‍ പ്രസിദ്ധീകരിച്ചു വരുന്ന നോവലിനെക്കുറിച്ച് ശ്രി. ഷെറീഫ് കൊട്ടാരക്കര അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ' നമ്മളില്‍ ഒരാള്‍ ' എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ടതായ വിവരം ശ്രി. രാജഗോപാല്‍ ആണ് എന്നെ ഇ. മെയിലിലൂടെ അറിയിച്ചത്. ഇതിന്ന് മുമ്പ് ശ്രി. കോട്ടോട്ടിക്കാരന്‍ അദ്ദേഹത്തിന്‍റെ കല്ലുവെച്ച നുണ എന്ന ബ്ളോഗില്‍ ' പാലക്കാട്ടേട്ടന്‍റെ ബ്ലോഗ് ' എന്ന പേരില്‍ ഇതിനെ സംബന്ധിച്ച ഒരു പോസ്റ്റ് ഇട്ടിരുന്നു.

ഞാന്‍ ഷെറീഫ് സാറിന്‍റെ ബ്ലോഗ് വായിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി. ഒരു അഭിപ്രായം എഴുതണം എന്ന് കരുതുകയും ചെയ്തു. അന്ന് തിരക്കുള്ള ദിവസമായിരുന്നു. ഒരു ആവശ്യത്തിന്ന് വേണ്ടി മൂന്ന് നാല് പേരെ എനിക്ക് കാണേണ്ടി വന്നു. രണ്ട് മീറ്റിങ്ങുകളില്‍ സംബന്ധിച്ചു. രണ്ടാം വിളയ്ക്ക് കലര്‍പ്പില്ലാത്ത കുറെ വിത്ത് സംഭരിച്ചു. നൂറിലേറെ കിലോമീറ്റര്‍ യാത്രയും ചെയ്തു. വൈകുന്നേരമായപ്പോഴേക്കും തീരെ വയ്യ. ബ്ളോഗില്‍ കമന്‍റ് എഴുതുന്നത് പിറ്റേന്നെക്ക് ആക്കി.

പക്ഷെ നമ്മള്‍ വിചാരിച്ച മാതിരി സംഭവിക്കാറില്ലല്ലോ. അര്‍ദ്ധരാത്രി ആവുമ്പോഴേക്ക് പനിയും വിറയലും തുടങ്ങി. ഒരു പാരസെറ്റ്മോളിലും ഒരു ഗ്ലാസ്സ് ചുക്കുവെള്ളത്തിലും ചികിത്സ ഒതുക്കി മൂടി പുതച്ച് കിടന്നു. പിറ്റേന്ന് കാലത്ത് കുറച്ച് കൂടി അവശത തോന്നി. അടുത്തുള്ള ഡോക്ടറെ കാണിച്ചു. അദ്ദേഹം ഒരു ഇഞ്ചക്ഷന്‍ തന്നു. ക്ലിനിക്കില്‍ നിന്ന് വെളിയിലിറങ്ങിയതും ഛര്‍ദ്ദിച്ചു.

വൈകുന്നേരമാവുമ്പോഴേക്കും തീരെ വയ്യാ. എന്നെ വേറൊരു ഡോക്ടറുടെ അടുത്ത് എത്തിച്ചു. ഉടനെ ഏതെങ്കിലും ആസ്പത്രിയില്‍ എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞതോടെ വാഹനം പാലക്കാട്ടേക്ക് തിരിച്ചു. രാത്രി ഒമ്പത് മണിക്ക് ആസ്പത്രിയില്‍. അങ്ങിനെ എട്ട് ദിവസത്തിനകം മൂന്നാമത്തെ ആസ്പത്രി വാസം തുടങ്ങി. കടുത്ത പനി, തലവേദന,ചര്‍ദ്ദി എന്നിവയ്ക്കൊപ്പം വിറയലും. ചുണ്ടുകളും വായയും ജലാംശം നഷ്ടപ്പെട്ട് വെടിക്കുന്നത് പോലെ. മുഖം ഒരു വശത്തേക്ക് കോടുന്നത് മാതിരി.

