Tuesday, October 8, 2013

പേറ്റുനോവ് . (കവിത)


കിഴക്കേ ചക്രവാളം തുടുക്കും മുൻപേത്തന്നെ
ഗർഭിണിയവളെത്തി ആസ്പത്രി കവാടത്തിൽ.

ദുർഗ്ഗന്ധം വമിക്കുന്ന അഴുക്കു വസ്ത്രത്തോടും
തളർന്ന ശരീരവും നിറഞ്ഞ വയറുമായ്.

മുച്ചക്ര വണ്ടിയുടെ ഒറ്റക്കൺ വെളിച്ചത്തിൽ
വേച്ചുവേച്ചവൾ മെല്ലെ നടന്നു ശുശ്രൂക്ഷക്കായ്.

തീഷ്ണമാം പേറ്റുനോവ് താങ്ങുവാനാവാതവൾ
ഇടുപ്പിൽ കൈകളൂന്നി കരുണയ്ക്കായി നിന്നു.

ഒരു സാന്ത്വനം പോലെ വാഹനമോടിച്ചവൻ
അവളോടൊപ്പം ചെന്നു ഡോക്ടറെ കാണ്മാനായി.

മേശ തന്നിരുപുറം ഡോക്ടറും നേഴ്സമ്മയും
ചായയും മൊത്തി കുടിച്ചിരിക്കുന്നതു കണ്ടു.

എവിടുന്നാടോ താനീ നാറ്റ പണ്ടാരത്തിനെ
പുലരും മുമ്പേതന്നെ ഇങ്ങോട്ട് കൊണ്ടുവന്നു.

വെള്ള വസ്ത്രക്കാരിടെ അവജ്ഞ കലർന്നുള്ള
ചോദ്യം കേട്ടവൻ മെല്ലെയിങ്ങിനെ മൊഴി നൽകി.

ഓട്ടം പോയ് വരും നേരം വിളക്കിൻ കാലിൽ
ചാരി ഉറക്കെ കരഞ്ഞു കൊണ്ടിരിക്കുന്നതു കണ്ടൂ.

ഗർഭിണിയെന്നു തോന്നി ഓട്ടോയിൽ കേറ്റി ഞാനും
ഇവിടെ കൊണ്ടെത്തിച്ചു മറ്റൊന്നുമറിയില്ല.

തന്നെപ്പോൽ ചിലരുണ്ട് മനുഷ്യസ്നേഹികളായ്
ഞങ്ങടെ ബദ്ധപ്പാട് ഒട്ടുമേ അറിയാത്തോർ.

ക്രോധം പൂണ്ടവൻ വേഗം കയ്യിലെ ഭാണ്ഡക്കെട്ട്
ഗർഭിണി മുമ്പിൽ വെച്ചിട്ടിങ്ങിനെയുരചെയ്തു.

എന്തു വേണേലും നിങ്ങൾ ചെയ്തോ പോകുന്നു ഞാനും
വണ്ടി കൈമാറീടേണം പുലരും മുമ്പെനിക്ക്.

എന്താണ് ഇവളുടെ പേരെന്ന് ചോദിക്കുവിൻ എന്നിട്ടു
വാർഡിൽ വേഗം കൊണ്ടു പോയ് കിടത്തുവിൻ.

ഡ്യൂട്ടിയിലുള്ള പയ്യൻ ഡോക്ടറ് മൊഴിഞ്ഞപ്പോൾ
നേഴ്സമ്മ ഗർഭിണിയെ ശരിക്കുമൊന്നു നോക്കി.

കഴുത്തിൽ പൊന്നു കോർത്ത ചരടുപോലുമില്ല,
അബദ്ധം പിണഞ്ഞവളെന്നത് തീർച്ചതന്നെ.

എന്തുവാ നിൻറെ പേരു എവിടാ വീടെന്നതും
പറക വേഗം വേറെ പണികൾ നോക്കാനുണ്ട്.

ഊമയെപോലെയവൾ ചുമരും ചാരി നിന്നു
ഊരും പേരറിയാത്ത പാവമാം മിണ്ടാപ്രാണി.

