Sunday, February 13, 2011

9. ഗുരുചരണങ്ങളില്‍ -2.

Tuesday, January 26, 2010

ഇന്ന് (2010 ജനവരി 26) പറളി ഹൈസ്കൂളില്‍ വെച്ച് അഭിവന്ദ്യനായ ഞങ്ങളുടെ വാസുമാഷക്ക് സ്വീകരണം നല്‍കി. അദ്ദേഹത്തിന്‍റെ നിരവധി ശിഷ്യന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍കാല അദ്ധ്യാപകര്‍ പലരും പങ്കെടുത്തു. 1946 ല്‍ സ്കൂള്‍ ആരംഭിച്ച കാലം തൊട്ട് 1948 വരെ അദ്ധ്യാപകനായിരുന്ന നാരായണന്‍ മാസ്റ്റര്‍, ഇപ്പോള്‍ ഹോമിയോപതി പ്രാക്ടീസ് ചെയ്തു വരുന്ന ശിവരാമന്‍ മാസ്റ്റര്‍, സംസ്കൃതാദ്ധ്യാപകനായിരുന്ന കേശവപണിക്കര്‍ മാസ്റ്റര്‍ എന്നിവര്‍ വാസുമാഷോടൊപ്പം വേദി അലങ്കരിച്ചു.

എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു സംഭവം ഉണ്ടായി. കേശവപണിക്കര്‍ മാസ്റ്റര്‍ പ്രസംഗിക്കുകയാണ്. അദ്ദേഹത്തിന്‍റെ സേവന കാലം കേവലം ഒരു കൊല്ലമായിരുന്നുവെന്നും അന്നത്തെ കുറെ വിദ്യാര്‍ത്ഥികളെ ഇന്നും ഓര്‍ക്കുന്നുണ്ടെന്നും പറഞ്ഞ്, അല്‍പ്പം വികൃതിയായ ഒരു കേരളദാസനുണ്ണി അന്ന്ഉണ്ടായിരുന്നു എന്ന് പേര്എടുത്ത് പറയുകയുണ്ടായി.

എന്‍റെ മനസ്സില്‍ അത് പറയാനുണ്ടായ സന്ദര്‍ഭം ഓടിയെത്തി. ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയാണ്. കേശവപണിക്കര്‍ മാസ്റ്റര്‍ ക്ലാസ് എടുക്കുന്നു. അന്ന് രാവിലെ കിട്ടിയ മാതൃഭൂമി ആഴ്ച പതിപ്പില്‍ യശഃശരീരനായ അരവിന്ദന്‍ വരച്ച 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ രാമു ധരിച്ച ഷര്‍ട്ട് വരയ്ക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. പെട്ടെന്ന് പണിക്കര്‍ സാര്‍ അത് കണ്ടു. 'പുസ്തകവുമായി ഇവിടെ വാ' എന്നും പറഞ്ഞ് എന്നെ അദ്ദേഹത്തിന്‍റെ അടുത്തേക്ക് വിളിച്ചു. ചിത്രം നോക്കിയ ശേഷം എന്‍റെ ചെവിയില്‍ ഒരു പിടുത്തം.

'ക്ലാസ്സ് എടുക്കുമ്പോള്‍ ഇതാണോ പണി. ഇതു വരെ എന്താണ് ഇവിടെ പഠിപ്പിച്ചത്' എന്നൊരു ചോദ്യം. എല്ലാവരേയും അമ്പരപ്പിച്ച് അന്ന് ക്ലാസ്സില്‍ എടുത്ത 3 ഖണ്ഡികയും വള്ളി പുള്ളി തെറ്റാതെ ഞാന്‍ മനപ്പാഠം പറഞ്ഞു. 'നീ വികൃതിയാണെങ്കിലും പഠിക്കാന്‍ മിടുക്കനാണല്ലോ' എന്നും പറഞ്ഞ് അദ്ദേഹം മൃദുവായി കവിളിലൊന്ന് തലോടി. 49 കൊല്ലത്തിന്ന് ശേഷം അദ്ദേഹം അത് ഓര്‍ത്തത് എന്നെ വികാര തരളിതനാക്കി. പിന്നീട് നടന്ന ചടങ്ങുകളില്‍ എന്‍റെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളു, മനസ്സ് ഒമ്പതാം ക്ലാസ്സില്‍ ആയിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും ഗുരു പാദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. വാസു മാസ്റ്റര്‍ക്ക് പൂമാല തന്നെ സമര്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. പൊന്നാട അണിയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ കിണാവല്ലൂര്‍ ശശിധരനോട് 'കേശവപണിക്കര്‍ മാസ്റ്ററെ അണിയിച്ചോട്ടെ' എന്ന് ചോദിച്ച് സമ്മതം വാങ്ങി. പൊന്നാട അണിയിച്ച് പാദങ്ങളില്‍ തൊട്ട് പേര് പറഞ്ഞതും 'തന്നെയൊക്കെ എങ്ങിനേയാ മറക്കുക' എന്ന് അദ്ദേഹം പറഞ്ഞു. പഴയ സന്ദര്‍ഭം ഞങ്ങള്‍ ഇരുവരും അനുസ്മരിച്ചു. ഗുരുനാഥന്‍ ശിരസ്സില്‍ കൈ വെച്ചു.

എന്‍റെ ജീവിതം ധന്യമായി.


4 comments:

എറക്കാടൻ / Erakkadan said...

ഇത്തരം ഗുരുക്കന്മാരുടെ അനുഗ്രഹം മാത്രം മതി ജീവിതം ധന്യമാകാൻ

ramanika said...

ഗുരുവും ശിഷ്യനും എന്നും ഇതുപോലെ ഇരിക്കട്ടെ സ്കൂള്‍ ജീവിതം മറക്കാതെ ....

keraladasanunni said...

എറക്കാടന്‍ / Erakkadan,
ramanika.

അറിവിന്‍റെ ലോകത്തേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോയ ഗുരുഭൂതന്മാരെ അനുസ്മരിക്കുന്നത് തുടര്‍ച്ചയായി മൂന്നാം തവണയാണ്. ഇത്തവണ ഒഴിവാക്കാനാവാത്ത വിധം മനസ്സിനെ സ്പര്‍ശിച്ച ഒരു ഘടകം അതിലുണ്ട്.
Palakkattettan.

സുമേഷ് | Sumesh Menon said...

എത്താന്‍ വൈകിപ്പോയി..
പാലക്കാട്ടേട്ടന്റെ ജീവിതം ഗുരുകൃപാസാഗരമാണല്ലോ...
49 കൊല്ലങ്ങള്‍ക്ക് ശേഷവും ശിഷ്യനെ ഓര്‍ക്കുക... നമിക്കുന്നു ഗുരുവിനെ.. കൂടെ അതിനു കാരണഭൂതനായ ശിഷ്യനെയും...

No comments:

Post a Comment