Monday, September 28, 2015

നാലാം തലമുറ.

തുടര്‍ച്ചയായി കോളിങ്ങ്ബെല്ലടിക്കുന്നതു കേട്ടാണ് ഗോവിന്ദന്‍കുട്ടി നായര്‍ ഉണര്‍ന്നത്. കണ്ണുതുറന്നു നോക്കുമ്പോള്‍ മുറിയിലാകെ നല്ല പ്രകാശം. ഈശ്വരാ എഴുന്നേല്‍ക്കാന്‍ വൈകിയോ? ക്ലോക്കിലേക്കു നോക്കി. സമയം എട്ടുകഴിഞ്ഞി രിക്കുന്നു. എഴുന്നേല്‍ക്കാന്‍ ഒരുപാട് വൈകി. എട്ടരയ്ക്ക് കുട്ടികളുടെ സ്കൂള്‍ ബസ്സെത്തും. അതിനുമുമ്പ് അവരെക്കൂട്ടി സ്റ്റോപ്പിലെത്തേണ്ടതാണ്. 

കോളിങ്ങ്ബെല്ല് അടിച്ചുകൊണ്ടേയിരിക്കുകയാണ്. എന്താണ് ആരും നോക്കാത്തത്. വന്ന ആളുടെ ക്ഷമ കെട്ടിട്ടുണ്ടാവും. വേഗം എഴുന്നേറ്റ് മുന്‍വശത്തേക്ക് നടന്നു. വാതില്‍ മലര്‍ക്കെ തുറന്നുകിടപ്പുണ്ട്. ഇളയ മകന്‍റെ രണ്ടുമക്കള്‍ കോളിങ്ങ്ബെല്ലിന്‍റെ സ്വിച്ചിനടുത്ത് നില്‍പ്പാണ്. ചെറിയ സന്തതി ഒരു പ്ലാസ്റ്റിക്ക് കസേലയില്‍ കയറിനിന്ന് സ്വിച്ചില്‍ അമര്‍ത്തുന്നു.

'' സ്കൂളില്‍ പോവാറായി. എന്നിട്ടാണോ കളിച്ചോണ്ട് നില്‍ക്കുന്നത് '' പേരക്കുട്ടികളെ ശാസിച്ചു.

'' ഏത് സ്കൂളിലാ മുത്തശ്ശാ ഞായറാഴ്ച ക്ലാസ്സുള്ളത് '' മൂത്തവന്‍റെ മുഖത്ത് ഒരു പരിഹാസച്ചിരി. 

കൂടുതലൊന്നും പറയാതെ അടുക്കളയിലേക്ക് നടന്നു. ഭാര്യ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്.

'' പിള്ളര് ബെല്ലടിക്കുന്നത് കേട്ടില്ലേ ''.

'' കേട്ടു. എന്തോ കാട്ടിക്കോട്ടെ എന്നു കരുതി ദേഷ്യപ്പെടാന്‍ പോയില്ല. ആ നേരം തല്ലു കൂടില്ലല്ലോ. അടുക്കളപ്പണിയും കുട്ടികളെ നോക്കലും കൂടി നടക്കില്ല ''.

'' എന്നാല്‍ എന്നെ നേരത്തെ വിളിക്കായിരുന്നില്ലേ ''.

'' രണ്ടു പ്രാവശ്യം ഞാന്‍ വന്നു നോക്കി. അപ്പൊഴൊക്കെ നിങ്ങള് നല്ല ഉറക്കത്തിലാണ്. ഇന്നലെ കൊടുത്ത കഫ് സിറപ്പില്‍ സെഡേറ്റീവുണ്ട്. അച്ഛന്‍ ഉറങ്ങിക്കോട്ടെ എന്ന് പ്രകാശന്‍ പറഞ്ഞു ''.

'' എന്നിട്ട് അവനെവിടെ ''.

'' അവനും ജ്യോതിയും കൂടി ആഹാരവുമായി ആസ്പത്രിയിലേക്ക് പോയി. അവരുടെ കൂടെ രാജേഷും സതീഷും പോയിട്ടുണ്ട് ''.