പരിശോധന അത്യാഹിത വിഭാഗത്തില്‍ വെച്ചായിരുന്നു. രക്തസമ്മര്‍ദ്ധം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ശരീരത്തില്‍ പല ഭാഗത്തും റബ്ബര്‍ ചുറ്റിക വെച്ച് കൊട്ടി നോക്കുന്നു, കാലിന്നടിയില്‍ എന്തോ സാധനം കൊണ്ട് കോറുന്നു, എന്തെല്ലാമോ കുത്തി കേറ്റുകയും രക്തം കുത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. പുലര്‍ച്ചയോടെ എന്നെ ഒരു മുറിയില്‍ കിടത്തി.

വേദനയുടേയും മയക്കത്തിറേയും ഇടയില്‍ ചിലപ്പോഴോക്കെ ഞാന്‍ എന്നെ തന്നെ മറന്നു. കഥാപാത്രങ്ങളും സംഭവങ്ങളും എന്നെ തിരഞ്ഞെത്തി. അത് അങ്ങിനെയാണ്. മനസ്സില്‍ നിന്ന് അല്‍പ്പ നേരം മാറി നിന്നാല്‍ മതി. മേല്‍പ്പറഞ്ഞതൊക്കെ കണ്‍മുമ്പിലെത്തും.

ഇപ്പോള്‍ വേണു സ്വപനം കാണുകയാണ്. അപരിചിതമായ പല ഇടങ്ങളിലൂടെ അയാള്‍ നടക്കുന്നു. തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും , വെട്ട് കല്ലില്‍ തീര്‍ത്ത മതിലുകളും , മനയ്ക്കലെ കുളവും അയാള്‍ കാണുകയാണ്. വെള്ളാരന്‍ കല്ലുകളും മണലും നിറഞ്ഞ അടിഭാഗത്തിന്ന് മുകളില്‍ തെളിഞ്ഞ വെള്ളം. കുളത്തിന്‍റെ നടുവിലൊരു ആമ്പല്‍പൂവ് വിരിഞ്ഞ് നില്‍പ്പുണ്ട്. മേല്‍ത്തട്ടില്‍ എഴുത്തശ്ശന്‍ ചാതികള്‍ വരയ്ക്കുന്ന വൃത്തങ്ങളെ തെളിനീരിന്നടിയിലൂടെ നീന്തുന്ന ചെറുമീനുകള്‍ അനക്കുന്നില്ല.

ഇപ്പോള്‍ ഫ്രെയിം മാറുന്നു. തീരെ ചെറിയൊരു പുഴയിലൂടെ അയാള്‍ നടക്കുകയാണ്. അതിലെ വെള്ളവും തെളിഞ്ഞതാണ്. ക്രമേണ വെള്ളത്തിന്‍റെ നിറം ചുവപ്പായി തുടങ്ങി. ഒടുവിലത് തീര്‍ത്തും രക്തമായി. വേണു കാണുന്നതെല്ലാം ചുവപ്പ് നിറം പൂണ്ടു. ഇതേക്കുറിച്ച് അയാള്‍ കൂട്ടുകാരോട് സംസാരിക്കുന്നുണ്ട്.

' ചോപ്പ് സ്വപ്നം കണ്ടാല്‍ ചോര കാണേണ്ടി വരും ' നാണു നായര്‍ പറഞ്ഞു. ആ നേരത്ത് സിസ്റ്റര്‍ എത്തി.

' ഗ്ലൂക്കോ മീറ്ററില്‍ തൊടീക്കാന്‍ ഇത്തിരി ചോര എടുക്കുന്നുണ്ട് '. ഇടത്തേ ചൂണ്ടു വിരലില്‍ സൂചി തുളഞ്ഞ് കേറി. പഞ്ഞി വെച്ച് ഒപ്പുന്നതിന്ന് മുമ്പ് ഞാന്‍ വിരലൊന്ന് നോക്കി. ഒരു തുള്ളി ചോര നില്‍പ്പുണ്ട്.

