Sunday, October 20, 2013

ദൈവത്തട ( കഥ ).


'' പാട്ടത്തിനെടുത്ത പത്തുപറക്കണ്ടം കൈവശം കിട്ടിയപ്പഴയ്ക്കും നിൻറെ വീട്ടുകാർക്ക് തെമ്പ് കൂടിട്ടുണ്ട്. അത് എൻറടുത്ത് ചിലവാകില്ല '' ചാരായത്തിൻറെ രൂക്ഷഗന്ധത്തോടൊപ്പം വേലായുധൻറെ വായിൽ നിന്ന് വാക്കുകൾ ചിതറി വീണു.മീനാക്ഷി അയാളെത്തന്നെ നോക്കി നിന്നു. ഇന്നെന്താ പതിവില്ലാതെ കുടിച്ച് കൂത്താടി വന്നിരിക്കുന്നത്.

വേലായുധൻ കഠിനാദ്ധ്വാനിയാണ്. പാടത്ത് പണിക്ക് പോവും, വെളുപ്പിനും വൈകുന്നേരവും പനയിൽ നിന്ന് കള്ള് ചെത്തും, മരം വെട്ടാനും, ഈർച്ചപ്പണിക്കും മിടുമിടുക്കൻ. സമ്പാദിച്ച് കിട്ടുന്നത് ധൂർത്തടിച്ച് കളയില്ല. കുറേശ്ശയായി സ്വരൂപിച്ച് താമസിക്കുന്ന ഓലപ്പുര ഓടിട്ടു. വല്ലപ്പോഴും അൽപ്പം മദ്യപിക്കും. ഒരിക്കലും നില തെറ്റാറില്ല. ഇന്നിപ്പോൾ എന്തു പറ്റി. മീനാക്ഷിക്ക് വേവലാതിയായി.

'' എൻറെ വീട്ടുകാരു നിങ്ങളോട് എന്തു കാട്ടീന്നാ പറയിണത് '' അവൾ ചോദിച്ചു.

'' എന്താ ഇനി കാട്ടാൻ ബാക്കീള്ളത്. പത്താളുടെ മുന്നിൽ വെച്ച് അവമാനിച്ചത് പോരേ ''.

'' ആരാ അവമാനിച്ചത്. വാലും മൂടും ഇല്ലാണ്ടെ ഓരോന്ന് പറഞ്ഞാൽ എനിക്ക് തിരിയില്ല ''.

'' എന്നാ കേട്ടോ. നിൻറെ ചെറിയ ആങ്ങള ഒരുത്തനില്ലേ. അവനാ മാനം കെടുത്തീത് ''.

വാസുക്കുട്ടൻ അങ്ങിനെ ചെയ്യില്ലെന്ന് മീനാക്ഷിക്ക് ഉറപ്പുണ്ട്. വേലായുധൻ കല്യാണം കഴിച്ച സമയത്ത് അവൻ ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. പിന്നെ കോളേജിൽ പോയി. അതും ജയിച്ചു. കുറച്ചുകാലം ട്യൂഷൻ പഠിപ്പിക്കാൻ ചെന്നു. അപ്പോഴേക്കും റജിസ്ട്രാപ്പീസിൽ ജോലി കിട്ടി. അവന് എല്ലാ കാര്യത്തിലും വിവരം ഉണ്ട്. എന്തെങ്കിലും കാര്യം സാധിക്കാൻ പലരും അവൻറെ അടുത്ത് വരാറുണ്ട്. ഒരാളും അവനെ കുറ്റം പറയില്ല.

'' എൻറെ വാസു എന്തു ചെയ്തൂന്നാ പറയിണത് ''.

'' ഒക്കെ വിസ്തരിക്കണോ. അവൻ എൻറെ മുഖത്ത് കരി തേച്ചു. അതന്നെ ''.

