Sunday, February 13, 2011

2. ഒരാണ്ട് തികയുന്നു.

Thursday, August 6, 2009


എത്ര വേഗത്തിലാണ് കാലം കടന്ന് പോകുന്നത് എന്ന് വീണ്ടുമൊരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു കൊണ്ട് 2009 ആഗസ്റ്റ് 9 ന്ന് ഞാന്‍ ബ്ലോഗില്‍ ആദ്യമായി ഒരു പോസ്റ്റ് ഇട്ടിട്ട് ഒരു കൊല്ലം തികയുന്നു. ഈ കാലത്തിനകം 59 പോസ്റ്റുകളാണ് ബ്ലോഗ് ചെയ്തത്. അതില്‍ 19 എണ്ണം എന്‍റെ ജീവിതത്തില്‍ ഉണ്ടായ ചില സംഭവങ്ങളെ കുറിച്ചുള്ള കുറിപ്പുകളായിരുന്നു. കഴിച്ച് ബാക്കിയുള്ള നാല്‍പ്പതില്‍,രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാറ്റിലും ഒരേ കഥപാത്രങ്ങളാണുള്ളത്.

തികച്ചും ആകസ്മികമായിട്ടാണ് ഈ മാദ്ധ്യമം എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ഒരു ലക്കത്തില്‍ ബ്ലോഗിനെ കുറിച്ച് ഒരു ലേഖനവും വിശാല മനസ്കന്‍ രചിച്ച ഒരു കഥയും വന്നിരുന്നു. സത്യം പറയാമല്ലോ, ഞാന്‍ അതില്‍ ആകൃഷ്ടനായി. ബ്ലോഗിനെ കുറിച്ച് കൂടുതല്‍ അറിയണമെന്നായി. പക്ഷെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ല എന്ന കുറവ് അതിന് പ്രതിബന്ധമായി നിന്നു. അഞ്ചാറ് കൊല്ലം മുമ്പ് വീട്ടില്‍ ആ സാധനം വാങ്ങിയെങ്കിലും ഓഫീസ് ആവശ്യത്തിന്ന് വേണ്ട കാര്യങ്ങള്‍ പോലും മള്‍ട്ടിമീഡിയ പഠിച്ച മകന്‍ ബിനുവിന്‍റെ സഹായത്തോടെയാണ് ചെയ്തിരുന്നത്. ഞാന്‍ പഠിച്ച ഏക കാര്യം അത്യാവശ്യം കമ്പ്യൂട്ടറില്‍ ചീട്ട് കളിക്കാനാണ്.

ഒടുവില്‍ എന്‍റെ നിരന്തരമായ നിര്‍ബന്ധത്തിന്ന് വഴങ്ങി ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ തപ്പി പിടിച്ച് വായിക്കാന്‍ മകന്‍ പഠിപ്പിച്ചു. വിശാല മനസ്കന്‍, കുറുമാന്‍, ബെര്‍ളി, പൊങ്ങുമൂടന്‍, കൊച്ചുത്രേസ്യ എന്നിങ്ങനെ വളരെ കുറച്ച് പേരുടെ രചനകള്‍ പരിചയപ്പെടുന്നത് അങ്ങിനെയാണ്. ഇന്നും പലരുടേയും കലാ സൃഷ്ടികള്‍ എനിക്ക് അപരിചിതമാണ്. നാളുകള്‍ കഴിയുന്നതോടെ എനിക്കും ഈ മേഖലയിലേക്ക് കടക്കണമെന്ന് കലശലായ മോഹം ഉദിച്ചു. 35കൊല്ലക്കാലം കണക്കുകളുടേയും എഴുത്തുകളുടേയും ഇടയില്‍ സജീവമായി കഴിഞ്ഞതായിരുന്നു. അത്തരം അവസ്ഥയില്‍ നിന്ന് പെട്ടെന്നുള്ള പിന്‍വാങ്ങല്‍ പലര്‍ക്കും പലതരത്തില്‍ ഉള്ള പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്ന്കേട്ടിരുന്നു. ജോലിയില്‍ നിന്ന് പിരിഞ്ഞതിന്ന് ശേഷം തികച്ചും സേവനമെന്ന നിലക്ക് കുറച്ച് കാലം കൂടി കണക്കെഴുത്ത് തുടരേണ്ടി വന്നതിനാല്‍ ബുദ്ധിപരമായ അദ്ധ്വാനം ഉണ്ടായിരുന്നു.

