Tuesday, July 12, 2011

എറണാകുളത്തെ ബ്ലോഗ് മീറ്റ്.

'' ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ...'' ഭാര്യയുടെ മൊബൈല്‍ ഫോണില്‍ അലാറം ശബ്ദിച്ചു. സമയം പുലര്‍ച്ചെ നാല് മണീ. ഞാനും ഭാര്യയും എഴുന്നേറ്റു. എറണാകുളത്ത് വെച്ചു നടക്കുന്ന ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാനുള്ളതാണ്.

അല്‍പ്പം അനാരോഗ്യവും അതിലേറെ മടിയും കാരണം പങ്കെടുക്കുന്നില്ലെന്ന് കരുതിയതാണ്. ചില സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധവും മീറ്റില്‍ വെച്ച് കാണാമെന്ന ജെ. പി. വെട്ടിയാട്ടില്‍ സാറിന്‍റെ കമന്‍റും കണ്ടപ്പോള്‍ പോയാലോ എന്നൊരു തോന്നല്‍. തുണയ്ക്ക് ഞാന്‍ കൂടി വരാം എന്ന് ഭാര്യ പറഞ്ഞതോടെ മീറ്റിന്ന് എത്താമെന്ന് ഡോക്ടര്‍ ജയനെ അറിയിച്ചിരുന്നു.

ഒരുക്കങ്ങള്‍ കഴിഞ്ഞ് പുറപ്പെടുമ്പോള്‍ മണി ആറാവുന്നതേയുള്ളു. മക്കള്‍ ഷെഡ്ഡില്‍ നിന്ന് കാര്‍ ഇറക്കി. പാലക്കാട് ജംക്ഷനില്‍ എത്തുമ്പോള്‍ കേരള എക്സ്പ്രസ്സ് എത്തുന്നതേയുള്ളു. ടിക്കറ്റ് വാങ്ങാന്‍ നോക്കുമ്പോള്‍ കൌണ്ടറിന്ന് മുമ്പില്‍ നിണ്ട ക്യൂ. ഒരു വിധം മുന്നിലെത്തുമ്പോഴേക്കും കേരള എക്സ്പ്രസ്സ് പാലക്കാട് വിട്ടു കഴിഞ്ഞു. അടുത്തത് ഐലന്‍ഡ് എക്സ്പ്രസ്സ്. ടിക്കറ്റുമായി പ്ലാറ്റ്ഫോമില്‍ എത്തുമ്പോഴേക്കും ആ വണ്ടിയും പുറപ്പെടാന്‍ ഒരുങ്ങുന്നു. വേഗം അതില്‍ കയറി പറ്റി. ഒരു വിധം സമയ ക്ലിപ്തത പാലിച്ച് വണ്ടി ഓടി. പക്ഷെ അത് തൃശ്ശൂര് വരെ മാത്രമേ ഉണ്ടായുള്ളു. തുരന്ത് എക്സ്പ്രസ്സിന്ന് കടന്നു പോവാന്‍ ഞങ്ങളുടെ വണ്ടി നാല്‍പ്പത്തഞ്ച് മിനുട്ട് പിടിച്ചിട്ടു.

നേരം വൈകും തോറും മനസ്സില്‍ വിഷമം കൂടി വന്നു. അങ്കമാലിയില്‍ എത്തിയപ്പോള്‍ ഞാന്‍ പൊന്മളക്കാരനെ വിളിച്ച് എത്താന്‍ വൈകുമെന്ന് അറിയിച്ചു.

'' സാരമില്ല '' എന്ന് അദ്ദേഹം ആശ്വസിപ്പിച്ചു. പത്തര മണിയോട് കൂടി എറണാകുളം നോര്‍ത്തിലെത്തി. മയൂര പാര്‍ക്കിന്ന് തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് ഉഴുന്ന് വടയും ചായയും കഴിച്ച് മുകളിലെത്തുമ്പോള്‍ പത്തേ മുക്കാല്‍. ചടങ്ങുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു.