'' അതിന് ആര്‍ക്കാ അസുഖം ''.

'' ഇതാപ്പൊ നന്നായത്. ഇന്നല്ലേ ചിക്കൂന്‍റെ ഓപ്പറേഷന്‍. അവളെ പ്രസവത്തിന്ന് അഡ്മിറ്റ് ചെയ്ത കാര്യം മറന്ന്വോ ''.

മൂത്തമകളുടെ മകളാണ് രശ്മി. വീട്ടിലെ എല്ലാവരും അവളെ ചിക്കു എന്നാണ് വിളിക്കാറ്. ഡോക്ടറുടെ കണക്കനുസരിച്ച് പ്രസവത്തിന്ന് ഇനിയും ദിവസങ്ങളുണ്ട്. കുട്ടിക്ക് നല്ല നക്ഷത്രം കിട്ടാനായി പ്രസവം ഇന്നത്തേക്ക് ആക്കിയതാണ്.

'' അതിന്‍റെ ധാരണ വിട്ടുപോയി. വയസ്സായില്ലേ. എല്ലാം ഓര്‍മ്മയില്‍ നില്‍ക്കില്ല. ചിലപ്പോഴൊക്കെ വിട്ടു പിടിക്കും. ഏതായാലും ഞാന്‍ വേഗം കുളിച്ച് റെഡിയാവാം. നമുക്ക് പോവണ്ടേ ''.

'' ഇപ്പോള്‍ പോയാല്‍ ശരിയാവില്ല. തിയ്യേറ്ററില്‍ കയറ്റിയാല്‍ നമ്മളെ പ്രകാശന്‍ വിളിക്കും. അപ്പോള്‍  ഒരുങ്ങിനിന്നാല്‍ മതി. സുമതിയുടെ മകന്‍ കാറുംകൊണ്ടു വന്ന് നമ്മളെ കൂട്ടിക്കൊണ്ടു പോവും ''.

'' എന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നത്. മക്കള് ആര്‍ക്കെങ്കിലും വന്നു കൂട്ടിക്കൊണ്ടു പോവാന്‍ പാടില്ലേ ''.

'' അവര് മൂന്നാളും അളിയന്‍റെകൂടെ ആസ്പത്രിയില്‍ നില്‍ക്കും. അതാ പേരമകനെ അയക്കുന്നത്. അവന്‍ കാറോടിക്കുന്നു എന്നു വിചാരിച്ച് പേടിക്ക്വോന്നും വേണ്ടാ. ചെറിയകുട്ടിയൊന്നുമല്ലല്ലോ അവന്‍ ''. 

'' അതല്ല പെങ്ങള് ഓപ്പറേഷന്ന് കിടക്കുന്ന കാര്യം ആലോചിച്ച് അവന്‍ പരിഭ്രമിക്ക്യോ മറ്റോ ചെയ്താലോ ''.

'' അടുത്തകൊല്ലം എം.ഡി. കഴിഞ്ഞ് ഡോക്ടറാവേണ്ട ആളാണ് അവന്‍. എന്നിട്ടാ അനിയത്തിക്ക് സിസേറിയനാണെന്നു കരുതി പേടിക്കും എന്ന് നിങ്ങള് കരുതുന്നത് ''.   

'' എന്നാലും ''.

'' ഒരു എന്നാലും ഇല്ല. അങ്ങളമാര് അടുത്തുള്ളതാ സുമതിക്ക് ആശ്വാസം. അതിനല്ലേ അവര്‍ മിനക്കെട്ട് നില്‍ക്കുന്നത് ''.