ഒടുവില്‍ അതിന്നും അവസാനമായപ്പോള്‍ സ്നേഹിതന്‍ കുട്ടിയേട്ടന്‍ ' ഇനിയാണ് സൂക്ഷിക്കേണ്ടത്, ഒന്നും ചെയ്യാതിരുന്നാല്‍ ഓര്‍മ്മ ശക്തിക്ക് കുറവ് വരും ' എന്ന് പറഞ്ഞ് തന്നത്. ഒരു വരി ഇരുപത്തഞ്ച് തവണ വായിച്ചാലും അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാറില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്കാണെങ്കില്‍ ഒരു ടെലഫോണ്‍ കാര്‍ഡ് വാങ്ങി അതിലെ 16 അക്ക നമ്പര്‍ നോക്കി വെക്കുകയേ വേണ്ടു. കാര്‍ഡിലെ പണം തീരുവോളം ആ നമ്പര്‍ ഓര്‍മ്മിച്ചെടുത്ത് ഡയല്‍ ചെയ്യാനാകും. ശാരീരികമായി ചില്ലറ അസ്വാസ്ഥ്യങ്ങളുമായി കഴിയുന്ന എനിക്ക് ഓര്‍മ്മക്ക് മങ്ങലേല്‍ക്കുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ കൂടി കെല്‍പ്പില്ല. ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ച് ഇരിക്കുമ്പോഴാണ് മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ രേഖപ്പെടുത്തുക എന്ന ചിന്ത എന്നില്‍ ഉടലെടുത്തത്. ആ ആലോചനയാണ് എന്നെ ബ്ലോഗില്‍ എത്തിച്ചത്.

കമ്പ്യൂട്ടര്‍ നല്ലതുപോലെ ഉപയോഗിക്കാന്‍ അറിയില്ല എന്നതിന്ന് പുറമെ ടൈപ്പിങ്ങും വശമില്ല എന്നത് എന്‍റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങ് തടിയായി. എന്തായാലും മകന്‍റെ സഹകരണത്തോടെ കഴിഞ്ഞ ആഗസ്റ്റ് 10 ന്ന് ആദ്യത്തെ രചനയായ "റെക്കമെന്‍റേഷന്‍ ' ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. അതിന്ന് ശേഷം ഇടക്കിടക്ക് ഓരോ രചനകള്‍ പ്രകാശിപ്പിച്ചു. എന്‍റെ അജ്ഞത വെളിപ്പെടുത്തുന്ന വിധത്തില്‍ ധാരാളം തെറ്റുകള്‍ ആദ്യ കാലത്തെ എന്‍റെ പോസ്റ്റുകളില്‍ കടന്ന് കൂടിയിട്ടുണ്ട്. ക്രമേണ തെറ്റുകള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. എന്‍റെ പോസ്റ്റുകള്‍ക്ക് നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പലരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

എന്‍റെ ബന്ധുകൂടിയായ ശ്രീ. രാജഗോപാലനാണ് എന്‍റെ രചനകള്‍ വായിച്ച് കൂടുതലായി അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു ബന്ധുവായ ബേബി എന്‍റെ ബ്ലോഗ് ചിന്ത. കോമില്‍ ഉള്‍പ്പെടുത്താന്‍ സഹായിച്ചു. സര്‍വ്വശ്രീ. ജയരാജന്‍ , അരുണ്‍ കായംകുളം, പപ്പന്‍, ഗന്ധര്‍വ്വന്‍, ബിലാത്തിപട്ടണം, ശ്രി, ലക്ഷ്മി, വശംവദന്‍, കൊട്ടോട്ടിക്കാരന്‍, രമനിഗ, കണ്ണനുണ്ണി, ചിത്രകാരന്‍ തുടങ്ങിയവര്‍ എന്‍റെ ചില പോസ്റ്റുകളില്‍ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരോടെല്ലാം തന്നെ ഞാന്‍ എന്‍റെ നന്ദി അറിയിക്കുന്നു.

