Thursday, December 31, 2015

എന്നെക്കൊണ്ട് ഇതേ ആവൂ.

കുന്നിറങ്ങി വയല്‍വരമ്പത്തേക്ക് കയറിയ പാറുക്കുട്ടിയമ്മ വലിയ വീട്ടിലെ പടിപ്പുര കടന്നുപോവുന്ന ജാനകി അമ്മ്യാരെയാണ് കണ്ടത്. പതിവുപോലെ വലിയൊരു തൂക്കുപാത്രം അമ്മ്യാരുടെ കയ്യിലുണ്ട്. പലഹാരങ്ങള്‍  വിറ്റു മടങ്ങുന്ന വഴിയാണ്.

'' അശ്രീകരം '' പാറുക്കുട്ടിയമ്മ മനസ്സില്‍ പിറുപിറുത്തു '' ഈയിടെയായി പട്ടത്ത്യാര്‍ക്ക് കുറച്ചു ഗമ കൂടിയിട്ടുണ്ട്. ഏതോ വല്യേ കോവിലകത്തെ തമ്പുരാട്ടിയാണെന്നാ ഭാവം. മനുഷ്യരെ കണ്ടാല്‍ കണ്ണു മിഴിയില്ല ''.

പാറുക്കുട്ടിയമ്മയ്ക്ക് ഈര്‍ഷ്യ തോന്നാന്‍ തക്ക കാരണമുണ്ട്. ഈയിടെ മകളുടെ കുട്ടിക്കു കൊടുക്കാന്‍ നാലഞ്ചു മുറുക്ക് കടം ചോദിച്ചു. നാലാം പക്കം ശമ്പളം കിട്ടും, അപ്പോള്‍ കൊടുക്കാമെന്നു പറഞ്ഞിട്ടും '' റൊക്കം കാശിനേ കൊടുക്കൂ, കടം കൊടുക്കില്ല '' എന്നു പറഞ്ഞ് അമ്മ്യാര്‍ തന്നില്ല. ഭാഗ്യത്തിന്ന് ആരും അതു കണ്ടില്ല. അല്ലെങ്കില്‍ വല്ലാത്ത കുറച്ചിലായേനേ.

വലിയ വീടിന്‍റെ പടിപ്പുരയുടെ മുമ്പിലെത്തിയപ്പോള്‍ പാറുക്കുട്ടിയമ്മ ഒരുനിമിഷം ആലോചിച്ചു. തിരക്കിട്ട് വീട്ടിലെത്തേണ്ട കാര്യമൊന്നുമില്ല. ഒന്നു കയറി തറവാട്ടമ്മയെ കാണാം. കുറെ കാലമായി അവരെ കണ്ടിട്ട്.

'' എന്താ പാറുക്കുട്ട്യേ, നീ ഈ വഴിയൊക്കെ മറന്ന്വോ '' തറവാട്ടിലമ്മ അവരെ കണ്ടതും കുശലം ചോദിച്ചു.

'' എന്താ പറയ്യാ, ഒരു ദിക്കില് ചെന്ന് കുടുങ്ങി. ഒഴിവാവാന്‍ പറ്റണ്ടേ '' പാറുക്കുട്ടിയമ്മ പറഞ്ഞു തുടങ്ങി '' നമ്മടെ ഗോപാലമേനോന്‍റെ മകള് അമേരിക്കേന്ന് പ്രസവിക്കാന്‍ വന്നിരുന്നു. അവരുടെ സ്ഥിതിക്ക് ആരെ വേണച്ചാലും പണിക്ക് കിട്ടും. പക്ഷെ പാറുക്കുട്ടിയമ്മ തന്നെ മതി എന്ന് പെണ്ണിന്ന് ഒരേ വാശി. അവരൊക്കെ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ കഴിയ്യോ. അങ്ങിനെ ചെന്നു കൂട്യേതാ. ഇന്നലെ അമ്പത്താറു കഴിഞ്ഞു. ഞാന്‍ മെല്ലെ ഒഴിവായി ''.