മീനാക്ഷി കൂടുതൽ വിസ്തരിക്കാൻ നിന്നില്ല. ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയിട്ട് എന്താ കാര്യം. അവൾ അടുക്കളയിലേക്ക് ചെന്നു. ചെള്ളിപ്പൊടി വാങ്ങീട്ടുണ്ട്. അതും വഴുതിനിങ്ങയും കൂടി വറ്റിക്കണം. മൂപ്പർക്ക് അത്ച്ചാൽ ജീവനാണ്. വയറു നിറയെ കഞ്ഞി കുടിച്ച് നേരത്തെ കിടന്നുറങ്ങിക്കോട്ടേ. നേരം വെളുക്കുമ്പോഴേക്ക് കുടിച്ചതിൻറെ കെട്ടുവിടും.

വേലായുധൻ ബീഡിയും കത്തിച്ച് പടിക്കൽ ചെന്നു നിന്നു. അകത്ത് മക്കൾ രണ്ടാളും പഠിക്കുന്നുണ്ട്. അവരെങ്കിലും പഠിച്ചു നന്നാവട്ടെ. എന്നിട്ടു വേണം അവളുടെ വീട്ടുകാരുടെ മുമ്പിൽ ഞെളിഞ്ഞു നിൽക്കാൻ. പഠിപ്പുള്ളതോണ്ടല്ലേ അവൻ ഇന്ന് ഇങ്ങിനെ കാട്ട്യേത്. ഓർത്തപ്പോൾ വേലായുധന് സങ്കടവും കോപവും ഒന്നിച്ചു വന്നു.

കുറച്ചായി അപ്പൻ വയ്യാണ്ടെ കിടപ്പാണ്. ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഭേദം കിട്ടാതെ വന്നപ്പോൾ നാട്ടുവൈദ്യം നോക്കി. ഒന്നും ഫലം കാണുന്നില്ല. എന്നാൽ പിന്നെ പണിക്കരെ കണ്ട് കവിടി വാരിവെപ്പിച്ചു നോക്കാം എന്നുവെച്ച് ഇറങ്ങിയതാണ്. അത്താണിയുടെ അടുത്ത് എത്തിയപ്പോൾ ചെറിയ അളിയൻ അഞ്ചാറ് ആളുകളോടൊപ്പം സംസാരിച്ചു നിൽക്കുന്നു. കണ്ടിട്ട് കാണാത്തമട്ടിൽ പോയി എന്ന് വരുത്തണ്ടാ എന്നുവെച്ച് അടുത്ത് ചെന്നു. എങ്ങോട്ടാ പോകുന്നത് എന്ന് ചോദിച്ചപ്പോൾ ഉള്ള കാര്യം പറഞ്ഞു. അതിനവൻ എന്താ ചെയ്തത്.

'' മനുഷ്യൻ ചന്ദ്രനിൽ പോയിവന്ന കാലത്ത് രോഗം മാറാൻ ജോത്സ്യനെ കാണാൻ പോണൂ. കഷ്ടംതന്നെ '' അതും പറഞ്ഞ് ഒറ്റ ചിരി. കൂട്ടത്തിൽ മറ്റുള്ളവരും. തൊലിയുരിഞ്ഞു എന്നു പറഞ്ഞാൽ പോരേ. ഒന്നും പറയാതെ തിരിച്ചു പോന്നൂ.

'' എടി. വേലായുധൻ വന്ന്വോ '' അപ്പൻറെ ശബ്ദമാണ്.

'' ഞാൻ ഇവിടീണ്ട് ''.

'' പോയ കാര്യം എന്തായെടാ ''. പണിക്കരെ കണ്ട വിവരമാണ് അപ്പൻ ചോദിക്കുന്നത്.

'' ഇന്ന് അയാളില്ല. നാളെ പോയി കാണാം ''.

'' വെറുതെയല്ല കാണാൻ പറ്റാഞ്ഞത്. കാലക്കേട് അത്രയ്ക്ക് ഉണ്ടാവും ''.

പിറ്റേന്നു തന്നെ വേലായുധൻ പണിക്കരെ കാണാൻചെന്നു. അപ്പൻറെ പേരും നാളും പറഞ്ഞ് രാശി വെപ്പിച്ചു.

'' ഇതിനെ ദെണ്ണം എന്ന് പറയാൻ പറ്റില്ല. എന്തോ ചെയ്തു വെച്ചിട്ടുണ്ട് ''.

