Tuesday, May 31, 2016

ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കല്‍ - പകരം സംവിധാനം ?

ഹരിത ട്രൈബ്യൂണലിന്‍റെ വിധിയുടെ പശ്ചാത്തലത്തില്‍ ഡീസല്‍ വാഹനഉടമകള്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന ആശങ്കയിലാണ്. പത്തുകൊല്ലം കഴിഞ്ഞ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെങ്കില്‍ അവകൊണ്ട് എന്താണ് ഉപയോഗം. ആലോചിക്കേണ്ട കാര്യമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്.

ഡീസല്‍ വാഹനങ്ങളില്‍ ബഹു ഭൂരിഭാഗവും പൊതു ആവശ്യത്തിന്ന് ഉപയോഗിക്കുന്നവയാണ്. പൊടുന്നനെ അവയുടെ ഓട്ടം നിലച്ചാല്‍ പട്ടിണിയിലാവുന്നത് ഒട്ടേറെ കുടുംബങ്ങളാവും. അത്തരത്തില്‍ കഷ്ടത്തിലാവുന്നവര്‍ക്ക് സര്‍ക്കാറിന്ന് എന്തു സഹായമാണ് ചെയ്യാനാവുക.


ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് വാഹനം ( പുതിയതും, പഴയതും) വാങ്ങുക. വരുമാനം നിലച്ചാല്‍ വായ്പ്പയുടെ തിരിച്ചടവ് അസാധ്യമാവും. ഇങ്ങിനെ വരുമ്പോള്‍ വായ്പ്പ തുക എഴുതി തള്ളുമോ.


പതിനഞ്ചു കൊല്ലത്തെ ടാക്സ് മുന്‍ക്കൂറായി അടച്ച വാഹനം പത്തുകൊല്ലം കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നു കല്‍പ്പിക്കുന്നത് നീതിക്ക് നിരക്കുന്നതാണോ? അങ്ങിനെ വരുമ്പോള്‍ മുന്‍കൂറായി വാങ്ങിയ ടാക്സ് സംഖ്യ പലിശസഹിതം മടക്കി കൊടുക്കേണ്ടതല്ലേ.


നിയമം നടപ്പിലാവുന്നതോടെ ഒട്ടേറെ വാഹനങ്ങള്‍ റോഡില്‍നിന്ന് അപ്രത്യക്ഷമാവും. ഇപ്പോള്‍ത്തന്നെ രൂക്ഷമായ യാത്രപ്രശ്നം പലമടങ്ങ് വര്‍ദ്ധിക്കും. പെട്ടെന്ന് ഇതിനൊരു ബദല്‍സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന്ന് ആവുമോ?.


കെ.എസ്.ആര്‍.ടി.സി യോടൊപ്പം നിരവധി പ്രൈവറ്റ് ബസ്സുകളും ഉപയോഗയോഗ്യമല്ലാതാവും. അതുമൂലമുണ്ടാവുന്ന സാമ്പത്തികനഷ്ടം എങ്ങിനെ പരിഹരിക്കാന്‍ കഴിയും.


ഗതാഗതവുമായി ബന്ധപ്പെട്ട് എത്രയോ ജീവനക്കാരുണ്ട്. അവരില്‍ വലിയൊരു ശതമാനത്തിനും ജോലി നഷ്ടപ്പെടുമെന്നത് ഉറപ്പാണ്. അവര്‍ക്ക് വേറെന്തെങ്കിലും ഉപജീവനമാര്‍ഗ്ഗം കണ്ടത്തേണ്ടതുണ്ട്.


നിരത്തുകളില്‍ നിന്ന് വലിയുന്ന വാഹനങ്ങള്‍ എന്തു ചെയ്യണമെന്നത് വലിയൊരു പ്രശ്നമാവും. അവയെല്ലാം വെറുതെ കൂട്ടിയിട്ട് നശിപ്പിക്കേണ്ടി വന്നാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടായേക്കാം. ഇതിനും പരിഹാരമാര്‍ഗ്ഗം കാണേണ്ടതുണ്ട്.