ചിലപ്പോളിവളുടെ ഭാണ്ഡത്തിൽ നിന്നു വല്ല
വിവരം കിട്ടിയേക്കും വീട്ടിലുള്ളോരെപ്പറ്റി.

എന്നതു നിരൂപിച്ചു ഭാണ്ഡക്കെട്ടഴിച്ചപ്പോൾ
കാണുമാറായി വന്നു വിചിത്ര വിശേഷങ്ങൾ.

കരിങ്കൽചീള്, കാലിക്കുപ്പികൾ, കടലാസ്സ്,
പിഞ്ഞിയ തുണികളുമല്ലാതെ മറ്റൊന്നില്ല.

സാറേയിങ്ങോട്ടു നോക്കൂ എന്താണീ കാണുന്നത്
വട്ടുകേസാണ് ഇവൾ ഇല്ല സംശയമേതും.  

തുണയ്ക്കാരോരുമില്ല കാൽ കാശിൻ വഴിയില്ല
സംഗതി പിശകാവും പേറെടുക്കാനായ് നിന്നാൽ.

ഗൈനക്ക് ലീവാ സാറേ ആ കാര്യം ഓർമ്മ വേണം
നമുക്ക് പണിയാവും കാര്യം ഞാൻ പറഞ്ഞേക്കാം.

നമ്മുടെ ഡ്യൂട്ടി തീർന്നാൽ പകരം വരുന്നവർ
നമ്മളെ വെച്ചേക്കില്ല ഇതിനെ വാർഡിൽ കണ്ടാൽ.

ഇപ്പോഴൊറ്റക്കാണിവൾ എന്നത് ശരി തന്നെ
വല്ലതും പറ്റിപ്പോയാൽ ചോദിക്കാൻ ആളുണ്ടാവും.

സാറിന് അറിയില്ല ആളുകൾ മോശക്കാരാ
ഞാനിത് കുറേ കാലം കണ്ടതാണറിയാമോ.

എന്തിനു നമ്മൾ വയ്യാവേലിയെ ചുമക്കുന്നു
പണി പോയീടിൽ പിന്നെ ആരുമേ ഉണ്ടാവില്ല.

ഇപ്പോഴാണെങ്കിൽ നമ്മൾ മാത്രമേ അറിയുള്ളു
ആളുകളെത്തിച്ചേരും സമയം പോകും തോറും.

എന്നതു കേട്ടു ഡ്യൂട്ടി ഡോക്ടറ് എഴുന്നേറ്റു 
വേണ്ടതു ചെയ്യൂ നിങ്ങൾ ഞാനൊന്നുമറിയില്ല.

എന്തിനാ പെണ്ണേ നീയ്യ് ഇപ്പോഴേ എഴുന്നള്ളി
ആഴ്ചകൾ രണ്ടോ മൂന്നോ കഴിയും പ്രസവിക്കാൻ.

നീ വേഗം വീട്ടിൽ ചെന്ന് കെട്ട്യോനെ കൂട്ടി വന്നോ
ഉടനെ ഞങ്ങൾ നിന്നെ ഇവിടെ കിടത്തിക്കാം.

എന്താണെന്നറിയാതെ മിഴിച്ചു നിന്നാണവൾ
മെല്ലവെ ഇറങ്ങിപ്പോയ് തെല്ലിട കഴിഞ്ഞപ്പോൾ.

ഇവളെപോലുള്ളോരു പാവത്തെ നശിപ്പിച്ചോൻ
പരമദ്രോഹി ദൈവം അവനെ ശിക്ഷിക്കട്ടെ.

വാതിലു കടന്നവൾ മുറ്റത്തേക്കിറങ്ങുമ്പോൾ
ധാർമ്മികരോഷം പൂണ്ട നേഴ്സമ്മ ശാപം നൽകി.

മഴത്തുള്ളികൾപോലെ നിമിഷങ്ങളുതിരവേ
സംഭ്രമം പടർന്നിതു സിസ്റ്റർതൻ മനതാരിൽ.