വരാനിരിക്കുന്ന ഒരു അദ്ധ്യായം ഞാന്‍ നേരില്‍ കണ്ടു. ഇതേ മാതിരി കണ്ട മറ്റൊരു രംഗം.

വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിന്‍റെ വശത്ത് വലിയൊരു കുളം. തൊട്ടടുത്ത് വലിയൊരു ആല്‍ത്തറയില്‍ അധികം വലുപ്പമില്ലാത്ത ആല്‍മരം. മഞ്ഞ മുറിക്കയ്യന്‍ ഷര്‍ട്ടും നരച്ച പാന്‍റും ധരിച്ച ഒരു വൃദ്ധന്‍ നടന്ന് വരുന്നു. സമൃദ്ധിയായി വളര്‍ന്ന് നില്‍ക്കുന്ന നരച്ച തലമുടി മിക്കവാറും ചെമ്പിച്ചിട്ടുണ്ട്. ഞാറ്റ് കണ്ടത്തില്‍ മുള പൊട്ടി നില്‍ക്കുന്നത് മാതിരിയുള്ള താടി രോമം മുഖത്ത് നിറഞ്ഞിരിക്കുന്നു. തണലത്ത് നില്‍ക്കാതെ അയാള്‍ പോവുന്നു.

' എവിടേക്കാ പോണത് ' എതിരെ വന്ന ആള്‍ ചോദിക്കുന്നു.

' ടൌണ്‍ വരെ ഒന്ന് പോണം '.

' അതിന്ന് ഇവിടെ നിന്നാല്‍ പോരെ. ബസ്സ് ഇവിടെ നിര്‍ത്തി തര്വോലോ '.

' പത്തടി നടന്നാല്‍ സ്കൂള്‍ പടി ആയില്ലേ. അവിടുന്ന് ബസ് ചാര്‍ജ്ജ് അമ്പത് പൈസ കുറവുണ്ട് . അത്രെ ഉള്ളൂ എന്‍റെ കയ്യില്‍ '.

' കാശില്ലെങ്കില്‍ ഞാന്‍ തരാം '.

' വേണ്ടാ, ഇന്ന് വരെ ആരടെ മുമ്പിലും കയ്യ് നീട്ടീട്ടില്ല. അത് കൂടാതെ കഴിക്കണം എന്നാ മോഹം '.

' പോയിട്ട് പ്രത്യേകിച്ച് '.

' ഗോപാലകൃഷ്ണന്‍ നായരെ ഒന്ന് കാണണം. ഇത്തിരി കാശ് വാങ്ങണം '.

' അതെന്താ അപ്പൊ കടം അല്ലേ '.

' അല്ല. നല്ല കാലത്ത് കഷ്ടപ്പെട്ട് ഒരു പാട് സമ്പാദിച്ചു. അത് കൈകാര്യം ചെയ്യാന്‍ കുടുംബം വേണംന്ന് തോന്നീലാ. വയസ്സായപ്പോള്‍ നാട്ടില്‍ കൂടാമെന്ന് കരുതി. ഇവിടെ വന്നപ്പോഴോ ? ബന്ധുക്കളെന്ന് പറഞ്ഞ് എത്തിയവര്‍ ഉള്ളതെല്ലാം കൊത്തിപ്പറിച്ചു. ഇങ്ങിനെ പോയാല്‍ വൈകാതെ പിച്ചപ്പാള എടുക്കും എന്നായപ്പോള്‍ ഉള്ള കാശ് ഗോപാലകൃഷ്ണന്‍ നായരെ ഏല്‍പ്പിച്ചു. വേണ്ട സമയത്ത് അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലും . ആവശ്യം ഉള്ളത് പലിശ കാശില്‍ നിന്ന് വാങ്ങും. ബാക്കി അദ്ദേഹം മുതലിനോടൊപ്പം ഇടും. ഞാന്‍ കൊടുത്തതിലും കൂടുതല്‍ പണം ഇപ്പോള്‍ എന്‍റെ പേരില്‍ ബാങ്കിലുണ്ട് '.