അങ്ങിനെ വരട്ടെ. വെറുതെയല്ല ഒരു മരുന്നും ഫലിക്കാത്തത്. എന്നാലും ആരാ ഇമ്മാതിരി ദ്രോഹം ചെയ്തത് എന്ന് അറിയണം.

'' എവിടുന്നാ എന്നും കൂടി പറയിൻ '' വേലായുധൻ നിർബന്ധിച്ചു.

'' അതു വേണ്ടാ. നാളെ മേലാൽ തമ്മിൽ തമ്മിൽ അലോഹ്യം ആവാൻ അതു മതി ''.

എന്നിട്ടും വേലായുധൻ ആവശ്യത്തിൽ നിന്ന് പിന്മാറിയില്ല.

'' ദോഷം ഉണ്ടെങ്കിൽ അത് പരിഹരിക്ക്യാണ് വേണ്ടത്. നോക്കുമ്പോൾ ദോഷം കാണുണുണ്ട്. ആദ്യം അതിനു വേണ്ടത് ചെയ്യിച്ച് ദോഷം തീർക്ക്. അതു കഴിഞ്ഞിട്ടാവാം ആരാണ് എന്താണ് എന്നൊക്കെ നോക്കുന്നത്. ഇപ്പൊ ഞാൻ ഒരു ചാർത്ത് തരാം. കാവിലെ വെളിച്ചപ്പാടിനെ അത് കാണിക്ക്. ബാക്കി അയാള് പറഞ്ഞു തരും ''.

ജോത്സ്യൻ ചാർത്തെഴുതി വായിച്ചു കേൾപ്പിച്ചു. പറങ്ങോടൻ 72 വയസ്സ്, കാർത്തിക നക്ഷത്രം എന്ന നാമധേയക്കാരൻറെ രോഗാവസ്ഥയെക്കുറിച്ച് ചിന്തിച്ചതിൽ അഭിചാരം ഉള്ളതായി കാണുന്നു. ദോഷനിവാരണത്തിന്നും പിന്നീട് വല്ല ആഭിചാര ക്രിയകൾ ചെയ്താൽ ഏൽക്കാതിരിക്കാനും വേണ്ട കർമ്മങ്ങൾ ചെയ്യേണ്ടതാണ്.

വേലായുധൻ നേരെ വെളിച്ചപ്പാടിനെ കാണാനാണ്ചെന്നത്. ഭാഗ്യത്തിന് ആള് സ്ഥലത്തുണ്ട്. ചാർത്ത് വാങ്ങി അയാൾ വായിച്ചു.

'' നീ വന്ന സമയം നന്നായി '' വെളിച്ചപ്പാട് പറഞ്ഞു '' ഇന്ന് മുപ്പട്ട് വെള്ളിയാഴ്ചയാണ്. സന്ധ്യ കഴിയുമ്പോ കാവിലേക്ക് വന്നോ. ഭഗവതി ഉണ്ടായി കൽപ്പന തരാം ''.

മകരമാസക്കാറ്റിനോടൊപ്പം കാവിൻറെ മുന്നിലെ പേരാലിൻറെ ഇലകളും കൽവിളക്കിലെ ദീപനാളവും നൃത്തം ചെയ്യുന്നതും നോക്കി വേലായുധൻ നടയ്ക്കൽ നിന്നു. അത്താഴപ്പൂജ കഴിഞ്ഞതും വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി. പള്ളിവാളും അരമണിയും കാൽച്ചിലമ്പും ഒന്നിച്ച് ശബ്ദം ഉയർത്തി.

'' ചെയ്‌വന ഉണ്ട്. അതാ ദീനം മാറാത്തത് '' തമ്പാട്ടി അരുളി ചെയ്തു.

'' എവിടുന്നാ ഈ ചെയ്‌വന ഉണ്ടായത്. എന്താ അതിന് വേണ്ടത് '' വേലായുധൻ കൈകൂപ്പി.

'' എൻറെ മകൻറെ ഭാര്യ വീട്ടിന്നാണ്. അതിന് തടയിടണം ''.

