Sunday, February 8, 2015

അവള്‍ക്കിനി ആരുണ്ട് ?


പാതിരാവിനോടടുക്കാറാവുമ്പോഴും കിടപ്പുമുറിയിലെ ടി.വി.യില്‍ തുടരന്‍ അരങ്ങു തകര്‍ക്കുകയാണ്. തലവഴി പുതപ്പ് വലിച്ചിട്ട് ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി മൊബൈലിലെ മെമ്മറിക്കാര്‍ഡിലുള്ള പഴയ സിനിമാഗാനങ്ങള്‍ കേട്ടു കിടന്നാലും ചില സമയങ്ങളില്‍ ചില ശബ്ദശകലങ്ങള്‍ കാതില്‍ അരിച്ചെത്തും.

അത്തരം ഒരു അവസരത്തിലാണ് കഥയുടെ അടുത്ത ഭാഗങ്ങളിലേക്ക് കാണികളുടെ ശ്രദ്ധ ക്ഷണിക്കാറുള്ള അനൌണ്‍സറുടെ '' അവള്‍ക്കിനി ആരുണ്ട്? കാത്തിരുന്നു കാണുക '' എന്ന പ്രൌഡഗംഭീരമായ ശബ്ദം കേള്‍ക്കുന്നത്.

നിറം കറുപ്പാണ് എന്നല്ലാതെ കഥാനായികക്ക് മറ്റൊരു കുറവുമില്ല. അറിഞ്ഞോ അറിയാതേയോ അവള്‍ തെറ്റൊന്നും  ചെയ്തിട്ടുമില്ല. എന്നിട്ടും ആ പാവത്തിന്ന് മറ്റുള്ളവരുടെ ക്രൂരമായ പെരുമാറ്റം സഹിക്കാനാണ് വിധി. ഒടുവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് അവള്‍ പുറന്തള്ളപ്പെടുന്നു. സ്വന്തം വീട്ടിലേക്ക് തിരിച്ചു ചെന്ന അവള്‍ക്ക് അവിടേയും 

അഭയം ലഭിക്കുന്നില്ല.

ഈ അവസരത്തില്‍ അനൌണ്‍സറുടെ ചോദ്യം പ്രസക്തമാണ്.

നാട്ടില്‍ വേറെ ആണുങ്ങളില്ലത്തതുകൊണ്ടാണല്ലോ വേറെ രണ്ടു സ്ത്രീകള്‍ അവളുടെ ഭര്‍ത്താവിനെ മത്സരിച്ച് സ്നേഹിക്കുന്നത്. കൂടുതല്‍ സ്ത്രീകള്‍ ക്ലെയിം ഉന്നയിച്ചു വരുന്നതിന്നു മുമ്പ് അയാള്‍ അവരില്‍ ആരേയെങ്കിലും വിവാഹം കഴിക്കുകയോ അല്ലാത്ത പക്ഷം ടോസ്സിട്ട് ആറുമാസം വീതം ഓരോരുത്തരുടെ ഭര്‍ത്തൃപദം അലങ്കരിക്കുകയോ എന്തോ ചെയ്തോട്ടെ. കാണികള്‍ക്ക് അതൊരു പ്രശ്നമേയല്ല. അവള്‍ക്കിനി ആരുണ്ട് എന്നതാണ് ഇപ്പോഴത്തെ കാതലായ പ്രശ്നം.

മനസ്സ് അതോര്‍ത്ത് വിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മുന്നിലൊരു വഴി തെളിയുന്നത്. അതോടെ കഥ  ഫസ്റ്റ് ഗിയറിലിട്ട് മെല്ലെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി.

പാതിരാക്കോഴി കൂവുമ്പോഴും അവള്‍ ഉറങ്ങിയിട്ടില്ല. ക്ലോക്ക് രണ്ടു തവണ ശബ്ദിച്ചപ്പോള്‍ 

അവള്‍ എഴുന്നേറ്റു. പതിയെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ അവള്‍ നടന്നു തുടങ്ങി. ലക്ഷ്യം കുറച്ചകലെയുള്ള റെയില്‍പ്പാതയാണ്.

 റെയിലിലൂടെ നടന്നു നീങ്ങുന്ന കഥാനായികയെയാണ് ഇപ്പോള്‍ നാം കാണുന്നത്. അകലെ നിന്ന് വണ്ടിയുടെ ശബ്ദം  കേള്‍ക്കുന്നുണ്ട് ( ഒരു എപ്പിസോഡ് മുഴുവന്‍ ഈ രംഗം ചിത്രീകരിക്കണം ) ട്രെയിന്‍ ഇതാ അടുത്തെത്തി. ഇനിയുള്ള രംഗം കാണാന്‍   കെല്‍പ്പില്ലാത്ത കാണികള്‍ കണ്ണടച്ചു കഴിഞ്ഞു.