എരിശ്ശേരിയില്‍ കയ്പ്പക്ക പെട്ടതു പോലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഞാനുള്‍പ്പടെ അഞ്ചാറ് വയസ്സന്മാരുണ്ട്. കഥ പറയല്‍ , അക്കങ്ങള്‍ ഇടവിട്ട് മലയാളത്തിലും ഇംഗ്ലീഷിലും പറയല്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് ശേഷം അന്യോന്യം പരിചയപ്പെടലായി. പരിപാടികള്‍ അവതരിപ്പിച്ച് തഴക്കവും പഴക്കവും വന്ന ശെന്തിലിന്‍റെ അവതരണം ഹൃദ്യമായി. ഫോട്ടോ മത്സരത്തിന്ന് മാര്‍ക്കിടാന്‍ ബ്ലോഗര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത് കേട്ടു. എനിക്ക് ഫോട്ടോഗ്രാഫിയിലുള്ള പരിജ്ഞാനം എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ആ സാഹസത്തിന്ന് മുതിര്‍ന്നില്ല.

പലരും വന്ന് പരിചയപ്പെട്ടു. ചിലരുടെ അടുത്ത് ഞാന്‍ ചെന്ന് സ്വയം പരിചയപ്പെടുത്തി. കര്‍ക്കിടക രാമായണവും കലിയുഗ വരദനും രചിച്ച കായംകുളം അരുണിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി ( ഞാനും വീട്ടുകാരിയും അദ്ദേഹത്തിന്‍റെ ആരാധകരാണ് ). കുസുമം പുന്നപ്ര, ശാലിനി, ഇന്ദ്രസേന, സജിം തട്ടത്തുമല , വില്ലേജ്മാന്‍ , ഷിനോജ് എന്നിവരെ പരിചയപ്പെട്ടു. കൊട്ടാരക്കര ഷെറീഫ് സാര്‍ . പൊന്മളക്കാരന്‍ , കൊട്ടോട്ടിക്കാരന്‍ എന്നീ സുഹൃത്തുക്കളോടൊപ്പം കുറെ നേരം സംസാരിച്ചിരുന്നു. രഘുനാഥന്‍ , കുമാരന്‍ എന്നീ ബ്ലോഗര്‍മാരുമായും കുറച്ച് സമയം സംസാരിക്കുകയുണ്ടായി. വേറേയും പലരുമായും സംസാരിച്ചെങ്കിലും പേരുകള്‍ ഓര്‍മ്മ വരുന്നില്ല ( വയസ്സായില്ലേ ). ജെ. പി വെട്ടിയാട്ടില്‍ സാറിനെ പ്രതീക്ഷിച്ചിട്ട് കാണാനായില്ല എന്നതില്‍ അല്‍പ്പം നിരാശ തോന്നി.

സജീവ് എല്ലാവരുടേയും രേഖാചിത്രം വരയ്ക്കാന്‍ തുടങ്ങിയിരുന്നു. തിരൂരില്‍ വെച്ച് അദ്ദേഹത്തിന്‍റെ തിരക്ക് കണ്ട് ഞാന്‍ പടം വരക്കാനായി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതി ഒഴിഞ്ഞു മാറിയതാണ്. ഇത്തവണ പൊന്മളക്കാരന്‍ വിട്ടില്ല. നിമിഷങ്ങള്‍ക്കകം ഞാനും സുന്ദരിയും കടലാസ്സിലായി.

ഉച്ച ഭക്ഷണം നന്നായിരുന്നു. അതിനകം ഗ്രൂപ്പ് ഫോട്ടൊ വിതരണത്തിന്ന് റെഡിയായിരുന്നു. ഡോക്ടര്‍ ജയന്‍ ഏരൂരിനേയും മറ്റു സംഘാടകരേയും ആ കാര്യത്തില്‍ എത്ര പ്രശംസിച്ചാലും അധികമാവില്ല. തിരിച്ചു പോരാനുള്ള ട്രെയിന്‍ സൌകര്യം കണക്കിലെടുത്ത് ക്ഷമാപണത്തോടെ നേരത്തെ ഇറങ്ങി.

സൌത്ത് സ്റ്റേഷനില്‍ ടിക്കറ്റിന്നായി ഒരു പൂരത്തിന്നുള്ള തിരക്ക്. ഒടുവില്‍ തിക്കി തിരക്കി കേരള എക്സ്പ്രസ്സില്‍ കയറി പാലക്കാട് എത്തുമ്പോള്‍ സമയം ആറര. മക്കള്‍ കാറുമായി എത്തിയതിനാല്‍ ഇരുട്ടുന്നതിന്ന് മുമ്പ് വീടെത്തി.