എഴുതാന്‍ തുടങ്ങുന്ന നോവലിലെ കഥാപാത്രമാണ് ആ വൃദ്ധന്‍. ഇതാണ് എഴുതുന്ന രീതി.

' ഓര്‍മ്മതെറ്റ് പോലെ ' എന്ന നോവലിലെ ഒരു വരി പോലും എഴുതി തയ്യാറാക്കിയിട്ടില്ല. കുറിപ്പുകളും ഉണ്ടാക്കിയിട്ടില്ല. കഥാതന്തു മനസ്സിലുണ്ട്. ബാക്കിയെല്ലാം അപ്പപ്പോള്‍ മനസ്സിലെത്തും. അത്രതന്നെ.

ഈ നോവലിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ട ശ്രി. ഷെറീഫ് സാറിനോട് എനിക്കുള്ള കടപ്പാര്‍ ഏറെയാണ്. അഭിപ്രായങ്ങള്‍ അറിയിച്ച് പ്രോത്സാഹനം നല്‍കിയ എല്ലാവര്‍ക്കും നന്ദി.

7 comments:

sherriff kottarakara said...

പോസ്റ്റ് ഇന്നാണു വായിക്കാന്‍ സമയം കിട്ടിയതു. കഥാ പാത്രം നമ്മളെ പിന്തുടര്‍ന്നാല്‍ അതിനു അര്‍ഥം കഥ തന്തു നമ്മില്‍ പൂര്‍ണമായി അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു എന്നാണു. പിന്നീടു എപ്പോള്‍ ആവശ്യമുള്ളപ്പോള്‍ കറന്നെടുത്താല്‍ മതിയെന്നാണു. താങ്കള്‍ ഇപ്പോല്‍ആ സ്ഥിതിയിലാണു.ഭാവുകങ്ങള്‍.
ഓ.ടോ. പനി പരിപൂര്‍ണമായി ഭേദപ്പെടാന്‍ പ്രാര്‍ഥിക്കുന്നു.

keraladasanunni said...

സ്രി. ഷെറിഫ്,

അഭിപ്രായം വായിച്ചു. പ്രോത്സാഹനങ്ങള്‍ക്കും
പ്രാര്‍ത്ഥനയ്ക്കും നന്ദി.

ജീ . ആര്‍ . കവിയൂര്‍ said...

ഏട്ടനാണെന്നു എന്ന്
സ്വയം പറയുവാന്‍
കഴിയുന്നൊരു പാലക്കാട്ടെട്ടന്റെ
മനസ്സു ഞാന്‍ തോട്ടറിഞ്ഞേ
പലവുരു അറിഞ്ഞു ഞാന്‍
''എന്‍ ഓര്‍മ്മ തെറ്റുകള്‍ ''
വീണ്ടുമാ ലിഖിത കാവ്യം പോലെ

keraladasanunni said...

പ്രിയപ്പെട്ട കവിയൂര്‍ജി,

കവിത വയിച്ചു. വലരെ സന്തോഷം തോന്നി. സ്നേഹത്തിന്ന് വില കല്‍പ്പിക്കുന്ന കവി മനസ്സിന്ന് പ്രണാമം.

സ്നെഹത്തോടെ,
പാലക്കാട്ടേട്ടന്‍ .

poor-me/പാവം-ഞാന്‍ said...

പനി വിടപറഞൊ? കഥാ പനിയൊ?

ramanika said...

പൂര്‍ണ ആരോഗ്യവാനായി വീണ്ടും ബൂലോകത്ത് തുടരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

keraladasanunni said...

poor- me.പാവം - ഞാന്‍,

ramanika,

ആശംസകള്‍ക്ക് നന്ദി.

No comments:

Post a Comment