'' ഇരുപത്തെട്ടിന്ന് ക്ഷണിച്ചിരുന്നു. ഇവിടുന്ന് മകളാ പോയത് ''.

'' പറയുമ്പോലെ മകളെവിടെ. കണ്ടില്ലല്ലോ ''.

''  രണ്ടു ദിവസം ലീവല്ലേ. രാവിലെ അവളും ഭര്‍ത്താവും കുട്ടികളും കൂടി ഗുരുവായൂരിലേക്ക് പോയി. ഇനി നാളെ നോക്ക്യാല്‍ മതി. ഗുരുവായൂര് ചെന്നാല്‍ വാകച്ചാര്‍ത്ത് കാണാതെ അവള് മടങ്ങില്ല ''.

'' അപ്പൊ ഒറ്റയ്ക്കാണോ ''.

'' പണിക്കാരിപെണ്ണുണ്ട്. രാത്രി  അവളുടെ കെട്ട്യോന്‍ കാവലിന്ന് വരും ''. തറവാട്ടമ്മ തുടര്‍ന്നു '' നിനക്ക് തിരക്കില്ലെങ്കില്‍ ഇരിക്ക്. ഉച്ചത്തെ ഊണു കഴിഞ്ഞു പോവാം ''.

'' ആവായിരുന്നു. പക്ഷെ ചെന്നിട്ട് ചെറിയൊരു കാര്യം ​ഉണ്ട്. ചിന്നന്‍റെ കൂടെ ഒരു നറുക്ക് ചേര്‍ന്നത് ഉച്ചയ്ക്ക് എടുക്കും. പലകപ്പുറത്താ പണം. ഞാന്‍ ചെന്നില്ലെങ്കില്‍ അവന്‍ ഏതെങ്കിലും സേവക്കാര്‍ക്ക് കൊടുക്കും. എന്നിട്ട് ഇമ്രാളേ, ഈ പ്രാവശ്യൂം നിങ്ങള്‍ക്ക് കിട്ടീലാ എന്ന് പറയും ''.

'' അങ്ങിനെയാണെങ്കില്‍ ചായ കുടിച്ചിട്ടു പോയാല്‍ മതി. നീ വന്നാലേ എന്തെങ്കിലും നാട്ടുവര്‍ത്തമാനം അറിയൂ ''.

'' അങ്ങിന്യാച്ചാല്‍ അങ്ങിനെ '' അവര്‍  ചുമരും ചാരി നിലത്തിരുന്നു. സംഭാഷണം നീണ്ടുപോയി.ഇടയ്ക്ക് തറവാട്ടമ്മയ്ക്ക് ഹോര്‍ലിക്സ് കൊണ്ടുവന്ന പണിക്കാരി പാറുക്കുട്ടിയമ്മയ്ക്ക് ഒരുഗ്ലാസ്സ് ചായയും കൊണ്ടുവന്നു.

'' നീ ആ മുറുക്കിങ്ങോട്ട് എടുത്തിട്ടൂ വാ. പാറുക്കുട്ടിക്കും ഒന്ന് കൊടുക്ക് '' തറവാട്ടമ്മ കല്‍പ്പിച്ചു.  പണിക്കാരി രണ്ടുപേര്‍ക്കും മുറുക്കെത്തിച്ചു

'' മുറുക്ക് ഇവിടെ ഉണ്ടാക്ക്യേതാണോ '' ചായ ഊതിക്കുടിക്കുന്നതിന്നിടെ അറിയാത്ത മട്ടില്‍ പാറുക്കുട്ടിയമ്മ അന്വേഷിച്ചു.

'' അതിനൊക്കെ ആരാ ഉള്ളത്. ഇത് വില കൊടുത്തു വാങ്ങിയതാ ''.

'' പീടികേലൊക്കെ വലിയ വിലയാവും. ഉണ്ടാക്കുന്നതന്നെ ലാഭം ''.

