Sunday, February 13, 2011

8. ഗുരുചരണങ്ങളില്‍.

Friday, January 8, 2010

' വാസുമാഷെ ' ആദരിക്കാനായി ഒരു ചടങ്ങ് സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കാന്‍ കൂടുന്ന യോഗത്തില്‍ സംബന്ധിക്കണമെന്ന് കിണാവല്ലൂര്‍ ശശിധരനാണ് എന്നോട് ആവശ്യപ്പെട്ടത്.

പി. വാസുദേവന്‍ നായര്‍ എന്ന പറളി ഹൈസ്കൂളിലെ മുന്‍ മലയാള അദ്ധ്യാപകനാണ് ഞങ്ങള്‍ അന്നത്തെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട വാസുമാഷ്. എന്‍റെ മനസ്സില്‍ അദ്ദേഹത്തിന്‍റെ രൂപം തെളിഞ്ഞു. തൂവെള്ള ഷര്‍ട്ടും , മുണ്ടും. മടക്കിയിട്ട ഒരു വേഷ്ടി തോളില്‍ കാണും. ഒന്നാമത്തെ ഭാഷയായി സംസ്കൃതം എടുത്തതിനാല്‍ എനിക്ക് വാസുമാസ്റ്ററുടെ മലയാളം ക്ലാസിലിരുന്ന് പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. മലയാളം ഉപപാഠപുസ്തകം അദ്ദേഹം എന്നെ പഠിപ്പിച്ചിരുന്നു. അടുത്ത ക്ലാസ്സ് മുറിയില്‍ നിന്ന് നല്ല ഈണത്തില്‍ വാസുമാഷ് പദ്യം ചൊല്ലുമ്പോള്‍ ഞങ്ങള്‍ മിക്കവരും അതില്‍ ലയിച്ചിരിക്കും.

സാഹിത്യ സമാജം, യുവജനോത്സവം, സ്കൂള്‍ വാര്‍ഷികം എന്നിങ്ങനെയുള്ള ആഘോഷങ്ങളുള്ളപ്പോള്‍ രംഗത്ത് വാസുമാഷ് ആദ്യാവസാനക്കാരനായി ഉണ്ടാവും. മികച്ച പ്രകടനം കാഴ്ച വെക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് ആവശ്യമായത്ര ഊര്‍ജ്ജം ലഭിക്കും. നന്നായി പദ്യം ചൊല്ലാന്‍ പല തവണ പദ്യശകലങ്ങള്‍ ഉരുവിട്ട് കൊടുക്കും. അത്തരം ഒരു അവസരത്തില്‍ വാസുമാഷ് ചൊല്ലിയ

' പകുക്കുകില്‍ പകുക്കട്ടെ ഭാരതമേ നിന്‍ മാറിടം
പകുക്കുവാന്‍ സാദ്ധ്യമല്ല നിന്നന്തരംഗം '

എന്ന വരികള്‍ കേട്ട് രോമാഞ്ചത്തോടെ നിന്നത് ഞാന്‍ ഇന്നും മറന്നിട്ടില്ല.

യോഗ നടപടികള്‍ ആരംഭിച്ച് അല്‍പ്പം കഴിഞ്ഞാണ് ഞാന്‍ എത്തിയത്. കാര്യപരിപാടിയില്‍ കുറെയേറെ ധാരണകള്‍ ആയി കഴിഞ്ഞിരുന്നു. റിപ്പബ്ലിക്ക് ദിനത്തിലാണ് ഗുരുപൂജ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കാലത്ത് സ്കൂള്‍കുട്ടികളുടെ റിപ്പബ്ലിക്ക് ദിന പരിപാടികളുണ്ട്. അതിനാല്‍ വൈകുന്നേരം ചടങ്ങുകള്‍ നടത്താം എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. പെട്ടെന്ന് എന്‍റെ മനസ്സില്‍ ഒരു ആശയം കടന്നു വന്നു. ഈ അദ്ധ്യയന വര്‍ഷം ഇതെ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി ഒരു അദ്ധ്യാപകനെ തല്ലിയ സംഭവം ഉണ്ടായിട്ടുണ്ട്. ആ സ്കൂളില്‍ വെച്ച് പഴയ കാലത്തെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അദ്ധ്യാപകനെ ആദരിക്കുമ്പോള്‍ ഇന്നത്തെ തലമുറ അതിന്ന് സാക്ഷ്യം വഹിക്കണമെന്നും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും എനിക്ക് തോന്നി. എന്‍റെ അഭിപ്രായം എല്ലാവരും സന്തോഷത്തോടെയാണ് അംഗീകരിച്ചത്. പരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന്നിടെ ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനില്‍ നിന്നും ലഭിച്ച സ്നേഹവാത്സല്യങ്ങള്‍ വര്‍ണ്ണിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് കാലത്ത് സോമന്‍ മാസ്റ്റര്‍ എന്നെ വിളിച്ചു. ഉണ്ണിക്ക് പ്രത്യേകിച്ച് വല്ല തിരക്കും ഉണ്ടോ എന്നന്വേഷിച്ചു. എനിക്ക് പാലക്കാട് വരെ ചെല്ലേണ്ട ഒരു കാര്യമുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ നാലുപേര്‍ വാസുമാഷെ കാണാന്‍ പോവുന്നുണ്ട്. തിരക്കില്ലെങ്കില്‍ താന്‍ കൂടി വരൂ എന്നറിയിച്ചു. ആ നിമിഷം ഞാന്‍ എന്‍റെ പരിപാടികളില്‍ ഭേദഗതി വരുത്തി.