മക്കളുടെ ചെയ്തിയില്‍ സന്തോഷം തോന്നി. ചേച്ചിയുടെ മകളുടെ പ്രസവം പ്രമാണിച്ച് ചെന്നെയില്‍ജോലിയുള്ള മൂത്തമകന്‍ രാജേഷും മുംബെയില്‍  ജോലിയുള്ള രണ്ടാമന്‍ സതീഷും ലീവെടുത്ത് വന്നിരിക്കുകയാണ്. ഇളയ മകന്‍ പ്രകാശനും  ഭാര്യ ജ്യോതിയും മിക്കസമയവും  ആസ്പത്രിയിലാണ്.  അമ്മാമന്മാരുടേയും   അമ്മായിയുടേയും   ഉത്സാഹവും ജാഗ്രതയും എന്നും ഇതുപോലെ ഉണ്ടാവണേ എന്നാണ് പ്രാര്‍ത്ഥന.

 കുളി കഴിഞ്ഞു വേഷം മാറിവരുമ്പോള്‍ രണ്ടു പേരക്കുട്ടികള്‍ ഭക്ഷണം കഴിക്കുകയാണ്. ഭാര്യ ചെറുതിനെ ഊട്ടുന്നു.

'' ഇന്നെന്താ പേപ്പറ് വായിക്കലൊന്നും ഉണ്ടായില്ലേ '' അവള്‍ ചോദിച്ചു.

''ആസ്പത്രീന്ന് വന്നിട്ടു മതി പേപ്പറ് വായന എന്നുവെച്ചു''. സ്വതവേ ഒന്നൊന്നര മണിക്കൂര്‍ പത്രം നോക്കിയശേഷമേ കുളിക്കാന്‍ ചെല്ലൂ. ആ പരിപാടിക്ക് മാറ്റം വരുത്തിയതാണ്.

'' പേരമകളുടെ കുട്ടിയെ കാണാനുള്ള തിടുക്കം കൊണ്ടാവും പേപ്പറ് വായന  മാറ്റിവെച്ചത് ''.

'' സമ്മതിച്ചു. തനിക്ക് പേരക്കുട്ടിയുടെ കുട്ടിയെ കാണണം എന്ന് മോഹം തോന്നുന്നില്ലേ ''.

'' അത് ചോദിക്കാനുണ്ടോ'' കുറച്ചുനേരം അവര്‍ ആലോചനയില്‍ മുഴുകി '' ഞാന്‍ സുമതിയെ പെറ്റപ്പോള്‍ ഉണ്ടായിരുന്നതിലും സന്തോഷമായിരുന്നു അവള്‍ ചിക്കുവിനെ പ്രസവിച്ചപ്പോള്‍  എനിക്കുണ്ടായത് ''.

ഇരുപത്തിമൂന്നു കൊല്ലംമുമ്പ് ഇതുപോലൊരു പ്രഭാതത്തിലായിരുന്നു സുമതി ചിക്കുവിനെ പ്രസവിച്ചത്. രണ്ടുദിവസം മുമ്പ് അവളെ അഡ്മിറ്റ് ചെയ്തതു മുതല്‍ പ്രസവം കഴിഞ്ഞ് ഡിസ്ച്ചാര്‍ജ്ജായി വരുന്നതുവരെ ലീവെടുത്ത് ഭാര്യയോടൊപ്പം ആസ്പത്രിയില്‍ കൂടി. ലേബര്‍റൂമില്‍നിന്നു കുട്ടിയെ കൊണ്ടു വന്നതു മുതല്‍ എത്രനേരം നോക്കിയിരുന്നുവെന്നറിയില്ല. കുട്ടിയുടെ കൈപ്പത്തിയുടെ അരികെവെച്ച ചൂണ്ടുവിരലില്‍ അവളുടെ കുഞ്ഞുവിരല്‍ തട്ടിയപ്പോള്‍ ഒരു വൈദ്യുതി തരംഗം ശരീരത്തില്‍ കൂടി കടന്നുപോയതും രോമാഞ്ചം തോന്നിയതും ഇന്നും ഓര്‍മ്മയിലുണ്ട്. 