പകരക്കാരി സിസ്റ്റർ ദേവകി വന്നില്ലല്ലോ
ഇന്നലെ പറഞ്ഞതാ ഇത്തിരി മുന്നെയെത്താൻ.

വീട്ടിലെത്തീട്ടുവേണം ഭർത്താവിനോടും കൂടി
അകലെ നഗരത്തിൽ മകളെ കാണാൻ പോവാൻ.

ഗർഭിണിയവൾക്കിതു മാസവുമേഴായല്ലോ
കാവുകൾ പലതിലും തൊഴുകാൻ കൂട്ടിപ്പോണം.

ദൈവത്തിൻ തുണവേണം പ്രസവ സമയത്ത്
നമ്മളാലാവുന്നത് ചെയ്യേണമതിനായി.

ചുമക്കും ഭാരം മകൾ ഇറക്കിവെക്കും വരെ
സ്വൈരമായിരിക്കുവാൻ എങ്ങിനെ അമ്മയ്ക്കാവും.

ഈവിധം സിസ്റ്റർ ഓരോ ചിന്തയിൽ മുഴുകവേ
അലഞ്ഞു നിഷ്ക്കാസിത കിടക്കാനിടം തേടി.

ഒന്നടുത്തിരിക്കുവാൻ തടവിക്കൊടുക്കുവാൻ
സാന്ത്വനം പകരുവാൻ ആരുമേയെത്തിയില്ല.

എങ്കിലുമേതോ ദിവ്യശക്തിതൻ കരങ്ങള്
അവൾതൻ ചാരത്തെത്തി പ്രസവമെടുക്കുവാൻ.

അടഞ്ഞു കിടന്നൊരു മരുന്നു കടയുടെ
പടവിൽ കിടന്നവൾ കുഞ്ഞിനു ജന്മം നൽകി.

മേഘപാളികൾ നീക്കി താഴത്തേക്കിറങ്ങിയ
അരുണ കിരണങ്ങൾ തളിർ മേനിയെ തൊട്ടു.

13 comments:

  1. ദാസേട്ടന്റെ ഇത്തരത്തിലുള്ള ഒരു രചന ആദ്യമായാണ്‌ വായിക്കുന്നത് എന്ന് തോന്നുന്നു. ഒരു കഥ ഉരുത്തിരിഞ്ഞു വന്നു. പ്രമേയം - പേറ്റുനോവ് ആര്ക്കായാലും നോവ്‌ തന്നെ. ഇനിയും എഴുതാൻ സാധിക്കട്ടെ, ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ എഴുതിയത് ശരിയാണ്. കവിത എഴുതുന്ന പതിവില്ല. വെറുതെ ഒന്ന് എഴുതി നോക്കിയതാണ്. ആശംസകൾക്ക് നന്ദി.

      Delete
  2. 'ഇവളെപോലുള്ളോരു പാവത്തെ നശിപ്പിച്ചോൻ
    പരമദ്രോഹി ദൈവം അവനെ ശിക്ഷിക്കട്ടെ.

    വാതിലു കടന്നവൾ മുറ്റത്തേക്കിറങ്ങുമ്പോൾ
    ധാർമ്മികരോഷം പൂണ്ട നേഴ്സമ്മ ശാപം നൽകി.'

    അതേ ദൈവം തന്നെ ഇവളേയും ശിക്ഷിക്കേണമേ..!

    ReplyDelete
    Replies
    1. ആ അഗതിക്ക് ഒരു സഹായവും നൽകാതെ ധാർമികരോഷം കൊള്ളുന്ന നേഴ്സിന്ന് ശിക്ഷ ലഭിച്ചേക്കും. അപ്പോഴും ഈ ചെയ്തിക്കുള്ള ശിക്ഷയാണ് എന്ന് അവർ തിരിച്ചറിയുകയില്ല.

      Delete
  3. കാവ്യം കാലത്തിന് നേരെ പിടിച്ച കണ്ണാടിപോലെയുണ്ട്

    ശക്തം!

    ReplyDelete
    Replies
    1. ajith,
      ഇത് വലിയൊരു പ്രോത്സാഹനമാണ്.