ഡീസലിന്നു പകരം മറ്റെന്തെങ്കിലും ഇന്ധനം കണ്ടെത്തേണ്ടതുണ്ട്. പ്രകൃതിവാതകമാണ്- ഏറ്റവും അനുയോജ്യമെന്ന് പറയപ്പെടുന്നു. എങ്കില്‍ ഇപ്പോഴുള്ള ഡീസല്‍ വാഹനങ്ങളിലെ എഞ്ചിനുകളില്‍ മാറ്റം വരുത്തി പ്രകൃതിവാതകത്തില്‍ ഓടിക്കാവുന്ന വിധത്തില്‍ പരിഷ്ക്കരിക്കാവുന്നതാണ്. പുതിയതായി ഇറങ്ങുന്നവ അത്തരം എഞ്ചിനുകള്‍ ഉള്ളവയാവണം. ഡീസലിന്നുപകരം പ്രകൃതിവാതകം പെട്രോള്‍ പമ്പുകളില്‍ ലഭ്യമാക്കുകയും വേണം.


അസംസ്കൃത ക്രൂഡോയില്‍ സംസ്ക്കരിക്കുമ്പോള്‍ വലിയൊരു ഭാഗം ഡീസലായിട്ടാണ് മാറുക.ഉപയോഗിക്കാന്‍ പറ്റാത്ത ഒരു സാധനം  വലിയഅളവില്‍ ഉല്‍പ്പാദിക്കപ്പെടുന്ന അവസ്ഥയാവും ഉണ്ടാവുക. ഇത് എണ്ണകമ്പിനികളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ ഡീസലിലെ മാലിന്യത്തിന്‍റെ അളവ് കുറക്കാനുള്ള എന്തെങ്കിലും പോംവഴി കണ്ടത്തേണ്ടതുണ്ട്.

Sunday, February 28, 2016

അബുബക്കര്‍.

അബുബക്കര്‍ മരിച്ചു. 

ഇന്നു രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. കെ.എസ്. ഇ.ബി. യില്‍ ഓവര്‍സിയറായിരിക്കെ സേവനത്തില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറെ ദിവസങ്ങളായി തൃശൂരിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നാലര പതിറ്റാണ്ടുകാലത്തെ സൌഹൃദമാണ്  ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. അവസാനനോക്കു കാണാന്‍ ചെന്ന എന്‍റെ മനസ്സില്‍ പഴയ പല അനുഭവങ്ങളും കടന്നുവന്നു.

കയ്യില്‍ അഞ്ചുരൂപയുണ്ടെങ്കില്‍ ആരുടെയെങ്കിലും കയ്യില്‍നിന്ന് വേറൊരു അഞ്ചുരൂപ കടം വാങ്ങി കൂട്ടുകാരുമായി ഹോട്ടലില്‍ ചെന്ന് അവരെ സല്‍ക്കരിക്കാന്‍ അതു മുഴുവന്‍ ചിലവഴിക്കുന്ന പ്രകൃതമായിരുന്നു ചെറുപ്പകാലത്ത് അദ്ദേഹത്തിന്‍റേത്.

'' എന്തിനാട നീ ഇങ്ങിനെ പൈസ കളയുന്നത് '' എന്ന് ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ '' നല്ല ബെസ്റ്റ് കക്ഷി. ആരെങ്കിലും ബുദ്ധിമുട്ടാണ് എന്നു പറയണ്ട താമസം കയ്യിലുള്ളത് എടുത്തു കൊടുക്കുന്ന നിങ്ങളന്നെ ഇതു പറയണം '' എന്ന് പോക്കര്‍ പരിഭവപ്പെട്ടു.

ഫുട്ബാള്‍ കളി കാണാന്‍ പെരിങ്ങോട്ടുകുറുശ്ശിയിലേക്ക് സൈക്കിളില്‍ പോയതും കളി കഴിഞ്ഞാല്‍ തല്ലുണ്ടാവുമെന്ന് തോന്നി സ്ഥലം വിട്ടതും വിചാരിച്ചതുപോലെ കളിക്കാര്‍ക്കും കാണികള്‍ക്കും പൊതിരെ തല്ലു കിട്ടിയതും പിന്നീട് ഞങ്ങള്‍ പറഞ്ഞു ചിരിക്കാറുണ്ട്.