11 comments:

  1. ഒതുക്കത്തിൽ മീറ്റിനെ ആവാഹിച്ചിരിക്കുന്നു. നേരിട്ട് പരിചയപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷം ഒരിക്കൽ കൂടി പങ്ക് വയ്ക്കുന്നു.ആശംസകൾ. ഞാനും ഒരു പോസ്റ്റ് ഒപ്പിച്ചിട്ടുണ്ട്. ഇന്നുതന്നെ ഇട്ടേക്കും.

    ReplyDelete
  2. സാറിനെ വിശദ്ധമായി പരിജയപെടാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്.തൊടുപുഴമീറ്റില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.ആശംസകള്‍ ...

    ReplyDelete
  3. മീറ്റിന്റെ വിവരങ്ങളൊക്കെ (ചിത്രങ്ങൾ സഹിതം) ഡോക്ടറുടെ പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.കണ്ണൂർ മീറ്റിൽ സാറിനെ കാണാമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. എരിശ്ശേരിയില്‍ കയ്പ്പക്ക പെട്ടതു പോലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഞാനുള്‍പ്പടെ അഞ്ചാറ് വയസ്സന്മാരുണ്ട്.

    :)

    (വേഡ് വെരിഫിക്കേഷൻ മാറ്റൂ, കമന്റിടാൻ സൌകര്യമായിരിക്കും.)

    ReplyDelete
  5. സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്...
    സസ്നേഹം
    രഘുനാഥന്‍

    ReplyDelete
  6. ഇ. എം. സജിം ,
    സജിമിന്‍റെ ബ്ലോഗില്‍ കമന്‍റ് ചെയ്യാന്‍ പറ്റുന്നില്ലല്ലോ.
    Reji Puthenpurackal,
    ആശംസകള്‍ക്ക് നന്ദി. താമസിയാതെ കാണാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
    moideen angadimugar ,
    ഞാനും പ്രതീക്ഷിക്കുന്നു.
    കുമാരന്‍ ,
    സന്ദര്‍ശനത്തിന്ന് നന്ദി. വേഡ് വെരിഫിക്കേഷന്‍ എടുത്ത് മാറ്റാം 
    രഘുനാഥന്‍ ,
    തീര്‍ച്ചയായും വളരെ സന്തോഷമുണ്ട്. ഇങ്ങിനെ ഓരോ സന്ദര്‍ഭങ്ങളിലല്ലേ കണ്ടു മുട്ടാനാവൂ.

    ReplyDelete
  7. സന്തോഷം, പാലക്കാട്ടേട്ടാ!

    ഇടയ്ക്കിടെ നമുക്കൊക്കെ ഇനിയുംകാണാം!

    ReplyDelete
  8. jayan Evoor,

    തീര്‍ച്ചയായും നമുക്ക് ഇടയ്ക്ക് കാണണം 

    ReplyDelete
  9. മീറ്റില്‍ വന്നു ചേട്ടനെയും ചേച്ചിയെയും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്..


    വീണ്ടും കാണാം..എന്നെകിലും ഒരു മീറ്റില്‍ !

    ReplyDelete
  10. പാലക്കാടേട്ടാ മീറ്റിൽ കണ്ടെങ്കിലും വീഡിയോ പിടിത്തം കാരണം വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല. ഫോട്ടോയും വീഡിയോയും പോസ്റ്റിയിട്ടുണ്ട്. വന്നു കാണുമല്ലോ? http://kaarnorscorner.blogspot.com

    ReplyDelete
  11. Villagemaan,

    തീര്‍ച്ചയായും മറ്റൊരു മീറ്റില്‍ വെച്ച് കാണം 

    kARNOr, ( കാര്‍ന്നോര് )

    തിരക്കില്‍ ഒന്ന് കാണാന്‍ കഴിഞ്ഞതേയുള്ളു. പോസ്റ്റും വീഡിയോയും നോക്കുന്നുണ്ട്.

    ReplyDelete