വേലായുധൻറെ മനസ്സ് പൊള്ളി. അപ്പൻ വയ്യാതെ കണ്ട് കിടക്കാൻ മീനാക്ഷിയുടെ വീട്ടിലെ ആരോ എന്തോ കൂടോത്രം ചെയ്തിട്ടുണ്ട്. അതാണ് പണിക്കരെ കാണാൻ പോയ സമയത്ത് ചെറിയ അളിയൻ മുടക്കം പറഞ്ഞത്. സത്യം അറിയാതിരിക്കാൻ ചെയ്ത പണി.

'' എന്താ ഞാൻ ചെയ്യണ്ട് '' വേലായുധൻ കേണു.

'' അമ്മ കാപ്പാത്തിക്കോളും. പക്ഷെ തടയിടണം. പിന്നെ ഒരു ഉപദ്രവൂം ഉണ്ടാവില്ല. പക്ഷെ ഒരു കാര്യം ഓർമ്മ വെക്കണം. പിന്നെ നിങ്ങളുടെ കുടുംബത്തിന്ന് ആരും അങ്ങോട്ട് ചെല്ലാൻ പാടില്ല. അവിടെ നിന്ന് ഇങ്ങോട്ടും ''.

'' അപ്പോൾ മീനാക്ഷി ''.

'' അവളെ പറഞ്ഞയക്കണം ''. അത് വേലായുധന് സഹിക്കാനായില്ല. പത്ത് പതിനഞ്ച് കൊല്ലം ഒന്നിച്ച് കഴിഞ്ഞതാണ്. അവളെ കൈ വിടാൻ മനസ്സ് വരുന്നില്ല. പക്ഷെ അപ്പൻ. അമ്മ മരിച്ചശേഷം എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് വളർത്തി വലുതാക്കിയ അപ്പനേക്കാൾ വലുത് മറ്റൊന്നുമില്ല. വേണ്ടി വന്നാൽ അപ്പനുവേണ്ടി മീനാക്ഷിയെ ഉപേക്ഷിക്കണം.

'' അതല്ലാതെ വേറെ വല്ലതും ''.

'' വേണച്ചാൽ മതി '' അതോടെ നിയോഗം തീർന്നു. നിരാശനായിട്ടാണ് വേലായുധൻ തിരിച്ചു പോന്നത്.

'' എന്താണ്ടാ കൽപ്പന '' പറങ്ങോടൻ മകനെ കാത്തിരിപ്പാണ്. വേലായുധൻ വിവരമെല്ലാം പറഞ്ഞു.

'' മീനാക്ഷിയെ തീർക്കണംന്നോ. അത് പറ്റില്ല ''.

'' അല്ലാണ്ടെ ഒരു വഴീല്യാത്രേ ''. അപ്പനും മകനും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചു നിന്ന മീനാക്ഷിയുടെ മനസ്സ് തേങ്ങി. കെട്ടിയവൻ ഉപേക്ഷിക്കുന്നതോടെ മക്കളെ വിട്ട് പോവേണ്ടി വരും. പിന്നെ ഈ കുടുംബത്തിലെ ആരുമല്ലാതാവും.

നിമിഷങ്ങളുടെ ആയുസ്സ് വർദ്ധിച്ചു വന്നു. ആർക്കും ഒന്നും പറയാനില്ല. എല്ലാവരുടേയും മനസ്സിൽ കനലാണ്. പുസ്തകം തുറന്നു വെച്ച മക്കൾ മറ്റേതോ ലോകത്തിലെത്തി. അമ്മ ഇല്ലാതാവുന്നു. അപ്പൻ വേറെ കല്യാണം കഴിച്ചാൽ പിന്നെ അവരാവും അമ്മ. അതിലും ഭേദം എങ്ങോട്ടെങ്കിലും പോവുകയാണ്.

'' നീ നാളെ ചെന്ന് ആ തമ്പാട്ടിയെ കൂട്ടീട്ട് വാ. എനിക്ക് ചിലത് പറയാനുണ്ട് '' തിങ്ങി നിന്ന നിശ്ശബ്ദതയെ പറങ്ങോടൻ പൊളിച്ചു മാറ്റി.

രാത്രി ആരും ആഹാരം കഴിച്ചില്ല. വേലായുധൻ മുറ്റത്ത് പായ നിവർത്തി കിടന്നു. മറ്റുള്ളവർ അകത്തും. രാവിലെ നേരത്തെ തന്നെ വേലായുധൻ വെളിച്ചപ്പാടിനെ കൂട്ടി എത്തി.