പെട്ടെന്നതാ റെയിലിന്ന് സമാന്തരമായ റോഡിലൂടെ കുതിച്ചു പാഞ്ഞു വന്ന ആഡംബരക്കാര്‍  ബ്രേക്കിട്ട് നില്‍ക്കുന്നു. ഒരു സഫാരിസ്യൂട്ട് ധാരിയായ വൃദ്ധന്‍  ( സില്‍ക്ക് വസ്ത്രവുമാവാം) ആ കാറില്‍ നിന്ന് ചാടിയിറങ്ങി റെയില്‍പാളത്തിലൂടെ ഓടുന്നു (ഒരു എപ്പിസോഡിന്‍റെ മൂന്നിലൊന്ന് ഭാഗം ഇതായിരിക്കണം ). ഒടുവില്‍ അയാള്‍ അവളെ രക്ഷിക്കുന്നു.

കഥാനായികയും രക്ഷകനും കാറില്‍ സഞ്ചരിക്കുന്നതാണ് അടുത്ത രംഗം.

'' എന്തിനാ മോളേ നീ ഈ സാഹസത്തിന്ന് മുതിര്‍ന്നത് '' രക്ഷകന്‍ ചോദിക്കുകയാണ്.

'' എനിക്ക് ആരുമില്ല. പിന്നെ ഞാനെന്തിനു ജീവിക്കണം ''.

'' അതോര്‍ത്ത് നീ വിഷമിക്കണ്ടാ. അതിനല്ലേ കഥാകാരന്‍ നിന്നെ രക്ഷിക്കാന്‍ എന്നെ അയച്ചത് ''.

'' ഈ അസമയത്ത് അങ്കിളിന്ന് ഈ വഴി വരാന്‍ തോന്നിയത് എന്‍റെ ഭാഗ്യം '' അവള്‍ കണ്ണു തുടച്ചു '' എന്താ ഈ നേരത്ത് ഒറ്റയ്ക്ക്. കൂടെ  ഭാര്യയേയും കുട്ടികളേയും കൂട്ടാത്തതെന്ത്  ''.

'' ഭാര്യയും കുട്ടികളും  '' അയാളുടെ സ്വരം ഇടറി '' മുപ്പതു കൊല്ലം മുമ്പ്  കാറപകടത്തില്‍ എന്‍റെ ഭാര്യയും ഏകമകനും എന്നെ വിട്ടു പോയി. അന്നു മുതല്‍  ദേവലയങ്ങള്‍ തോറും കയറിയിറങ്ങുന്ന ഞാന്‍ മിക്ക രാത്രികളിലും സഞ്ചരിക്കാറുണ്ട്.  കാത്തിരിക്കാന്‍ ആരുമില്ലാത്തവന്ന് പകലും രാത്രിയും തമ്മില്‍ ഭേദമെന്ത്? അത്തരം ഒരു യാത്ര കഴിഞ്ഞു വരുന്ന വഴിയിലാണ്  നിന്നെ കാണുന്നത് ''.

കൊട്ടാര സദൃശമായ ഒരു വീടിന്‍റെ മുമ്പിലാണ് കാര്‍ നിന്നത്. ഒരു പാറാവുകാരന്‍ ഗെയിറ്റ് തുറന്നുകൊടുത്തു.

'' ഈ സ്ഥലം  ''.

'' എന്‍റെ വീടാണ് കുട്ടി ''.

'' ഇത്ര വലുതോ ''.

'' അമ്പതു ലക്ഷം കോടി രൂപയുടെ സ്വത്തിന്ന് ഉടമയാണ് ഈ ഞാന്‍. അപ്പോള്‍ അതിനനുസരിച്ചുള്ള വീട് വേണ്ടേ ''. ഈ അവസരത്തില്‍ വായനക്കാരന്ന് ന്യായമായും ഉണ്ടാവാനിടയുള്ള ഒരു സംശയം   ദൂരീകരിക്കേണ്ടതുണ്ട്. തുടര്‍നാടകത്തില്‍ പറയുന്ന ഈ കോടികള്‍ നമ്മുടെ ലോകത്തുള്ളതല്ല. ഒരു ഡപ്പി മൂക്കുപ്പൊടിക്ക് ഒരു കോടി രൂപ വിലയുള്ള ഏതോ നാട്ടിലേതാണ് ഈ കോടി. കാല്‍ക്കാശിന്ന് ഗതിയില്ലാത്തവന്‍ അകന്ന ബന്ധുവിനോട് അഞ്ഞൂറു കോടി രൂപ ഉതവി ചോദിക്കുന്ന ആ പ്രദേശത്തുനിന്ന് കിഴക്കന്‍ കാറ്റിനൊപ്പം അത് ഇവിടേക്ക് എത്തിയതാണ്.