ഒരു നോവല്‍ എഴുതണമെന്നുണ്ട്. ഇരുപത്തഞ്ച് കൊല്ലം മുമ്പ് മനസ്സില്‍ കടന്ന് കൂടിയ ഒരു കഥ. അന്ന് കുറെയേറെ എഴുതി. എന്തുകൊണ്ടോ മുഴുമിക്കാനായില്ല. അത് തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഈ കാര്യത്തില്‍ എനിക്ക് ഉള്ള അജ്ഞത ശ്രീ. ജെ.പി. വെട്ടിയാട്ടില്‍ സാറിനെ അറിയിച്ചു. അദ്ദേഹം എന്‍റെ സംശയങ്ങള്‍ തീര്‍ത്ത് തരികയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിനോട് എനിക്കുള്ള കൃതജ്ഞത അറിയിക്കുന്നു.

തികഞ്ഞ നര്‍മ്മ ബോധവും , ഒഴുക്കുള്ള ആഖ്യാന ശൈലിയും , ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ നിറഞ്ഞതുമായ നല്ല നല്ല രചനകള്‍ , വസ്തുതകള്‍ ചികഞ്ഞ് തയ്യാറാക്കിയ ലേഖനങ്ങള്‍ , മനോഹരമായ ദൃശ്യങ്ങള്‍ എന്നിവ ബ്ലോഗില്‍ നിന്ന് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി തവണ ഞാന്‍ കടന്നു പോയ തിരുന്നാവായ റെയില്‍വെ ഗേറ്റിന്നരികില്‍ നിന്ന് അനന്തതയിലേക്കെന്ന മട്ടില്‍ നീണ്ടു കിടക്കുന്ന റെയില്‍ പാളങ്ങളേയും അങ്ങകലെ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന സൂര്യനേയും ഉള്‍പ്പെടുത്തിയെടുത്ത ദൃശ്യം എന്നില്‍ നിറച്ച സന്തോഷത്തിന്ന് അതിരില്ല. ഇരുപത് കൊല്ലം മുമ്പ് താന്‍ വാടകക്ക് താമസിച്ച വീടിന്‍റെ ഉടമയായ വൃദ്ധയെ അനുസ്മരിക്കുന്ന പോസ്റ്റും, തന്‍റെ സഹപാഠിയായ കൂട്ടുകാരിയേയും അവളുടെ ദുരിതങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റും ശരിക്കും മനസ്സില്‍ തട്ടുന്ന വിധത്തിലാണ്. ഞാന്‍ എത്ര ശ്രമിച്ചിട്ടും ഇവ ഉള്‍പ്പടെ പലതിനും അഭിപ്രായം രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.

ഇനിയും കുറെ കാലം കൂടി പലതും ഉള്‍ക്കൊള്ളാനും പലതും പങ്കു വെക്കാനുമായി, ബ്ലോഗിങ്ങ് എന്ന മാദ്ധ്യമത്തില്‍ തുടരണമെന്നുണ്ട്. ജീവിതത്തിന്‍റെ അവസാനത്തെ ഈ കാല്‍ ഭാഗം അങ്ങിനെ സജീവമാക്കി ഞാന്‍ സന്തോഷമായിരിക്കട്ടെ.

എല്ലാവര്‍ക്കും നന്ദി.

7 comments:

കണ്ണനുണ്ണി said...