      Delete
  4. ഈ കവിതയിൽ പ്രതിപാദിക്കുന്ന പോലുള്ള അവസരങ്ങളിൽ, പ്രസവമരണങ്ങൾ (അമ്മ/കുഞ്ഞ്) സംഭവിക്കുന്നത് താരതമ്യേന കുറവാണെന്നു തോന്നുന്നു.അതിനുള്ള സാധ്യത താരതമ്യേന കൂടുതലാണെങ്കിലും.കാരണം,കവിതയിൽപ്പറയും പോലെ ഇത്തരം സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്നത് ദൈവകരങ്ങളാണെന്നതു തന്നെയാവാം.!! മറ്റുള്ളവയിൽ സാക്ഷാൽ മനുഷ്യകരങ്ങളും !!


    വളരെ നല്ലൊരു കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൗഗന്ധികം,
      എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്. പരിചരണയൊന്നും ലഭിക്കാത്തവർക്ക് ഏതോ ശക്തി സഹായത്തിന്ന് എത്തും

      Delete
  5. ഏതെങ്കിലും കടവിൽ ശവം അടിഞ്ഞാൽ കേട്ടിട്ടുണ്ട് ആ സ്റ്റേഷൻ അതിർത്തിയിൽ നിന്ന് ഒഴിവാക്കുവാൻ കുത്തി തോണ്ടി താഴേക്ക്‌ വിടും
    ശവത്തിനെ അല്ലാതെ കണ്ടാൽ മുടിഞ്ഞ ബഹുമാനം തൊപ്പി ഊറി ചില യുണി ഫോം അങ്ങിനെ ആണ്
    നല്ല കവിത സാമൂഹ്യ പരിച്ചേദം

    ReplyDelete
    Replies
    1. ബൈജു മണിയങ്കാല,
      രണ്ട് പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിൽ വെച്ച് തീവണ്ടി തട്ടി മരിച്ചയാളുടെ മൃതദേഹം തർക്കം കാരണം പോസ്റ്റ്മോർട്ടത്തിന്ന് കൊണ്ടുപോവാൻ വൈകിയ വാർത്ത മുമ്പൊരിക്കൽ വായിച്ചിരുന്നു. ഉത്റ്റ്ഹരവാദിത്വത്തിൽ നിന്ന് എങ്ങിനെ ഒഴിയാം എന്നല്ലേ നോട്ടം. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

      Delete
  6. ശക്തമായ പ്രമേയം, ലളിതമായ ആഖ്യാനം. രക്തം വാർന്ന് റോഡരികിൽ കിടക്കുന്ന ഉടനെ ആശുപത്രിയ്ലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈൽ ഷോട് എടുക്കാൻ ശ്രമിക്കുന്നവരും തൻ കാര്യം നോക്കി സ്ഥലം വിടുന്നവരും മറക്കരുത്. "ഇന്നു ഞാൻ നാളെ നീ"

    തുടരുക, ദാസേട്ടാ. ഇതും പൊലിക്കും, നൂറുമേനി.

    ReplyDelete
    Replies
    1. രാജഗോപാൽ,
      അപ്പോൾ ധൈര്യമായി എഴുതി തുടങ്ങാം അല്ലേ.

      Delete
  7. ഈണത്തില്‍ ചൊല്ലാവുന്ന ശുദ്ധമായ ഒരു കവിത
    വിഷയവും കണ്മുന്നില്‍ കാണുന്നത് തന്നെ..
    (ചിലരുടെ മടുപ്പുളവാക്കുന്ന,കുറച്ചു വാക്കുകള്‍ മുറിച്ചു മുറിച്ചു എഴുതി കവിത എന്ന ലേബലില്‍,ആണോ പെണ്ണോ എന്ന് തിരിച്ചറിയാത്ത "ആധുനികന്‍" , കവിതകളെ എനിക്ക് തീരെ പിടുത്തമല്ല).
    അഭിനന്ദനങ്ങള്‍ ഏട്ടാ.
    തുടരൂ ഈ യാത്ര.

    ReplyDelete