പഴയന്നൂര്‍ അമ്പലത്തിന്ന് അടുത്താണ് മാസ്റ്റരുടെ വീട്. കാറ് നിര്‍ത്തി ഞങ്ങള്‍ നടന്നു. ക്ഷേത്രമതിലിന്ന് തൊട്ടടുത്തുള്ള മാസ്റ്ററുടെ വീട്ടിലെത്തിയതും സോമന്‍ മാസ്റ്റര്‍ ബെല്ലടിച്ചു. വാതില്‍ തുറന്നതോടെ അദ്ദേഹത്തിന്‍റെ പുറകിലായി ഞങ്ങള്‍ അകത്തേക്ക് കയറി .

നിറഞ്ഞ പുഞ്ചിരിയോടെയാണ് ഗുരു ശിഷ്യന്മാരെ എതിരേറ്റത്. നാല്‍പ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. പ്രായം വരുത്തിയ ഏതാനും മാറ്റങ്ങളൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ ശരീരം പഴയ മട്ടില്‍ തന്നെ. ഞങ്ങള്‍ ഓരോരുത്തരായി അദ്ദേഹത്തെ നമസ്കരിച്ചു. ആദ്യം രാജേട്ടന്‍, തുടര്‍ന്ന് കൃഷ്ണന്‍ കുട്ടിസാര്‍, കണ്ണന്‍ കുട്ടി, സോമന്‍ മാസ്റ്റര്‍, ഒടുവിലായി ഞാന്‍. എല്ലാവരുടേയും ശിരസ്സില്‍ കൈ വെച്ച് അനുഗ്രഹിച്ച ശേഷം ഇരിക്കാന്‍ പറഞ്ഞു.

ഞങ്ങളുടെ ക്ഷേമം അന്വേഷിച്ച ശേഷം മാസ്റ്റര്‍ സ്വന്തം കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. മക്കളെല്ലാം നല്ല നിലയിലായി. ഒരാളെ പറ്റിയും വേവലാതിപ്പെടേണ്ട ആവശ്യമില്ല. ശരീരത്തിന്നുള്ള ചില്ലറ അസുഖങ്ങളല്ലാതെ മറ്റു വിഷമങ്ങളൊന്നുമില്ല.

വാര്‍ദ്ധക്യം ശരീരത്തിനെ ബാധിക്കുന്ന വിധം ഭര്‍ത്തൃഹരിയെ ഉദ്ധരിച്ച് അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് സംഭാഷണം ആശാന്‍റെ ഖണ്ഡ കാവ്യങ്ങളെ കുറിച്ചായി. വാസുമാഷ് പഴയപ്പോലെ അദ്ധ്യാപകനായി മാറി. ഞങ്ങള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന ശിഷ്യരും. ചിന്താവിഷ്ഠയായ സീതയിലെ ചില വരികള്‍ മാഷ് ചൊല്ലി കേള്‍പ്പിച്ചു. ആ വാക്ധോരണിയില്‍ സമയം കടന്നു പോയത് ആരും അറിഞ്ഞില്ല. ഇതിനിടെ ഞങ്ങളുടെ ആഗമനോദ്ദേശം വെളിപ്പെടുത്തി. ഇത്തരം ചടങ്ങുകളോട് തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചുവെങ്കിലും ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടു. ഗുരുപത്നി പാനോപചാരം നല്‍കി ആതിഥ്യ മര്യാദ ചെയ്തു. രാജേട്ടനും കൃഷ്ണന്‍ കുട്ടിസാറും ഗുരുനാഥന്‍റേയും പത്നിയുടേയും കുറെയേറെ ഫോട്ടോകള്‍ എടുത്തു.

വീണ്ടും ഞങ്ങള്‍ ഗുരുചരണങ്ങളില്‍ പ്രണമിച്ചു. അദ്ദേഹം എല്ലാവരേയും അനുഗ്രഹിച്ചു. ഞങ്ങള്‍ യാത്ര പറഞ്ഞ് ഇറങ്ങി. മുറ്റം അവസാനിക്കുന്ന ദിക്കില്‍ നിന്നും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ വാസുമാഷ് ഞങ്ങള്‍ പോവുന്നതും നോക്കി വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നു. ഞാന്‍ തിരിഞ്ഞു നിന്ന് ഒന്നുകൂടി തൊഴുതു. മനസ്സിനകത്ത് എന്തോ ഒരു ഭാരം നിറയുന്നത്പോലെ. ഞാന്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു.