'' ഇത് ആ അമ്മ്യാരടെ കയ്യിന്ന് വാങ്ങിയതാ. അവര് തൊള്ളേല് തോന്നിയ വിലയൊന്നും പറയാറില്ല. പിന്നെ പാവങ്ങളല്ലേ. എന്തെങ്കിലും അവര്‍ക്ക് കിട്ടിക്കോട്ടെ എന്നു വിചാരിച്ച് ഞാന്‍ അവര് വരുമ്പോഴൊക്കെ വല്ലതും വാങ്ങാറുണ്ട് ''.

'' ഏതാ ഈ അമ്മ്യാര് ''.

'' നിനക്ക് ജാനകി അമ്മ്യാരേ അറിയ്യോ ''

'' ഉവ്വ് ''

'' അവരുടേന്ന് വാങ്ങിയതാ ''.

'' അയ്യേ '' വിഷപ്പാമ്പിനെ എന്നതുപോലെ പാറുക്കുട്ടിയമ്മ ആ മുറുക്ക് താഴെവെച്ചു.

'' എന്താ പാറുക്കുട്ട്യേ '' തറവാട്ടമ്മ അമ്പരപ്പോടെ ചോദിച്ചു.

'' ആ അമ്മ്യാര് ഉണ്ടാക്കിയത് എനിക്കു വേണ്ടാ ''.

'' അതെന്താ അങ്ങിനെ ''.

'' അതു മാത്രം എന്നോട് ചോദിക്കരുത്. ഞാന്‍ പറയില്ല ''.

'' നല്ലതായാലും ചീത്തയായാലും നീ പറയ്. കേള്‍ക്കാതിരുന്നാല്‍ എനിക്ക് ഒരു മനസ്സമാധാനം കിട്ടില്ല ''.

'' സത്യം പറഞ്ഞാല്‍ അടിയന്‍റെ തലപോവും. ഇല്ലെങ്കില്‍ തമ്പ്‌രാന്‍ പട്ടിടെ ഇറച്ചി തിന്നും എന്നു പറഞ്ഞതുപോലെയായല്ലോ എന്‍റെ അവസ്ഥ ''.

'' നീ ഇങ്ങിനെ അവിടീം ഇവിടീം തൊടാതെ വല്ലതും പറഞ്ഞാല്‍ എനിക്ക് മനസ്സിലാവില്ല. ഉള്ള കാര്യം നേരെചൊവ്വേ പറയ് ''.

'' ഞാനായിട്ട് ഒരാളുടെ വയറ്റില്‍പ്പിഴപ്പ് മുടങ്ങ്വോലോ എന്ന് ഓര്‍ക്കുമ്പോ  സങ്കടം ഉണ്ട്. എന്നാലോ ഇവിടുത്തോട് ഉള്ള സത്യം മറച്ചു പിടിക്കാനും എന്നെക്കൊണ്ടാവില്ല. അതാ ഒരു മടി ''.

'' എന്നോട് പറഞ്ഞതോണ്ട് നിന്‍റെ തലയൊന്നും പോവില്ല. നീ ധൈര്യമായിട്ട് പറഞ്ഞോ ''.

'' പറയാം. പക്ഷെ സംഗതി മൂന്നാമതൊരാളുടെ ചെവിയില്‍ പെടരുത് ''.

'' അതുണ്ടാവില്ല. ഞാനാ പറയിണത് ''.

'' അതേയ്. ആ അമ്മ്യാരുടെ ഭര്‍ത്താവിന്ന് കുഷ്ഠത്തിന്‍റെ അസുഖം ഉണ്ട്. പുണ്ണുമാന്തിയ കൈകൊണ്ടന്നെ അയാള് മുറുക്കുചുറ്റും, പലഹാരങ്ങള്‍ ഉണ്ടാക്കും ചെയ്യും ''.

'' ഭൂ '' തറവാട്ടമ്മ വായിലിട്ട മുറുക്കിന്‍റെ കഷ്ണം മുറ്റത്തേക്ക് നീട്ടിത്തുപ്പി '' ഇനി ഒരു സാധനം അതിന്‍റെ കയ്യിന്ന് ഇവിടെ വാങ്ങില്ല ''.

