Sunday, February 13, 2011

4. നിറ നിറ പൊലി പൊലി

Monday, August 31, 2009

ഇന്ന് ചിങ്ങത്തിലെ ഉത്രാടം. ഓണാഘോഷങ്ങള്‍ക്ക് പുറമെ നിറക്കും പുത്തിരിക്കും വിശേഷമായ ദിവസം. കാലത്തെ വീട് വൃത്തിയാക്കി, കുളിച്ച് മാതേവരെ വെച്ചു. ഇനിയാണ് നിറ. നാക്കിലയും ഉഴിഞ്ഞവള്ളിയും ഒരുക്കി വെച്ചു. അരിമാവ് കൊണ്ട് പൂജാമുറിയില്‍ ഒറ്റണി വരച്ചു. നാളികേരവും കൊടുവാളും പടിക്കല്‍ എടുത്തു വെച്ചു.

സ്വന്തം നെല്‍പ്പാടം വിളഞ്ഞ് നില്‍ക്കുന്നതിനാല്‍ നെല്‍ കതിര്‍ തേടി എവിടേയും പോവേണ്ടി വന്നില്ല. മക്കള്‍ മൂന്ന് പേരും
പാടത്തേക്ക് വന്നു. ബിനു നെല്‍ കതിരുകള്‍ മുറിച്ചെടുത്തു. പടിക്കല്‍ വെച്ച നാക്കിലയില്‍ ഉഴിഞ്ഞ വള്ളി വെച്ചു. അതിന്ന് മീതെ നെല്‍ കതിര്‍ വെച്ചു. നാളികേരം ഉടച്ച് കതിരില്‍ ആ വെള്ളം ഒഴിച്ചു. സുന്ദരി നിലവിളക്കുമായി മുമ്പെ നടന്നു. തലയില്‍ നാക്കിലയും വെച്ച് ഞാനും ' നിറ നിറ പൊലി പൊലി ' എന്നും പറഞ്ഞ് മക്കളും പുറകെ നടന്നു.

പൂജ മുറിയില്‍ അണിതതിന്ന് മീതെ വെച്ച പീഠത്തില്‍ നാക്കില വെച്ചു. ഗണപതിക്കും കതിരിന്നും പൂജിച്ചു. ഇനിയാണ് കതിര്‍ വെക്കേണ്ടത്. മുമ്പിലത്തേയും പുറകിലുത്തേയും വാതിലുകളിലും എല്ലാ മുറികളുടെ വാതിലുകളിലും കതിര്‍ വെക്കണം. പണ്ടൊക്കെ വാതില്‍ കട്ടിളകളില്‍ അരിമാവ് ഒഴുക്കും അതിന്ന് മീതെ ഒരു നെല്‍ കതിര്‍ വെക്കും . കതിരിന്ന് മുകളില്‍ ഒരു ചെറിയ ഉരുള ചാണകം വെച്ച് ഒന്ന് അമര്‍ത്തും. അതോടെ കതിര്‍ കട്ടിളയില്‍ ഉറച്ച് നില്‍ക്കും. മഹാലക്ഷ്മി പ്രസാദിച്ച് നിറഞ്ഞ് വരാനാണ് ഇതൊക്കെ ചെയ്യുന്നത്.

ഈ കാലത്ത് ആരും വാതിലില്‍ അരിമാവ് ഒഴുക്കുകയോ, ചാണകം വെക്കുകയോ ചെയ്യാറില്ല. അതൊക്കെ വൃത്തികേടാണത്രെ. പകരം നെല്‍ കതിര്‍ സെല്ലൊഫൈന്‍ ടേപ്പ് വെച്ച് കട്ടിളയില്‍ ഒട്ടിക്കും.

മക്കള്‍ മൂന്ന് പേരും ചേര്‍ന്ന് വാതിലുകളില്‍ കതിര്‍ വെച്ച് കഴിഞ്ഞു. അപ്പോഴാണ് ബിനുവിന്ന് കമ്പ്യൂട്ടറില്‍ ഒരു കതിര്‍ വെച്ചാലോ എന്നൊരു ആശയം ഉണ്ടാവുന്നത്.' ബെസ്റ്റ് ഐഡിയ ' ഉണ്ണിക്കുട്ടന്‍ പറഞ്ഞു ' എന്നിട്ട് വേണം നിന്‍റെ കമ്പ്യൂട്ടറില്‍ വൈറസ്സ് വന്ന് നിറയാന്‍ '.

ആലോചിച്ചപ്പോള്‍ എനിക്കും അത് ശരിയാണെന്ന് തോന്നി. അതല്ലാതെ കമ്പൂട്ടറില്‍ മറ്റെന്ത് വന്ന് നിറയാനാണ്.

ഓണാശംസകള്‍. എല്ലാവര്‍ക്കും നല്ലത് മാത്രം ഭവിക്കട്ടെ.

3 comments:

ramanika said...

ഓണാശംസകള്‍!
നോവല്‍ വായിക്കുന്നു, നന്നാവുന്നുണ്ട് !

keraladasanunni said...

ramanika,
നോവല്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന്നു. ഓണാശംസകള്‍.
palakkattettan

raj said...

ഓണാശംസകള്‍.
ഇപ്പോഴത്തെ തലമുറയ്ക്ക് കേട്ട് കേള്‍വി പോലും ഉണ്ടാവാനിടയില്ലാത്ത നമ്മുടെ വള്ളുവനാടന്‍ കര്‍ഷക ഭവനങ്ങളിലെ ഓണക്കാലത്തെ ആചാരാനുഷ്ടാനങ്ങള്‍ പുതിയ ഒരു വായനനുഭവമായി.

No comments:

Post a Comment