Sunday, February 28, 2016

അബുബക്കര്‍.

അബുബക്കര്‍ മരിച്ചു. 

ഇന്നു രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. കെ.എസ്. ഇ.ബി. യില്‍ ഓവര്‍സിയറായിരിക്കെ സേവനത്തില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറെ ദിവസങ്ങളായി തൃശൂരിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നാലര പതിറ്റാണ്ടുകാലത്തെ സൌഹൃദമാണ്  ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. അവസാനനോക്കു കാണാന്‍ ചെന്ന എന്‍റെ മനസ്സില്‍ പഴയ പല അനുഭവങ്ങളും കടന്നുവന്നു.

കയ്യില്‍ അഞ്ചുരൂപയുണ്ടെങ്കില്‍ ആരുടെയെങ്കിലും കയ്യില്‍നിന്ന് വേറൊരു അഞ്ചുരൂപ കടം വാങ്ങി കൂട്ടുകാരുമായി ഹോട്ടലില്‍ ചെന്ന് അവരെ സല്‍ക്കരിക്കാന്‍ അതു മുഴുവന്‍ ചിലവഴിക്കുന്ന പ്രകൃതമായിരുന്നു ചെറുപ്പകാലത്ത് അദ്ദേഹത്തിന്‍റേത്.

'' എന്തിനാട നീ ഇങ്ങിനെ പൈസ കളയുന്നത് '' എന്ന് ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ '' നല്ല ബെസ്റ്റ് കക്ഷി. ആരെങ്കിലും ബുദ്ധിമുട്ടാണ് എന്നു പറയണ്ട താമസം കയ്യിലുള്ളത് എടുത്തു കൊടുക്കുന്ന നിങ്ങളന്നെ ഇതു പറയണം '' എന്ന് പോക്കര്‍ പരിഭവപ്പെട്ടു.

ഫുട്ബാള്‍ കളി കാണാന്‍ പെരിങ്ങോട്ടുകുറുശ്ശിയിലേക്ക് സൈക്കിളില്‍ പോയതും കളി കഴിഞ്ഞാല്‍ തല്ലുണ്ടാവുമെന്ന് തോന്നി സ്ഥലം വിട്ടതും വിചാരിച്ചതുപോലെ കളിക്കാര്‍ക്കും കാണികള്‍ക്കും പൊതിരെ തല്ലു കിട്ടിയതും പിന്നീട് ഞങ്ങള്‍ പറഞ്ഞു ചിരിക്കാറുണ്ട്.

ഒരുദിവസം എന്നെ വീട്ടിലെത്തിക്കാന്‍ അബുബക്കര്‍ മോട്ടോര്‍സൈക്കിള്‍ എടുത്തു. '' നിങ്ങള്‍ ഓടിക്കിന്‍. ഞാന്‍ പിന്നില്‍ ഇരിക്കാം '' എന്നായി സുഹൃത്ത്. എനിക്ക് ആ കാലത്ത് ബൈക്ക് ഓടിക്കാനറിയില്ല. ഞാന്‍ ആവതു പറഞ്ഞു നോക്കിയെങ്കിലും ഒടുവില്‍ വഴങ്ങേണ്ടി വന്നു.

'' ഉണ്ണ്യേട്ടന്ന് നല്ല കണ്‍ട്രോളുണ്ട്. രണ്ടു മൂന്നു പ്രാവശ്യം ഞാന്‍ ഇളക്കി നോക്കി. എത്ര കുലുക്കിയിട്ടും നിങ്ങള് വണ്ടി വെട്ടിക്കാതെ ഓടിച്ചു '' കുഴപ്പം കൂടാതെ രാജ്‌ദൂത് വീട്ടുമുറ്റത്ത് നിര്‍ത്തിയപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു.

മറ്റൊരവസരത്തില്‍ ഞങ്ങള്‍ പാലക്കാടുനിന്ന് വരികയായിരുന്നു. വളരെ മെല്ലെയാണ് അബുബക്കര്‍ ബൈക്ക് ഓടിച്ചിരുന്നത്. മേപ്പറമ്പില്‍വെച്ച് ഒരു വൃദ്ധ ബൈക്കിന്ന് കുറുകെ ചാടി. ബ്രേക്ക് ചെയ്തുവെങ്കിലും വണ്ടി തട്ടി അവര്‍ വീണു. നിമിഷനേരംകൊണ്ട് ആളുകൂടി. അപകടം സംഭവിച്ചാല്‍ അടി ഉറപ്പായി കിട്ടുന്ന ഇടമാണ് ആ സ്ഥലം..

 '' പോക്കറേ, പറ്റിച്ചല്ലോ '' ഞാനറിയാതെ വാക്കുകള്‍ പുറത്തു ചാടി. അടുത്തെത്തിയ ഒരു ചെറുപ്പക്കാരന്‍ അതു കേട്ട് '' നിങ്ങളാരാ '' എന്നു ചോദിച്ചു.

'' ഞാന്‍ അബൂബക്കര്‍, കല്ലേക്കാട് ഇസ്മയില്‍ രാവുത്തരുടെ മകന്‍. ഞങ്ങള് രണ്ടാളും ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജോലിക്കാരാണ് '' കിട്ടിയ അവസരം പോക്കര്‍ മുതലാക്കി ''  ചവിട്ടിയിട്ട് വണ്ടി നിന്നില്ല ''.

'' അതിന് നിങ്ങളുടെ ഭാഗത്ത് തെറ്റില്ലല്ലോ. ഈ തള്ള എങ്ങോട്ടും നോക്കാതെ ചാടീതല്ലേ '' ആ ചെറുപ്പക്കാരന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ആശ്വാസമായി.

'' ഞങ്ങള് എന്താ വേണ്ടത്‌ച്ചാല്‍ ചെയ്യാം. ഇവരെ ആസ്പത്രിയിലേക്ക് കൊണ്ടു പോണോ ''.

'' ഒന്നും വേണ്ടാ. നിങ്ങള് പൊയ്ക്കോളിന്‍. ഞങ്ങള് നോക്കീക്കോളാം ''.

'' ആസ്പത്രിയിലേക്ക് കൊണ്ടുപോണം എന്നു പറഞ്ഞാല്‍ പെട്ടു '' വണ്ടി കുറച്ചുദൂരം പോയപ്പോള്‍ പോക്കര്‍ പറഞ്ഞു.

'' അതെന്താ '' ഞാന്‍ ചോദിച്ചു.

'' എന്‍റേല് രണ്ടുറുപ്പികയേ ഉള്ളൂ ''.

'' പിന്നെ നീ എന്തു കണ്ടിട്ടാ അങ്ങിനെ ചോദിച്ചത് ''.

'' വേണ്ടി വന്നാല്‍ വാച്ച് പണയം വെക്കും. അതന്നെ ''.

അബുബക്കര്‍ എന്ന സുഹൃത്തിന്ന് ആത്മശാന്തി നേരുന്നു.