'' എന്നെക്കൊണ്ട് ഇതേ ആവൂ. അതു ഞാന്‍ ചെയ്തു ''  പാറുക്കുട്ടിയമ്മ മനസ്സില്‍ പറഞ്ഞു. എന്തോ കടിച്ച് പട്ടരുടെ ദേഹത്ത് തിണര്‍പ്പ് വന്നതും അതിന്ന് ചികിത്സ നടത്തുന്നതും ഈ വിധത്തില്‍ അവതരിപ്പിക്കാനായ സന്തോഷവുമായിട്ടാണ്  അവര്‍ തറവാടിന്‍റെ പടിയിറങ്ങിയത്.
Monday, September 28, 2015

നാലാം തലമുറ.

തുടര്‍ച്ചയായി കോളിങ്ങ്ബെല്ലടിക്കുന്നതു കേട്ടാണ് ഗോവിന്ദന്‍കുട്ടി നായര്‍ ഉണര്‍ന്നത്. കണ്ണുതുറന്നു നോക്കുമ്പോള്‍ മുറിയിലാകെ നല്ല പ്രകാശം. ഈശ്വരാ എഴുന്നേല്‍ക്കാന്‍ വൈകിയോ? ക്ലോക്കിലേക്കു നോക്കി. സമയം എട്ടുകഴിഞ്ഞി രിക്കുന്നു. എഴുന്നേല്‍ക്കാന്‍ ഒരുപാട് വൈകി. എട്ടരയ്ക്ക് കുട്ടികളുടെ സ്കൂള്‍ ബസ്സെത്തും. അതിനുമുമ്പ് അവരെക്കൂട്ടി സ്റ്റോപ്പിലെത്തേണ്ടതാണ്. 

കോളിങ്ങ്ബെല്ല് അടിച്ചുകൊണ്ടേയിരിക്കുകയാണ്. എന്താണ് ആരും നോക്കാത്തത്. വന്ന ആളുടെ ക്ഷമ കെട്ടിട്ടുണ്ടാവും. വേഗം എഴുന്നേറ്റ് മുന്‍വശത്തേക്ക് നടന്നു. വാതില്‍ മലര്‍ക്കെ തുറന്നുകിടപ്പുണ്ട്. ഇളയ മകന്‍റെ രണ്ടുമക്കള്‍ കോളിങ്ങ്ബെല്ലിന്‍റെ സ്വിച്ചിനടുത്ത് നില്‍പ്പാണ്. ചെറിയ സന്തതി ഒരു പ്ലാസ്റ്റിക്ക് കസേലയില്‍ കയറിനിന്ന് സ്വിച്ചില്‍ അമര്‍ത്തുന്നു.

'' സ്കൂളില്‍ പോവാറായി. എന്നിട്ടാണോ കളിച്ചോണ്ട് നില്‍ക്കുന്നത് '' പേരക്കുട്ടികളെ ശാസിച്ചു.

'' ഏത് സ്കൂളിലാ മുത്തശ്ശാ ഞായറാഴ്ച ക്ലാസ്സുള്ളത് '' മൂത്തവന്‍റെ മുഖത്ത് ഒരു പരിഹാസച്ചിരി. 

കൂടുതലൊന്നും പറയാതെ അടുക്കളയിലേക്ക് നടന്നു. ഭാര്യ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്.

'' പിള്ളര് ബെല്ലടിക്കുന്നത് കേട്ടില്ലേ ''.

'' കേട്ടു. എന്തോ കാട്ടിക്കോട്ടെ എന്നു കരുതി ദേഷ്യപ്പെടാന്‍ പോയില്ല. ആ നേരം തല്ലു കൂടില്ലല്ലോ. അടുക്കളപ്പണിയും കുട്ടികളെ നോക്കലും കൂടി നടക്കില്ല ''.