'' നമുക്ക് മക്കളുണ്ടായപ്പോള്‍ ഓരോ പ്രാരബ്ധംകാരണം അവരെ വേണ്ട പോലെ ലാളിക്കാന്‍ കഴിഞ്ഞില്ല. പേരമക്കളായപ്പോഴേക്കും ബുദ്ധിമുട്ട് കുറെയൊക്കെ തീര്‍ന്നു. അവരെ കൊഞ്ചിക്കാന്‍ ധാരാളം സമയം കിട്ടി. നമുക്ക് മക്കളെക്കാള്‍ സ്നേഹം അവരോടായി. നോക്കിക്കോളൂ, ഇനി പേരക്കുട്ടിയുടെ കുട്ടിയോടാവും സ്നേഹകൂടുതല്‍ ''.

ഭാര്യ പറഞ്ഞത് ശരിയാണ്. ചിക്കു വലുതായപ്പോള്‍ എത്രയുംവേഗം അവളുടെ വിവാഹം കഴിഞ്ഞുകാണണമെന്നായിരുന്നു മോഹം. അതു കഴിഞ്ഞപ്പോള്‍ അവള്‍ക്കൊരു കുട്ടി വേണമെന്നായി ആശ. ഭഗവാനേ, മോഹത്തിന്ന് എപ്പോഴെങ്കിലും അവസാനമുണ്ടാകുമോ?

'' എന്താ വല്ലാതൊരു ആലോചന ''.

'' മക്കളായി. പേരക്കുട്ടികളായി. ഇപ്പോള്‍ പേരക്കുട്ടിയുടെ കുട്ടിയായി. ഒക്കെ ഈശ്വരാനുഗ്രഹം അല്ലേ ''.

'' എന്താ സംശയം ''.

'' അപ്പോള്‍ കുട്ടികൃഷ്ണമേനോന്‍റെ കാര്യം ആലോചിച്ചാലോ. മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും കഴിഞ്ഞ് ഇപ്പൊ ആ കുട്ടികളുടെ കുട്ടികളുമായി. അയാളുടെ നവതി ആഘോഷത്തിന്നു ചെന്നപ്പോ കണ്ട കാഴ്ച മറക്കില്ല. അഞ്ചു തലമുറയുടെ തലവനാണ് ആ ഭാഗ്യവാന്‍  ''. 

'' മനസ്സിലിരുപ്പ് കണ്ടില്ലേ. ഇനിയും ഒരു തലമുറയെകൂടി കാണണമെന്നാ മോഹം ''. 

'' അത് അങ്ങിനെയല്ലേടോ. എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടി കരേറുന്നു മോഹവും എന്ന് പൂന്താനം എഴുതിയത് താന്‍ വായിച്ചിട്ടില്ലേ ''.

'' വേണച്ചാല്‍ നിങ്ങള് ഇരുന്നുകണ്ടോളിന്‍. പക്ഷെ ഞാനുണ്ടാവില്ല '' ഭാര്യ ഉറക്കെ ചിരിച്ചു.

'' താനില്ലെങ്കില്‍ പിന്നെന്താടോ ഒരു രസം. താന്‍ പോവ്വാണച്ചാല്‍ ഞാന്‍ മുമ്പെ പൊയ്ക്കോളാം '' അയാള്‍ ഭാര്യയുടെ ചിരിയില്‍ പങ്കുചേര്‍ന്നു.

'' എന്തൊക്കേയാ ഉണ്ടാവ്വാ എന്ന് നമുക്കറിയില്ലല്ലോ. ഒക്കെ ഈശ്വരന്‍ നിശ്ചയിക്കുന്നതല്ലേ. അതും ഇതും പറഞ്ഞ്നേരം കളയണ്ടാ. പ്ലെയ്റ്റില്‍ ഇഡ്ഢലിയും പഴംനുറുക്കും വിളമ്പീട്ടുണ്ട്. വേഗം കഴിച്ചോളൂ. മകന്‍ എപ്പോഴാ വിളിക്കുക എന്നറിയില്ല ''.

അയാള്‍ കൈകഴുകി ഭക്ഷണം കഴിക്കാനിരുന്നു.