Sunday, February 13, 2011

6. കാട്ടു മൃഗങ്ങളും കൃഷിനാശവും.

Thursday, October 1, 2009

പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിലും കാട്ടുപന്നികളുടെ ശല്യം വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പൊക്കെ വല്ല മലയടിവാര പ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങളില്‍ കാട്ടുപന്നി എത്തി എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു. പടക്കം വെച്ച് പന്നിയെ കൊന്നു എന്നും വല്ലപ്പോഴും കേള്‍ക്കും. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. കാട്ടുപന്നിയും മയിലും ഇപ്പോള്‍ മനുഷ്യരോടൊപ്പം സഹവസിക്കുകയാണ്.

ഈയിടെ ഒരു ദിവസം രാവിലെ മരുമകള്‍ മുറ്റത്ത് നിന്ന് ' ഇതെന്താ നോക്കൂ ' എന്ന് വിളിച്ച് പറയുന്നത് കേട്ടു. പുറത്ത് വന്നപ്പോള്‍ മതിലില്‍ ഇരിക്കുന്നത് മയില്‍ . ഒന്നല്ല, നാലെണ്ണം. എന്‍റെ സുഹൃത്ത് അജിതകൃഷ്ണന്‍, കഴിഞ്ഞ ദിവസം പകല്‍ നേരത്ത് അയാളുടെ വീടിന്ന് മുന്നില്‍ അമ്മയോട് സംസാരിച്ച് ഇരിക്കുമ്പോള്‍ നായയേക്കാള്‍ വലുപ്പത്തിലുള്ള ഒരു കാട്ട് പന്നി വീട്ടിലേക്ക് ഓടി കയറി വരുന്നത് കണ്ട് വീടിന്നകത്ത് കയറി വാതിലടച്ച് രക്ഷപ്പെട്ട കാര്യം പറയുകയുണ്ടായി.

മനുഷ്യന്‍ ഈ ജീവികളുടേയെല്ലാം വാസസ്ഥലത്തിലേക്ക് കടന്ന് കയറിയതിന്‍റെ പരിണിത ഫലമാണ് ഇങ്ങിനെ സംഭവിക്കുന്നത് എന്ന് പറഞ്ഞ് കേള്‍ക്കുന്നു. അത് മാത്രമല്ല കാരണം എന്ന് വേറൊരു പക്ഷവും ഉണ്ട്. കണ്ടമാനം പെറ്റ് പെരുകുന്ന പന്നിയെ പോലുള്ള മൃഗങ്ങളെ മനുഷ്യര്‍ വേട്ടയാടിയിരുന്നു. ഇന്ന് വന്യ മൃഗ സംരക്ഷണ നിയമം ലംഘിച്ചാലുണ്ടാവുന്ന നിയമ നടപടികള്‍ പേടിച്ച് ആരും അതിന് മുതിരാത്തതിനാല്‍ അവയുടെ അംഗസംഖ്യയില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായി. അതാണ് അവ മനുഷ്യ വാസമുള്ള ഇടങ്ങളിലേക്ക് അവ എത്താന്‍ കാരണം എന്ന് ആ വിഭാഗം അവകാശപ്പെടുന്നു.

കാട്ടു പന്നികളുടെ വര്‍ദ്ധനവിന്നുള്ള കാരണമെന്തായാലും അവ മൂലം കര്‍ഷകര്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. വാഴ, ചേമ്പ് , കപ്പ എന്നിവ മാത്രമല്ല നെല്‍കൃഷിക്കും അവ ഭീഷണിയായിട്ടുണ്ട്. കിഴങ്ങ് ഉണ്ടാവുന്ന ചെടികളെ കുത്തി തുരന്ന് തിന്ന് നശിപ്പിക്കുന്നു. നെല്‍പാടങ്ങളില്‍ കിടന്ന് മറിഞ്ഞും മണ്ണ് കുത്തിയിളക്കിയും വിള ഇല്ലാതാക്കുന്നു. മയിലുകള്‍ വിളഞ്ഞ കതിരുകള്‍ കൊത്തിയെടുത്ത് പോകുന്നുമുണ്ട്.

കൃഷി നാശം സംഭവിക്കുന്ന കര്‍ഷകന്ന് ആരോടും പരാതിപ്പെടാനില്ലാത്ത ചുറ്റുപാടാണ് ഇന്നുള്ളത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വനം വകുപ്പിനെ സമീപിക്കൂ എന്ന് പറഞ്ഞ് കയ്യൊഴിയും. വനം വകുപ്പുകാര്‍ക്ക് ഇത് ഒരു പ്രശ്നമേയല്ല. വന്യജീവി സംരക്ഷണ നിയമം ഇപ്പോഴത്തെ രീതിയില്‍ തുടരുന്ന കാലത്തോളം നിയമ നടപടികള്‍ക്കും സാദ്ധ്യത ഇല്ല എന്നാണ് അറിവ്.

ഈ സാഹചര്യത്തില്‍ കൃഷി ചെയ്യാതെ തരിശ് ഇടുകയാണ് നല്ലത് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു. മറ്റ് എല്ലാവര്‍ക്കും പണിമുടക്കാമെങ്കില്‍ കര്‍ഷകനും അത് ആയിക്കൂടെ എന്നാണ് അതിനുള്ള ന്യായം. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ ഫലപ്രദമായ നീക്കം ഏതെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടാവുമോ?


3 comments:

കണ്ണനുണ്ണി said...

:( എല്ലാം നശിച്ചു കഴിയുമ്പോ മാധ്യമങ്ങള്‍ എഴുതും ..
കര്‍ഷകന്‍ മണ്ണിനെ മറന്നു വിദേശ പണത്തില്‍ അടിച്ചു പൊളിക്കുന്നു എന്ന്

keraladasanunni said...

കണ്ണനുണ്ണി,

കഴിഞ്ഞ ദിവസം നടന്ന ഒരു മീറ്റിങ്ങില്‍ ഈ വിധത്തില്‍ നഷ്ടം സംഭവിച്ച ഒരു കര്‍ഷകന്‍ വേദനയോടെ പറഞ്ഞ കാര്യമാണ്' കൃഷി ചെയ്യാതിരിക്കുക എന്ന ആശയം. സത്യം പറയാമല്ലോ. വിളഞ്ഞു നിന്ന എന്‍റെ നെല്‍വയലില്‍ പന്നി ഇറങ്ങി കേട് വരുത്തിയത് കണ്ടപ്പോള്‍ എനിക്കും അത് തന്നെ തോന്നി.
palakkattettan.

Sureshkumar Punjhayil said...

Njanum oru karshakanaanu Dasettan...!

Manoharam, Ashamsakal...!!

No comments:

Post a Comment