'' എന്നാല്‍ എന്നെ നേരത്തെ വിളിക്കായിരുന്നില്ലേ ''.

'' രണ്ടു പ്രാവശ്യം ഞാന്‍ വന്നു നോക്കി. അപ്പൊഴൊക്കെ നിങ്ങള് നല്ല ഉറക്കത്തിലാണ്. ഇന്നലെ കൊടുത്ത കഫ് സിറപ്പില്‍ സെഡേറ്റീവുണ്ട്. അച്ഛന്‍ ഉറങ്ങിക്കോട്ടെ എന്ന് പ്രകാശന്‍ പറഞ്ഞു ''.

'' എന്നിട്ട് അവനെവിടെ ''.

'' അവനും ജ്യോതിയും കൂടി ആഹാരവുമായി ആസ്പത്രിയിലേക്ക് പോയി. അവരുടെ കൂടെ രാജേഷും സതീഷും പോയിട്ടുണ്ട് ''.

'' അതിന് ആര്‍ക്കാ അസുഖം ''.

'' ഇതാപ്പൊ നന്നായത്. ഇന്നല്ലേ ചിക്കൂന്‍റെ ഓപ്പറേഷന്‍. അവളെ പ്രസവത്തിന്ന് അഡ്മിറ്റ് ചെയ്ത കാര്യം മറന്ന്വോ ''.

മൂത്തമകളുടെ മകളാണ് രശ്മി. വീട്ടിലെ എല്ലാവരും അവളെ ചിക്കു എന്നാണ് വിളിക്കാറ്. ഡോക്ടറുടെ കണക്കനുസരിച്ച് പ്രസവത്തിന്ന് ഇനിയും ദിവസങ്ങളുണ്ട്. കുട്ടിക്ക് നല്ല നക്ഷത്രം കിട്ടാനായി പ്രസവം ഇന്നത്തേക്ക് ആക്കിയതാണ്.

'' അതിന്‍റെ ധാരണ വിട്ടുപോയി. വയസ്സായില്ലേ. എല്ലാം ഓര്‍മ്മയില്‍ നില്‍ക്കില്ല. ചിലപ്പോഴൊക്കെ വിട്ടു പിടിക്കും. ഏതായാലും ഞാന്‍ വേഗം കുളിച്ച് റെഡിയാവാം. നമുക്ക് പോവണ്ടേ ''.

'' ഇപ്പോള്‍ പോയാല്‍ ശരിയാവില്ല. തിയ്യേറ്ററില്‍ കയറ്റിയാല്‍ നമ്മളെ പ്രകാശന്‍ വിളിക്കും. അപ്പോള്‍  ഒരുങ്ങിനിന്നാല്‍ മതി. സുമതിയുടെ മകന്‍ കാറുംകൊണ്ടു വന്ന് നമ്മളെ കൂട്ടിക്കൊണ്ടു പോവും ''.

'' എന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നത്. മക്കള് ആര്‍ക്കെങ്കിലും വന്നു കൂട്ടിക്കൊണ്ടു പോവാന്‍ പാടില്ലേ ''.

'' അവര് മൂന്നാളും അളിയന്‍റെകൂടെ ആസ്പത്രിയില്‍ നില്‍ക്കും. അതാ പേരമകനെ അയക്കുന്നത്. അവന്‍ കാറോടിക്കുന്നു എന്നു വിചാരിച്ച് പേടിക്ക്വോന്നും വേണ്ടാ. ചെറിയകുട്ടിയൊന്നുമല്ലല്ലോ അവന്‍ ''. 

'' അതല്ല പെങ്ങള് ഓപ്പറേഷന്ന് കിടക്കുന്ന കാര്യം ആലോചിച്ച് അവന്‍ പരിഭ്രമിക്ക്യോ മറ്റോ ചെയ്താലോ ''.