ഒരുദിവസം എന്നെ വീട്ടിലെത്തിക്കാന്‍ അബുബക്കര്‍ മോട്ടോര്‍സൈക്കിള്‍ എടുത്തു. '' നിങ്ങള്‍ ഓടിക്കിന്‍. ഞാന്‍ പിന്നില്‍ ഇരിക്കാം '' എന്നായി സുഹൃത്ത്. എനിക്ക് ആ കാലത്ത് ബൈക്ക് ഓടിക്കാനറിയില്ല. ഞാന്‍ ആവതു പറഞ്ഞു നോക്കിയെങ്കിലും ഒടുവില്‍ വഴങ്ങേണ്ടി വന്നു.

'' ഉണ്ണ്യേട്ടന്ന് നല്ല കണ്‍ട്രോളുണ്ട്. രണ്ടു മൂന്നു പ്രാവശ്യം ഞാന്‍ ഇളക്കി നോക്കി. എത്ര കുലുക്കിയിട്ടും നിങ്ങള് വണ്ടി വെട്ടിക്കാതെ ഓടിച്ചു '' കുഴപ്പം കൂടാതെ രാജ്‌ദൂത് വീട്ടുമുറ്റത്ത് നിര്‍ത്തിയപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു.

മറ്റൊരവസരത്തില്‍ ഞങ്ങള്‍ പാലക്കാടുനിന്ന് വരികയായിരുന്നു. വളരെ മെല്ലെയാണ് അബുബക്കര്‍ ബൈക്ക് ഓടിച്ചിരുന്നത്. മേപ്പറമ്പില്‍വെച്ച് ഒരു വൃദ്ധ ബൈക്കിന്ന് കുറുകെ ചാടി. ബ്രേക്ക് ചെയ്തുവെങ്കിലും വണ്ടി തട്ടി അവര്‍ വീണു. നിമിഷനേരംകൊണ്ട് ആളുകൂടി. അപകടം സംഭവിച്ചാല്‍ അടി ഉറപ്പായി കിട്ടുന്ന ഇടമാണ് ആ സ്ഥലം..

 '' പോക്കറേ, പറ്റിച്ചല്ലോ '' ഞാനറിയാതെ വാക്കുകള്‍ പുറത്തു ചാടി. അടുത്തെത്തിയ ഒരു ചെറുപ്പക്കാരന്‍ അതു കേട്ട് '' നിങ്ങളാരാ '' എന്നു ചോദിച്ചു.

'' ഞാന്‍ അബൂബക്കര്‍, കല്ലേക്കാട് ഇസ്മയില്‍ രാവുത്തരുടെ മകന്‍. ഞങ്ങള് രണ്ടാളും ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജോലിക്കാരാണ് '' കിട്ടിയ അവസരം പോക്കര്‍ മുതലാക്കി ''  ചവിട്ടിയിട്ട് വണ്ടി നിന്നില്ല ''.

'' അതിന് നിങ്ങളുടെ ഭാഗത്ത് തെറ്റില്ലല്ലോ. ഈ തള്ള എങ്ങോട്ടും നോക്കാതെ ചാടീതല്ലേ '' ആ ചെറുപ്പക്കാരന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ആശ്വാസമായി.

'' ഞങ്ങള് എന്താ വേണ്ടത്‌ച്ചാല്‍ ചെയ്യാം. ഇവരെ ആസ്പത്രിയിലേക്ക് കൊണ്ടു പോണോ ''.

'' ഒന്നും വേണ്ടാ. നിങ്ങള് പൊയ്ക്കോളിന്‍. ഞങ്ങള് നോക്കീക്കോളാം ''.

'' ആസ്പത്രിയിലേക്ക് കൊണ്ടുപോണം എന്നു പറഞ്ഞാല്‍ പെട്ടു '' വണ്ടി കുറച്ചുദൂരം പോയപ്പോള്‍ പോക്കര്‍ പറഞ്ഞു.

'' അതെന്താ '' ഞാന്‍ ചോദിച്ചു.

'' എന്‍റേല് രണ്ടുറുപ്പികയേ ഉള്ളൂ ''.

'' പിന്നെ നീ എന്തു കണ്ടിട്ടാ അങ്ങിനെ ചോദിച്ചത് ''.

'' വേണ്ടി വന്നാല്‍ വാച്ച് പണയം വെക്കും. അതന്നെ ''.

അബുബക്കര്‍ എന്ന സുഹൃത്തിന്ന് ആത്മശാന്തി നേരുന്നു.