പുതിയതാവളത്തിലെ ജീവിതം നമ്മുടെ കഥാനായികക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കിലും ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളെ വേട്ടയാടുനുണ്ട്. അവളുടെ ദുഃഖഭാവം ശ്രദ്ധിച്ച രക്ഷകന്‍ അവളോട് ഒരു ദിവസം അതിനെക്കുറിച്ച് ചോദിച്ചു .

'' എന്‍റെ ഭര്‍ത്താവിനെ എനിക്ക് മറക്കാന്‍ പറ്റുന്നില്ല ''.

'' നിന്‍റെ അമ്മായിയമ്മ സ്റ്റൌ പൊട്ടിയോ അടുപ്പില്‍ നിന്ന് സാരിക്ക് തീപിടിച്ച് പൊള്ളലേറ്റോ സിദ്ധി കൂടുന്നതുവരെ നീ ഭര്‍ത്താവിനെ സ്വപ്നത്തില്‍പോലും  ചിന്തിക്കരുത് ''.

'' അയ്യോ. എന്‍റെ അമ്മയിയമ്മയ്ക്ക് ആപത്തൊന്നും വരുത്തരുതേ ''. കഥാനായിക രക്ഷകനോട് കെഞ്ചുന്നു.

ഈ രംഗം അല്‍പ്പം കൂടി കൊഴുപ്പിക്കാമെങ്കില്‍ കഥാനായികയോട് കണികള്‍ക്കുള്ള സഹതാപം പച്ചക്കറിയുടെ വിലപോലെ കുത്തനെ ഉയരും.

'' എന്നു പറഞ്ഞാലെങ്ങെനാ. സംഭവിക്കേണ്ട കാര്യങ്ങള്‍ സംഭവിച്ചേ മതിയാകൂ. ഇനി ചില കാര്യങ്ങള്‍ കൂടി നീ അറിയാനുണ്ട് ''.

'' എന്താ അത് '.

'' നിന്‍റെ വീട്ടിലുണ്ടല്ലോ ഒരു കശ്മലന്‍.  ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് ആ പഹയന്‍ ആശുപത്രിയില്‍ കിടന്ന് പുഴുത്തു ചാവും ''.

 കഥാനായിക ആ ജീവനുവേണ്ടി യാചിക്കുകയാണ്. കാണികളുടെ മനസ്സില്‍ അവള്‍ക്കിപ്പോള്‍ ദൈവത്തിന്‍റെ തൊട്ടടുത്ത സ്ഥാനമാണ്

'' കഴിഞ്ഞില്ല. നിന്‍റെ ഭര്‍ത്താവിനെ സ്നേഹിക്കുന്ന രണ്ടു സ്ത്രീകളും ഇല്ലാതാവും. അഅത് എങ്ങിനെയാണെന്ന് അറിയണോ ''.

കഥാനായിക രക്ഷകന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി.

'' ദിവസം മൂന്നുനേരം വീതം നാല്‍പ്പത്തൊന്ന്ദിവസം അതുങ്ങളെ എന്‍ഡോസള്‍ഫാനില്‍ മുക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ആ ശല്യങ്ങള്‍ അതോടെ തീരും ''.

കഥാനായികയുടെ രോദനം ഉച്ചത്തിലാവുന്നു. പക്ഷേ രക്ഷകന്‍ അത് ശ്രദ്ധിക്കുന്ന മട്ടില്ല. ഇത്രയും സാധുവായ ഒരുവളെ ഭൂലോകത്ത് കണി കാണാന്‍ കിട്ടില്ല. ഇനിമുതല്‍ എല്ലാ തുടരനിലും ഈ സ്ത്രീരത്നത്തെ നായികയാക്കാന്‍ തോന്നണേയെന്ന് കാണികളില്‍ ചിലരെങ്കിലും കൈ നെഞ്ചത്തുവെച്ച് പ്രാര്‍ത്ഥിച്ചാല്‍ നമുക്ക് ഒരിക്കലും അവരെ തെറ്റു പറയാനാവില്ല

'' ഇനിയാണ് പ്രധാനം '' രക്ഷകന്‍ തുടര്‍ന്നു '' ഞാനൊരു ലാടവൈദ്യനെ ഇവിടേക്ക് വരാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു എണ്ണ തരും. കുട്ടി മൂന്നേ മൂന്നു ദിവസം അതു തേച്ച് തണുത്ത വെള്ളത്തില്‍ കുളിക്കണം. അതോടെ ഈ കറുപ്പു നിറം മാറി നല്ല തൂവെള്ള നിറം ലഭിക്കും ''.

'' ഇതൊക്കെ നടക്കുന്നതാണോ '' അവള്‍ക്ക് വിശ്വാസമാവുന്നില്ല.