'' അടുത്തകൊല്ലം എം.ഡി. കഴിഞ്ഞ് ഡോക്ടറാവേണ്ട ആളാണ് അവന്‍. എന്നിട്ടാ അനിയത്തിക്ക് സിസേറിയനാണെന്നു കരുതി പേടിക്കും എന്ന് നിങ്ങള് കരുതുന്നത് ''.   

'' എന്നാലും ''.

'' ഒരു എന്നാലും ഇല്ല. അങ്ങളമാര് അടുത്തുള്ളതാ സുമതിക്ക് ആശ്വാസം. അതിനല്ലേ അവര്‍ മിനക്കെട്ട് നില്‍ക്കുന്നത് ''.

മക്കളുടെ ചെയ്തിയില്‍ സന്തോഷം തോന്നി. ചേച്ചിയുടെ മകളുടെ പ്രസവം പ്രമാണിച്ച് ചെന്നെയില്‍ജോലിയുള്ള മൂത്തമകന്‍ രാജേഷും മുംബെയില്‍  ജോലിയുള്ള രണ്ടാമന്‍ സതീഷും ലീവെടുത്ത് വന്നിരിക്കുകയാണ്. ഇളയ മകന്‍ പ്രകാശനും  ഭാര്യ ജ്യോതിയും മിക്കസമയവും  ആസ്പത്രിയിലാണ്.  അമ്മാമന്മാരുടേയും   അമ്മായിയുടേയും   ഉത്സാഹവും ജാഗ്രതയും എന്നും ഇതുപോലെ ഉണ്ടാവണേ എന്നാണ് പ്രാര്‍ത്ഥന.

 കുളി കഴിഞ്ഞു വേഷം മാറിവരുമ്പോള്‍ രണ്ടു പേരക്കുട്ടികള്‍ ഭക്ഷണം കഴിക്കുകയാണ്. ഭാര്യ ചെറുതിനെ ഊട്ടുന്നു.

'' ഇന്നെന്താ പേപ്പറ് വായിക്കലൊന്നും ഉണ്ടായില്ലേ '' അവള്‍ ചോദിച്ചു.

''ആസ്പത്രീന്ന് വന്നിട്ടു മതി പേപ്പറ് വായന എന്നുവെച്ചു''. സ്വതവേ ഒന്നൊന്നര മണിക്കൂര്‍ പത്രം നോക്കിയശേഷമേ കുളിക്കാന്‍ ചെല്ലൂ. ആ പരിപാടിക്ക് മാറ്റം വരുത്തിയതാണ്.

'' പേരമകളുടെ കുട്ടിയെ കാണാനുള്ള തിടുക്കം കൊണ്ടാവും പേപ്പറ് വായന  മാറ്റിവെച്ചത് ''.

'' സമ്മതിച്ചു. തനിക്ക് പേരക്കുട്ടിയുടെ കുട്ടിയെ കാണണം എന്ന് മോഹം തോന്നുന്നില്ലേ ''.

'' അത് ചോദിക്കാനുണ്ടോ'' കുറച്ചുനേരം അവര്‍ ആലോചനയില്‍ മുഴുകി '' ഞാന്‍ സുമതിയെ പെറ്റപ്പോള്‍ ഉണ്ടായിരുന്നതിലും സന്തോഷമായിരുന്നു അവള്‍ ചിക്കുവിനെ പ്രസവിച്ചപ്പോള്‍  എനിക്കുണ്ടായത് ''.

ഇരുപത്തിമൂന്നു കൊല്ലംമുമ്പ് ഇതുപോലൊരു പ്രഭാതത്തിലായിരുന്നു സുമതി ചിക്കുവിനെ പ്രസവിച്ചത്. രണ്ടുദിവസം മുമ്പ് അവളെ അഡ്മിറ്റ് ചെയ്തതു മുതല്‍ പ്രസവം കഴിഞ്ഞ് ഡിസ്ച്ചാര്‍ജ്ജായി വരുന്നതുവരെ ലീവെടുത്ത് ഭാര്യയോടൊപ്പം ആസ്പത്രിയില്‍ കൂടി. ലേബര്‍റൂമില്‍നിന്നു കുട്ടിയെ കൊണ്ടു വന്നതു മുതല്‍ എത്രനേരം നോക്കിയിരുന്നുവെന്നറിയില്ല. കുട്ടിയുടെ കൈപ്പത്തിയുടെ അരികെവെച്ച ചൂണ്ടുവിരലില്‍ അവളുടെ കുഞ്ഞുവിരല്‍ തട്ടിയപ്പോള്‍ ഒരു വൈദ്യുതി തരംഗം ശരീരത്തില്‍ കൂടി കടന്നുപോയതും രോമാഞ്ചം തോന്നിയതും ഇന്നും ഓര്‍മ്മയിലുണ്ട്. 