'' എന്താ പറങ്ങോടാ. കാണണം എന്ന് പറഞ്ഞത് '' അയാൾ ചോദിച്ചു.

'' ഇന്നലെ ചിലത് ഇവൻ വന്നു പറഞ്ഞു. അത് ചോദിക്കാനാണ് ''.

'' ഒക്കെ വിസ്തരിച്ച് പറഞ്ഞിട്ടുണ്ടല്ലോ ''.

'' ഉവ്വ്. അപ്പോൾ മീനാക്ഷി ''.

'' അവളെ തീർത്തിട്ട് അവളുടെ വീട്ടിൽ കൊണ്ടുപോയി ആക്കണം. പിന്നെ അവിടെ നിന്ന് ആരും വരാനോ കാണാനോ പാടില്ല ''.

'' അവളെ തീർത്താൽ ഞങ്ങളെന്തു ചെയ്യും. വീട്ടിൽ ആളു വേണ്ടേ ''.

'' വേലായുധന് പത്തു നാൽപ്പത് വയസ്സല്ലേ ആയുള്ളു. വേറൊന്നിനെ കെട്ടട്ടെ. നിങ്ങളൊന്ന് പറയിൻ. എത്ര പെൺകുട്ടികളെ വേണച്ചാലും ഞാൻ കാട്ടിത്തരാം ''.

'' പെൺകുട്ട്യോളെ എത്ര വേണച്ചാലും കിട്ടും. പക്ഷെ അത് മീനാക്ഷിയെപോലെ ആവില്ല. ഞാനുള്ളപ്പോൾ അവളെ തീർക്കാൻ സമ്മതിക്കില്ല ''.

'' അപ്പോൾ ദീനം മാറണ്ടേ ''.

'' ഞാൻ ഇങ്ങിനെത്തന്നെ കിടന്ന് ചത്തോട്ടേ. എന്നാലും അവളെ വിടില്ല. കഴിഞ്ഞ പത്ത് പതിനഞ്ച് കൊല്ലായിട്ട് ഒരു മകളെപ്പോലെ എന്നെ നോക്കുന്നതാ അവള്. കരഞ്ഞോണ്ട് അവള് പടിയിറങ്ങി പോവാൻ പാടില്ല ''.

അകത്തു നിന്ന് മീനാക്ഷി എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. ഇതുപോലെ ഒരു അപ്പനെ കിട്ടിയത് പുണ്യം. അല്ലെങ്കിൽ ?

'' ഇനിയിപ്പൊ എന്താ വേണ്ടത് ''.

'' ഇതല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പറയിൻ. അത് ചെയ്യാം ''.

'' എങ്കിൽ ദൈവത്തട ആയിക്കോട്ടെ. അതാവുമ്പോൾ ആളുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോയി വരാം. കേട് തട്ടും ഇല്ല. പക്ഷെ ചിലവ് കൂടും ''.

'' തമ്പാട്ടി അത് കണക്കാക്കണ്ടാ. എന്താച്ചാൽ ചെയ്യാം ''.

വെളിച്ചപ്പാട് കുറുപ്പടി എഴുതുമ്പോഴേക്കും മീനാക്ഷി ചായവെള്ളം തിളപ്പിക്കാൻ ഒരുങ്ങി. നേരം നല്ലോണം വൈകി. വേലായുധേട്ടന് നേരം വെളുത്തതും ചായ വേണം. ഇന്നത് കിട്ടിയിട്ടില്ല. അവൾ വേഗം അടുപ്പ് കത്തിച്ചു.

13 comments:

  1. '' എങ്കിൽ ദൈവത്തട ആയിക്കോട്ടെ. അതാവുമ്പോൾ ആളുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോയി വരാം. കേട് തട്ടും ഇല്ല. പക്ഷെ ചിലവ് കൂടും ''. സമാധാനം! എന്തിനും ഉണ്ടല്ലോ ഒരു പരിഹാരം.

    തനി നാടൻ കഥാപാത്രങ്ങൾ. നല്ല പ്രമേയം, അവതരണം.
    ആശംസകൾ, ദാസേട്ടാ.

