Sunday, February 13, 2011

7. കഥകള്‍ കടന്നു വരുന്ന ഇടവഴികള്‍.

Thursday, October 15, 2009

' കാക്കീം പൂച്ചീം കഞ്ഞി വെച്ചു. കാക്ക പ്ലാവിലക്ക് പോയി. പൂച്ച ഇലക്ക് പോയി ' രാത്രി എന്നെ കെട്ടി പിടിച്ച് മുത്തശ്ശി കഥ പറഞ്ഞ് തുടങ്ങുകയാണ്. പകലന്തിയാവോളം വികൃതി കാട്ടി നടന്നും, കളിച്ചും തളര്‍ന്ന ഞാന്‍ ഒരിക്കലും ' തട്ടാനും തൂശിയും കൂടി പറന്ന് പറന്ന് പോയി ' എന്ന അവസാന ഭാഗം കേള്‍ക്കുന്നത് വരെ ഉറങ്ങാതിരുന്നിട്ടില്ല.

പ്രൈമറി സ്കൂള്‍ പഠനത്തിന്‍റെ അവസാന ഘട്ടത്തിലാണെന്ന് തോന്നുന്നു ഞാന്‍ കഥ പറയാന്‍ തുടങ്ങിയത്. എന്നോ ഒരു ദിവസം മുത്തശ്ശിയോട് ' ഒരു കഥ പറയൂ ' എന്ന് ആവശ്യപ്പെട്ടപ്പോള്‍ ' നീ ഇപ്പൊ വലിയ കുട്ടിയായി. ഇനി നീ കഥ പറയ്. മുത്തശ്ശി കേള്‍ക്കട്ടെ ' എന്ന് പറഞ്ഞ് എന്നെ കഥകള്‍ മിനഞ്ഞെടുക്കാന്‍ ഒരുക്കി.

'പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവ് ഉണ്ടായിരുന്നു' എന്ന പതിവ് ശൈലി ഞാന്‍ സ്വീകരിച്ചില്ല. എന്റെ മുമ്പില്‍ ഒരു ഉഗ്രന്‍ കഥപാത്രം തെളിഞ്ഞ് വന്നു. 'മുത്തശ്ശീ, ഗാന്ധിമാമ എന്ന് പറയുന്ന ഒരു വിദ്വാന്‍ നമ്മടെ നാട്ടില്‍ ഉണ്ടായിരുന്നു. വെള്ളക്കാര് ഇവിടുത്തെ ആള്‍ക്കാരെ വെടി വെച്ച് കൊല്ലുമ്പോള്‍ ഗാന്ധിമാമക്ക് സങ്കടം വരും . ഒടുക്കം ഗാന്ധിമാമ തപസ്സ് ചെയ്ത് വരം വാങ്ങി. ഗാന്ധിമാമക്ക് ദേഷ്യം വന്നാല്‍ ഒറ്റ മന്ത്രം ജപിച്ചാ മതി, വെള്ളക്കാരന്‍ ഭസ്മമാകും. അത് പേടിച്ച് വെള്ളക്കാര് പിന്നെ ആരേയും ദ്രോഹിച്ചിട്ടില്ല. അവര് ഇന്നാ പിടിച്ചൊ സ്വാതന്ത്ര്യം എന്നും പറഞ്ഞ് പെട്ടെന്ന് സ്ഥലം വിട്ടു. സ്കൂളില്‍ പഠിച്ച ഇന്ത്യന്‍ സ്വാതന്ത്ര സമരം എന്‍റെ വാക്കുകളിലൂടെ പുതിയൊരു രൂപമെടുക്കുകയായിരുന്നു.

മഹാത്മാ ഗാന്ധി വെടികൊണ്ട് മരിച്ചതും, അദ്ദേഹം ദൈവമായി അവതരിച്ചതും, അമ്പലം പണിത് ഗാന്ധിമാമനെ പ്രതിഷ്ടിച്ചതും, അവിടുത്തെ വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളി മന്ത്രിമാര്‍ക്ക് കല്‍പ്പന കൊടുക്കുന്നതുമൊക്കെ എന്‍റെ ഭാവനയില്‍ വിരിഞ്ഞു. എല്ലാം കേട്ട ശേഷം 'നിനക്ക് കൂട്ടിക്കെട്ടി പറഞ്ഞുണ്ടാക്കാന്‍ നല്ല വാസനയുണ്ട്' എന്ന് മുത്തശ്ശി ആദ്യത്തെ സാക്ഷ്യപത്രം നല്‍കി. പിന്നീട് പല തവണ പേരകുട്ടി കഥ കെട്ടി കൂട്ടി പറഞ്ഞ കാര്യം മുത്തശ്ശി പലരോടും വലിയ അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.

കൂടപ്പിറപ്പുകള്‍ ഇല്ലാത്തതിനാല്‍ എന്‍റെ മനസ്സില്‍ ഉടലെടുക്കുന്ന കഥകള്‍ ആരോടും പറയാനായില്ല എന്നൊരു കുറവുണ്ട്. എങ്കിലും ആയിരക്കണക്കിന് കഥകള്‍ മനസ്സില്‍ ഉടലെടുക്കുകയും ഞാന്‍ മാത്രം ആസ്വദിച്ച് ഇല്ലാതാവുകയും ചെയ്തു.

മക്കള്‍ ഉണ്ടായ ശേഷമാണ് വീണ്ടും കഥ പറയല്‍ ആരംഭിച്ചത്. എല്ലാ കഥകളിലും അവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നു കഥാപാത്രങ്ങള്‍. തിന്മക്ക് എതിരെ പോരാടുന്ന മിടുക്കന്മാരായി അവരെ അവതരിപ്പിച്ചു. അതിന്ന് അനുസരിച്ച വിധത്തിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. ആ രീതി അവരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.

എന്‍റെ ചിന്തകള്‍ പങ്ക് വെക്കാന്‍ ആരുമില്ലാതെ ഒറ്റയാനായി ചെറുപ്പ കാലത്ത് കഴിയേണ്ടി വന്നതിനാലാകാം, എന്‍റെ മനസ്സില്‍ പലപല കഥാപാത്രങ്ങള്‍ കടന്നു വരുന്നതും ഞാന്‍ അവരെ തേടിപോകുന്നതും.

4 comments:

ഇ.എ.സജിം തട്ടത്തുമല said...

കാക്കീം പൂച്ചീം കഞ്ഞി വെച്ചു. കാക്ക പ്ലാവിലക്ക് പോയി. പൂച്ച ഇലക്ക് പോയി '

ഇതു വായിച്ചപ്പോൾതന്നെ മുത്തശിക്കഥകൾ പലതും ഓർമ്മയിലേയ്ക്കു വന്നു.

keraladasanunni said...

വളരെ നന്ദി. ബാല്യത്തില്‍ കേട്ട പല കഥകളും മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍പ്പുണ്ട്.
palakkattettan

Sureshkumar Punjhayil said...

Kadhakal Ivideyumakunnathu valare nannu Dasettan. Njangalkkum vayikkamallo. Ashamsakal...!!!

keraladasanunni said...

Thank you Suresh.
palakkattettan.

No comments:

Post a Comment