'' നമുക്ക് മക്കളുണ്ടായപ്പോള്‍ ഓരോ പ്രാരബ്ധംകാരണം അവരെ വേണ്ട പോലെ ലാളിക്കാന്‍ കഴിഞ്ഞില്ല. പേരമക്കളായപ്പോഴേക്കും ബുദ്ധിമുട്ട് കുറെയൊക്കെ തീര്‍ന്നു. അവരെ കൊഞ്ചിക്കാന്‍ ധാരാളം സമയം കിട്ടി. നമുക്ക് മക്കളെക്കാള്‍ സ്നേഹം അവരോടായി. നോക്കിക്കോളൂ, ഇനി പേരക്കുട്ടിയുടെ കുട്ടിയോടാവും സ്നേഹകൂടുതല്‍ ''.

ഭാര്യ പറഞ്ഞത് ശരിയാണ്. ചിക്കു വലുതായപ്പോള്‍ എത്രയുംവേഗം അവളുടെ വിവാഹം കഴിഞ്ഞുകാണണമെന്നായിരുന്നു മോഹം. അതു കഴിഞ്ഞപ്പോള്‍ അവള്‍ക്കൊരു കുട്ടി വേണമെന്നായി ആശ. ഭഗവാനേ, മോഹത്തിന്ന് എപ്പോഴെങ്കിലും അവസാനമുണ്ടാകുമോ?

'' എന്താ വല്ലാതൊരു ആലോചന ''.

'' മക്കളായി. പേരക്കുട്ടികളായി. ഇപ്പോള്‍ പേരക്കുട്ടിയുടെ കുട്ടിയായി. ഒക്കെ ഈശ്വരാനുഗ്രഹം അല്ലേ ''.

'' എന്താ സംശയം ''.

'' അപ്പോള്‍ കുട്ടികൃഷ്ണമേനോന്‍റെ കാര്യം ആലോചിച്ചാലോ. മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും കഴിഞ്ഞ് ഇപ്പൊ ആ കുട്ടികളുടെ കുട്ടികളുമായി. അയാളുടെ നവതി ആഘോഷത്തിന്നു ചെന്നപ്പോ കണ്ട കാഴ്ച മറക്കില്ല. അഞ്ചു തലമുറയുടെ തലവനാണ് ആ ഭാഗ്യവാന്‍  ''. 

'' മനസ്സിലിരുപ്പ് കണ്ടില്ലേ. ഇനിയും ഒരു തലമുറയെകൂടി കാണണമെന്നാ മോഹം ''. 

'' അത് അങ്ങിനെയല്ലേടോ. എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടി കരേറുന്നു മോഹവും എന്ന് പൂന്താനം എഴുതിയത് താന്‍ വായിച്ചിട്ടില്ലേ ''.

'' വേണച്ചാല്‍ നിങ്ങള് ഇരുന്നുകണ്ടോളിന്‍. പക്ഷെ ഞാനുണ്ടാവില്ല '' ഭാര്യ ഉറക്കെ ചിരിച്ചു.

'' താനില്ലെങ്കില്‍ പിന്നെന്താടോ ഒരു രസം. താന്‍ പോവ്വാണച്ചാല്‍ ഞാന്‍ മുമ്പെ പൊയ്ക്കോളാം '' അയാള്‍ ഭാര്യയുടെ ചിരിയില്‍ പങ്കുചേര്‍ന്നു.

