Friday, July 1, 2011

ദൈവാനുഗ്രഹം.

ഇന്ന് ജൂലായ് ഒന്ന്. സന്ധ്യക്ക് വിളക്ക് വെച്ച സമയം. വൈകുന്നേരത്തെ കാപ്പി കുടി കഴിഞ്ഞശേഷം ബ്ലോഗ് വായനയിലായിരുന്നു. ഡോക്ടര്‍ ജോണ്‍ ബ്രൈറ്റ് ഇ. എ. സജിം തട്ടത്തുമലയെ അഭിമുഖം നടത്തിയത് വായിച്ചു കഴിഞ്ഞതും കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് എഴുന്നേറ്റു. റെയില്‍വെ സ്റ്റേഷനില്‍ ഇരുന്ന് വര്‍ത്തമാനം പറയാന്‍ കൂട്ടുകാരന്‍ അജിതന്‍ എത്താനുള്ള സമയമായി. മുറ്റത്തിറങ്ങി നോക്കുമ്പോള്‍ മഴയ്ക്കുള്ള ഒരുക്കങ്ങള്‍ കണ്ടു. ഇന്നിനി കൂട്ടുകാരന്‍ വരുമെന്ന് തോന്നുന്നില്ല. അകത്ത് സുന്ദരിയും മരുമക്കളും സീരിയല്‍ കാണുന്ന തിരക്കിലാണ്.

മുറ്റത്തെ മാവിന്‍ ചുവട്ടില്‍ മരുമകളുടെ സ്കൂട്ടര്‍ ഇരിക്കുന്നു. മാവിന്‍റെ പശ ഇടയ്ക്ക് ഒറ്റി വീഴാറുണ്ട്. വാഹനത്തില്‍ പറ്റിയാല്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാവും. ഞാന്‍ അവളോട് വാഹനം മാറ്റി വെക്കാന്‍ ആവശ്യപ്പെട്ടു. താക്കോലുമായി വന്ന് കുട്ടി സ്കൂട്ടര്‍ കുറച്ചപ്പുറത്തേക്ക് മാറ്റി വെച്ച് അകത്തേക്കുതന്നെ പോയി. ഞാന്‍ മുന്‍വശത്തെ കുട്ടി മതിലില്‍ ഇരുന്നു.

പടി കടന്ന് കാര്‍ വന്നു. മക്കള്‍ വരികയാണ്. എത്താന്‍ രാത്രിയാവുമെന്ന് പറഞ്ഞിരുന്നതാണ്. അവര്‍ നേരത്തെ എത്തിയതില്‍ സന്തോഷം തോന്നി. മക്കള്‍ രണ്ടുപേര്‍ ഇറങ്ങി. മൂന്നാമന്‍ കാര്‍ ഷെഡ്ഡില്‍ കയറ്റാനുള്ള ശ്രമത്തിലാണ്.

ഇളയവന്‍ ഒരു പൊതി എന്നെ ഏല്‍പ്പിച്ചു. മരുന്നാണ്.

'' അച്ഛനെന്താ ഇവിടെ ഇരിക്കുന്നത്. എണീറ്റ് വരൂ '' മൂത്ത മകന്‍ പറഞ്ഞു. ഞാന്‍ എഴുന്നേറ്റത്തും എന്തിനേയോ ചവിട്ടി. കാലിന്നടിയില്‍ ഒരു പിടച്ചില്‍. പൊടുന്നനവേ ഞാന്‍ കാല്‍ മാറ്റി. നോക്കുമ്പോള്‍ ഒരു പാമ്പ്. അത് കാര്‍ഷെഡ്ഡിന്‍റെ നേര്‍ക്ക് ഇഴയാന്‍ തുടങ്ങി.

'' പാമ്പ്. കാറില്‍ നിന്ന് ഇറങ്ങണ്ടാ '' ഞാന്‍ രണ്ടാമനോട് പറഞ്ഞു.

ഇളയവന്‍ പെട്ടെന്ന് വീടിന്‍റെ ഒരു വശത്തു നിന്നും ഒരു വടിയുമായി വന്നു. മൂന്നോ നാലോ അടി. പാമ്പ് കുറച്ചു നേരം പിടഞ്ഞു. ഒടുവില്‍ പിടച്ചില്‍ നിലച്ചു. അതിനെ വടിയിലെടുത്ത് അവന്‍ ദൂരെ കൊണ്ടു പോയി കളഞ്ഞു.

'' ഈശ്വര കടാക്ഷം '' ഭാര്യ പറഞ്ഞു '' വിഷമുള്ള സാധനമാണ് ''.

ഞാന്‍ സെറ്റിയില്‍ ചെന്നിരുന്നു. ഈശ്വര കടാക്ഷം തന്നെ. ഇതിന്ന് മുമ്പും നാല് തവണ പാമ്പ് എന്നെ ഉപദ്രവിക്കാതെ വിട്ടത് ഞാന്‍ ഓര്‍ത്തു.

7 comments:

 1. ഭാഗ്യം മാഷെ, സാധാരണ പാമ്പിനെ ചവിട്ടിയാല്‍ അത് കടിക്കും..പ്രാണരക്ഷാര്‍ത്ഥം..

  ReplyDelete
 2. ദൈവാനുഗ്രഹം തന്നെ. ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  ReplyDelete
 3. ഓര്‍മ്മക്കുറിപ്പുകള്‍. അവയ്ക്ക് തീക്ഷ്ണത ഏറും. ഓരോന്നായി പോരട്ടെ.
  (വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു)

  ReplyDelete
 4. ദൈവം കാത്തു അല്ലേ.രണ്ട് നാള്‍ മുന്‍പ് വീട്ടില്‍ അടുക്കളേല്‍ ഒരു പാമ്പ്. ഭാഗ്യത്തിനു ഞാന്‍ കണ്ടു. ഗ്യാസ് സിലിണ്ടറ് കൊണ്ട് വന്നപ്പോള്‍ ഒപ്പം വന്നതാണെന്ന് തോന്നുന്നു. ഒന്നു തല്ലിക്കൊല്ലാമെന്ന് വെച്ചാല്‍ പരിസരത്തെങ്ങും ഒറ്റവടിക്കഷ്നം കൂടി ഇല്ല! ടൌണായാലുള്ള പരിമിതി. അവസാനം ചൂലുകൊണ്ടും വാക്കത്തിക്കൊണ്ടുമൊക്കെ എങ്ങനൊക്കെയോ കൊന്നു. ഇപ്പൊഴുമെന്റെ വിറ മാറീട്ടില്ല.

  ReplyDelete
 5. SHANAVAS,
  എന്തോ ഭാഗ്യ വശാല്‍ ഞാന്‍ മാറിയ ദിക്കിന്‍റെ മറുവശത്തേക്കാണ് അത് നീങ്ങിയത്.
  Ponmalakkaran / പൊന്മളക്കാരന്‍ ,
  ആശംസകള്‍ക്ക് നന്ദി.
  സോണി,
  തീര്‍ച്ചയായും ഇനിയും എഴുതാം.
  മുല്ല,
  മഴക്കാലം തുടങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യം കൂടിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് മുറ്റത്തു വെച്ച് ഒരു പാമ്പിനെ കുട്ടികള്‍ കൊന്നത്. അതും കെട്ടുവരിയനായിരുന്നു.

  ReplyDelete
 6. Bhagyam. Daivaanugraham.

  ReplyDelete
 7. ദൈവമേ..ഈശ്വരന്‍ ഇങ്ങനെയൊക്കെയല്ലേ നമുക്ക് അനുഗ്രഹങ്ങള്‍ തരുന്നത്....

  ReplyDelete