കൂട്ടുകാരോടൊപ്പം ക്ഷേത്ര മൈതാനിയിലൂടെ നടക്കുമ്പോള്‍ ശ്രീകോവിലില്‍ നിന്നും മണിനാദം ഉയരുന്നത് കേള്‍ക്കാമായിരുന്നു. ക്രമേണ അത് നിലച്ചു.

അപ്പോള്‍ എന്‍റെ ശ്രവണപുടങ്ങളില്‍ വാസുമാഷിന്‍റെ കര്‍ണ്ണാനന്ദകരമായ ശബ്ദം കേള്‍ക്കാറായി

" പകുക്കുകില്‍ പകുക്കട്ടെ ഭാരതമേ നിന്‍ മാറിടം,
പകുക്കുവാന്‍ സാധ്യമല്ല നിന്നന്തരംഗം '.

മനസ്സു കൊണ്ട് ഞാന്‍ ഗുരുനാഥനെ ഒന്നുകൂടി നമിച്ചു.


7 comments:

Typist | എഴുത്തുകാരി said...

വാസു മാഷ് പോലെ എത്രയോ ഗുരുക്കന്മാര്‍. എന്റെ പഴയ ടീച്ചര്‍മാരൊക്കെ എന്റെ മുന്‍പിലൂടെ കടന്നുപോയി ഒരു നിമിഷം, സുഭദ്ര ടീച്ചര്‍, ശങ്കരന്‍കുട്ടി മാഷ് അങ്ങിനെ എത്ര പേര്‍. ബഹുമാനത്തോടുകൂടിയല്ലാതെ അവരെയൊന്നും ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല.

ramanika said...

വാസു മാഷിന്റെ അതെപ്പോലെ ഒരുപ്പാട്‌ ഗുരുക്കന്മാര്‍
എല്ലാവര്‍ക്കും പ്രണാമം
പ്രൈമറി സ്കൂളില്‍ സംസ്കൃതം പഠിപ്പിച്ച രാമന്‍ കര്‍ത്താ സാര്‍ പെട്ടെന് ഓര്‍മ്മയില്‍ ഓടിയെത്തി

raj said...

ഈ കാലത്ത് പഴയ ഗുരുക്കന്മാരെ അവരുടെ വീട്ടില്‍ പോയി കാണാനും അവരുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു അനുഗ്രഹം വാങ്ങാനും തയ്യാറുള്ള എത്ര പേര്‍ കാണും. എന്റെ എല്ലാ ഗുരുക്കന്മാരേയും ഓര്‍ക്കാനും മനസ്സാ അവരുടെ പാദ നമസ്കാരം ചെയ്യാനും പ്രേരകമായി ഈ കുറിപ്പ്.

എറക്കാടൻ / Erakkadan said...

തു വായിച്ചപ്പോൾ സത്യം പറഞ്ഞാൽ എന്റെ ഗുരുക്കന്മാരെയെല്ലാം സ്മരിച്ചുപോയി

Cartoonist said...

അയ്യയ്യോ ചങ്ങാതീ,
ഞാന്‍ എന്റെ പ്രിയ മലയാളം ഗുരുനാഥന്‍
ശ്രീ ചന്ദ്രശേഖര വാരിയരെ ഓര്‍ത്തുപോയി.
അദ്ദേഹത്തിന്റെ ശതാഭിഷേകത്തില്‍ പങ്കെടുത്ത് ദക്ഷിണ നല്‍കി നമസ്ക്കരിച്ച് അനുഗ്രഹം തേടിയ സന്ദര്‍ഭം അത്ര തീക്ഷ്ണമായി ഓര്‍മ്മിപ്പിച്ചതിന് നന്ദി :)

സുമേഷ് മേനോന്‍ said...

വായിച്ചപ്പോള്‍ എന്തോ മനസ്സിനൊരു ഭാരം...

നല്ലൊരു ഗുരുസ്മരണ....

ഓ.ടോ: പറളിയാണല്ലേ സ്വദേശം..:)

keraladasanunni said...

Typist/ എഴുത്തുകാരി,
ramanika,
raj,
എറക്കാടന്‍/Erakkadan,
Cartoonist,
സുമേഷ് മേനോന്‍,
ഞാന്‍ എഴുതിയ കുറിപ്പ് നിങ്ങള്‍ എല്ലാവര്‍ക്കും
ഗുരുസ്മരണ ഉണര്‍ത്താന്‍ പര്യാപ്തമായി എന്നതില്‍ സന്തോഷിക്കുന്നു. എല്ലാവര്‍ക്കും
ഗുരുഭൂതന്മാരുടെ അനുഗ്രഹങ്ങള്‍ ലഭിക്കുമാറാകട്ടെ. എല്ലാവര്‍ക്കും നന്ദി
Palakkattettan.

No comments:

Post a Comment