ബൂലൊകത്തെ ഒന്നാം പിറന്നാള്‍ ആശംസകള്‍..
ഏട്ടാ ..ജീവിതത്തിന്റെ ഈ സായാഹ്ന വേളയില്‍ ബൂലോകത്തേയ്ക്ക് കടന്നു വരുവാനും...അനുഭവങ്ങള്‍ പങ്കു വെയ്ക്കുവാനും അങ്ങേയ്ക്ക് കഴിയുന്നുണ്ടല്ലോ... അത് ഒരുപാട് കാലം വായിക്കുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്കും ഉണ്ടാവണം എന്ന് ആശിക്കുന്നു...
താങ്കളെ പോലെ ജീവിതം ഒരുപാട് കണ്ടവര്‍ക്ക് ഞങ്ങളെക്കാള്‍ ഒക്കെ ഒരുപാട് ഒരുപാട് പറയുവാന്‍ ഉണ്ടാവും...പങ്കുവെയ്ക്കുവാനും.....
ഇനിയും എഴുതുക..എല്ലാ ഭാവുകങ്ങളും

keraladasanunni said...

കണ്ണനുണ്ണി
വളരെ നന്ദി. ഏട്ടാ എന്ന സംബോധന മനസ്സില്‍ വളരെ സന്തോഷം തോന്നിച്ചു. ഒറ്റ മകനായി തീര്‍ന്നതിനാല്‍ എനിക്ക് സഹോദര ഭാവേനയുള്ള പെരുമാറ്റം അവാച്യമായ ആനന്ദം തരാറുണ്ട്. പലരും ദാസേട്ടാ എന്ന് വിളിച്ച് എനിക്കുള്ള കുറവ് നികത്തുന്നു.
palakkattettan

ramanika said...

ഒന്നാം പിറന്നാള്‍ ആശംസകള്‍.
ഒരു നോവല്‍ എഴുതണം എന്നാ ആഗ്രഹം ഉടന്‍ സഫലമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
ഈ ബ്ലോഗ്‌ ലോകത്തില്‍ ഇനിയും പല വര്‍ഷങ്ങള്‍ നിറഞ്ഞു നിന്ന് പോസ്ടുകളിളുടെ ഞങ്ങളെ രസിപ്പിക്കാന്‍ സാധ്യമാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു
ആശംസകള്‍.

അരുണ്‍ കായംകുളം said...

ആശംസകള്‍:)

naveenjjohn said...

പ്രിയപ്പെട്ട പാലക്കാട്ടെട്ടാ ഒരുപാട് ആശംസകള്‍ .... ഇനിയും എഴുതുക വായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ടാകും ഇവിടെ.... ശിഷ്ട ജീവിതം സന്തോഷകരമാവട്ടെ ... ഭാവുകങ്ങള്‍....

keraladasanunni said...

പ്രിയപ്പെട്ട രമനിക,അരുണ്‍,നവീന്‍ ജോണ്‍

ആശംസകള്‍ക്ക് നന്ദി. മിക്കവാറും അടുത്ത ആഴ്ച നോവല്‍ പ്രസിദ്ധീകരിച്ച് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
സസ്നേഹം
palakkattettan

കിഷോര്‍ലാല്‍ പറക്കാട്ട് said...
പാലക്കാട്ടേട്ടന്,

വൈകിയാണെങ്കിലും ഞാന്‍ ഈ ബ്ലോഗില്‍ എത്തുകയും പല പോസ്റ്റുകളും വായിക്കുകയും ചെയ്തു.. കോളെജ് പഠന കാലത്ത് എനിക്കു പരിചിതമായ ലക്കിടി ചിനക്കത്തൂറ് ഒറ്റപ്പാലം, തേനൂര്‍ മുതലായ സ്ഥലങ്ങള്‍ പലപ്പോഴും ഇവിടെ വരുമ്പോള്‍ ഒരു സന്തോഷം തോന്നാറുമുണ്ട്..

ആശംസകള്‍.. താങ്കള്‍ക്കു ഇതു പോലുള്ള മറ്റനേകം പോസ്റ്റുകള്‍ രചിക്കാന്‍ പറ്റട്ടെ..


കിഷോര്‍ലാല്‍..

1 comment:

  1. palakkattetta ningalude rachanakalellam onninonnum mecham .njan novel vayichu . grhathurathvum unarthunna rachanakal

    ReplyDelete