    ReplyDelete
  2. ഡോ.പി.മാലങ്കോട്,
    നാട്ടിൻപുറത്തുകാരുടെ അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നതോടൊപ്പം വെറും ഒരു തെറ്റിദ്ധാരണകൊണ്ട് സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ കഥ.

    നന്ദി ഡോക്ടർ.

    ReplyDelete
  3. ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു അല്ലെ?
    നവോത്ഥാനനായകര്‍ എത്ര പരിശ്രമിച്ചിട്ടാണതിനൊക്കെ ഒരു മാറ്റം വന്നത്
    വീണ്ടും പഴയ അവസ്ഥയിലേയ്ക്ക് മടങ്ങുകയാണെന്ന് തോന്നുന്നു ഇപ്പോഴത്തെ ചില വാര്‍ത്തകള്‍ വായിച്ചാല്‍

    ReplyDelete
    Replies
    1. ajith,
      ഇത്തരം വിശ്വാസങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ഒരു പെൺകുട്ടി തെറ്റ് ചെയ്തിട്ടുണ്ടോ എന്നറിയാൻ അവളുടെ കൈവെള്ളയിൽ കൽപ്പൂരം കത്തിച്ചു വെച്ചത് യാഥൃശ്ചികമായി കാണേണ്ടി വന്നിട്ടുണ്ട്.

      Delete
  4. അന്ധവിശ്വാസത്തില്‍ ഇങ്ങനെയും ഒരേടുണ്ടോ..? കഷ്ടം.

    കഥ നന്നായി..

    ReplyDelete
    Replies
    1. MANOJ KUMAR.M
      ഇതിലേറെ ഭീകരമാണ് അന്ധവിശ്വാസം കാരണം ഉണ്ടാവുന്നത്.

      Delete
  5. മനസ്സിൽ നന്മയുള്ള കഥാപാത്രങ്ങളെ ധാരാളമായി പരിചയപ്പെടുത്തുന്നതിന് നന്ദി

    ReplyDelete
    Replies
    1. ഇന്ത്യാഹെറിറ്റേജ്,
      എല്ലാ മനുഷ്യരിലും നന്മയുടേയും തിന്മയുടേയും അംശമുണ്ട്. അവയുടെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുണ്ടാവും. നല്ല വ്വശം കാണാൻ ശ്രമിച്ചാൽ മനസ്സിന്ന് സുഖം ലഭിക്കും. വായിക്കുന്നവർക്ക് അത് പകർന്ന്ഉ നലകാനാവും.

      Delete
  6. സ്നേഹം തന്നെ ഏറ്റവും വല്യ അന്ധവിശ്വാസം വിശ്വസിക്കുമ്പോഴും അതിലെ അന്ധത മാറ്റുവാൻ സ്നേഹത്തിനു കഴിഞ്ഞു പ്രായത്തിന്റെ പക്വത കൊണ്ടെങ്കിലും
    നല്ല പ്രമേയം

    ReplyDelete
    Replies
    1. ബൈജു മണിയങ്കാല,
      സ്നേഹത്തിന്ന് മറ്റെല്ലാറ്റിനേയും കീഴ്പ്പെടുത്താനാവും.

      Delete
  7. അരുളപ്പാടുകൾക്കും ഭേദഗതി വരുത്താം. , ചിലവൽപ്പം കൂടിയാൽപ്പോലും. ഉൾക്കാഴ്ച തെളിച്ചമുള്ളതായാൽ വിശ്വാസം അന്ധമാവില്ല, തീർച്ച.

    ReplyDelete
  8. രാജഗോപാൽ,
    പണം ചിലവാക്കാമെങ്കിൽ എന്തിനും പരിഹാരമുണ്ട്.

    ReplyDelete
  9. ദൈവത്തട എന്താണെന്ന് എനിക്കറിയില്ല. എങ്കിലും പണം ചിലവാക്കിയാല്‍ മാറ്റാവുന്ന വഴിപാടും ഉണ്ട് അല്ലെ. പണത്തെക്കാള്‍ വലുതല്ലേ സ്വര്‍ഗത്തില്‍ കൂട്ടിയിണക്കിയ ബന്ധം..!

    ReplyDelete