'' എന്താ നടക്കാതെ. കാര്യസാദ്ധ്യത്തിന്നുവേണ്ടി ഇവിടെ ഞാനൊരു ഹോമം ചെയ്യിക്കുന്നുണ്ട്. അതു കഴിഞ്ഞാല്‍ കണ്ടോളൂ ''.

ഹോമവും ലാടവൈദ്യനും തീപ്പൊള്ളലും ആസ്പത്രി രംഗങ്ങളും എന്‍ഡോ സള്‍ഫാനില്‍ കുളിപ്പിക്കലുമൊക്കെയായി മുവ്വായിരം എപ്പിസോഡുകള്‍ കടന്നുപോകുന്നു.

ഒടുവില്‍ കഥാനായികയും ഭര്‍ത്താവും കാറില്‍ പോവുന്നതോടെ കഥ അവസാനിക്കുന്നു.

'' അടുത്ത തിങ്കളാഴ്ച മുതല്‍ ഇതേ നേരത്ത് '' അനൌണ്‍സറുടെ ശബ്ദം മുഴങ്ങുന്നു

ശുഭമസ്തു.

നല്ല ഒരു ദൃശ്യസംസ്ക്കാരം കെട്ടിപ്പടുക്കാന്‍ പര്യാപ്തമായ മാധ്യമം അവിദഗ്ദ്ധ ഹസ്തങ്ങളിലകപ്പെട്ട് നശിക്കുന്നതോര്‍ത്തു ദുഖിച്ചിരുന്ന കഥാകാരന്‍ മനസ്സിലെങ്കിലും ഒരു പ്രതിഷേധം രേഖപ്പെടുത്തീയെന്ന സമാധാനത്തില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു.

12 comments:

  1. ഇതൊരു ആദ്യ എപ്പിസോഡ് വച്ച് ഒന്നങ്ങു കാച്ചിയാലോ.. ഒരു പത്തു മുപ്പതു കൊല്ലമൊക്കെ ഈസിയായങ്ങു ജീവിച്ചു പോകാം.. ന്താ...?

    ReplyDelete
    Replies
    1. വി.കെ,
      വാസ്തവം. രണ്ടു തലമുറയ്ക്കെങ്കിലും തൊഴിലന്വേഷിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല.

      Delete
  2. ഹോമവും ലാടവൈദ്യനും തീപ്പൊള്ളലും ആസ്പത്രി രംഗങ്ങളും എന്‍ഡോ സള്‍ഫാനില്‍ കുളിപ്പിക്കലുമൊക്കെയായി മുവ്വായിരം എപ്പിസോഡുകള്‍ കടന്നുപോകുന്നു. Good !

    ReplyDelete
    Replies
    1. ഡോ.പി.മാലങ്കോട്,
      വലിച്ചുനീട്ടി എത്തിക്കും. അതല്ലേ അവരുടെ മിടുക്ക്.

      Delete
  3. കലക്കി കേരളേട്ടാ, കലക്കി... കുറേ സീരിയലുകൾ ഇറങ്ങിയിരിക്കുന്നു... പെണ്ണുങ്ങളെ തമ്മിൽ തല്ലിപ്പിക്കാനായിട്ട്...

    ReplyDelete
    Replies
    1. വിനുവേട്ടന്‍,
      പെണ്ണുങ്ങളുടെ തമ്മില്‍ത്തല്ലും പാരവെപ്പുമല്ലാതെ നന്മയുടെ എന്തെങ്കിലും ഒരംശം ഇതിലൊന്നും കാണില്ല.

      Delete
  4. ഹ ഹ ഹ .നന്നായിട്ടുണ്ട്.

    ReplyDelete
  5. വല്ലാത്ത സീരിയലുകള്‍!

    ReplyDelete
    Replies
    1. ajith,
      അതിനൊരന്ത്യം വേണ്ടേ.

      Delete
  6. ഞാനൊരു ലാടവൈദ്യനെ ഇവിടേക്ക് വരാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു എണ്ണ തരും. കുട്ടി മൂന്നേ മൂന്നു ദിവസം അതു തേച്ച് തണുത്ത വെള്ളത്തില്‍ കുളിക്കണം. അതോടെ ഈ കറുപ്പു നിറം മാറി നല്ല തൂവെള്ള നിറം ലഭിക്കും ''.
    എനിക്കും തരുമോ ആ എണ്ണയിൽ ...കുറച്ചു.:

    ReplyDelete
  7. nalina kumari,
    എന്തിനാ വേണ്ടാത്ത പണിക്ക് പുറപ്പെടുന്നത്. വെളുപ്പിനു പകരം ശരീരം പച്ചയോ നീലയോ ആയാല്‍ പെട്ടില്ലേ.

    ReplyDelete