'' എന്തൊക്കേയാ ഉണ്ടാവ്വാ എന്ന് നമുക്കറിയില്ലല്ലോ. ഒക്കെ ഈശ്വരന്‍ നിശ്ചയിക്കുന്നതല്ലേ. അതും ഇതും പറഞ്ഞ്നേരം കളയണ്ടാ. പ്ലെയ്റ്റില്‍ ഇഡ്ഢലിയും പഴംനുറുക്കും വിളമ്പീട്ടുണ്ട്. വേഗം കഴിച്ചോളൂ. മകന്‍ എപ്പോഴാ വിളിക്കുക എന്നറിയില്ല ''.

അയാള്‍ കൈകഴുകി ഭക്ഷണം കഴിക്കാനിരുന്നു.

Sunday, February 8, 2015

അവള്‍ക്കിനി ആരുണ്ട് ?


പാതിരാവിനോടടുക്കാറാവുമ്പോഴും കിടപ്പുമുറിയിലെ ടി.വി.യില്‍ തുടരന്‍ അരങ്ങു തകര്‍ക്കുകയാണ്. തലവഴി പുതപ്പ് വലിച്ചിട്ട് ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി മൊബൈലിലെ മെമ്മറിക്കാര്‍ഡിലുള്ള പഴയ സിനിമാഗാനങ്ങള്‍ കേട്ടു കിടന്നാലും ചില സമയങ്ങളില്‍ ചില ശബ്ദശകലങ്ങള്‍ കാതില്‍ അരിച്ചെത്തും.

അത്തരം ഒരു അവസരത്തിലാണ് കഥയുടെ അടുത്ത ഭാഗങ്ങളിലേക്ക് കാണികളുടെ ശ്രദ്ധ ക്ഷണിക്കാറുള്ള അനൌണ്‍സറുടെ '' അവള്‍ക്കിനി ആരുണ്ട്? കാത്തിരുന്നു കാണുക '' എന്ന പ്രൌഡഗംഭീരമായ ശബ്ദം കേള്‍ക്കുന്നത്.

നിറം കറുപ്പാണ് എന്നല്ലാതെ കഥാനായികക്ക് മറ്റൊരു കുറവുമില്ല. അറിഞ്ഞോ അറിയാതേയോ അവള്‍ തെറ്റൊന്നും  ചെയ്തിട്ടുമില്ല. എന്നിട്ടും ആ പാവത്തിന്ന് മറ്റുള്ളവരുടെ ക്രൂരമായ പെരുമാറ്റം സഹിക്കാനാണ് വിധി. ഒടുവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് അവള്‍ പുറന്തള്ളപ്പെടുന്നു. സ്വന്തം വീട്ടിലേക്ക് തിരിച്ചു ചെന്ന അവള്‍ക്ക് അവിടേയും 

അഭയം ലഭിക്കുന്നില്ല.

ഈ അവസരത്തില്‍ അനൌണ്‍സറുടെ ചോദ്യം പ്രസക്തമാണ്.

നാട്ടില്‍ വേറെ ആണുങ്ങളില്ലത്തതുകൊണ്ടാണല്ലോ വേറെ രണ്ടു സ്ത്രീകള്‍ അവളുടെ ഭര്‍ത്താവിനെ മത്സരിച്ച് സ്നേഹിക്കുന്നത്. കൂടുതല്‍ സ്ത്രീകള്‍ ക്ലെയിം ഉന്നയിച്ചു വരുന്നതിന്നു മുമ്പ് അയാള്‍ അവരില്‍ ആരേയെങ്കിലും വിവാഹം കഴിക്കുകയോ അല്ലാത്ത പക്ഷം ടോസ്സിട്ട് ആറുമാസം വീതം ഓരോരുത്തരുടെ ഭര്‍ത്തൃപദം അലങ്കരിക്കുകയോ എന്തോ ചെയ്തോട്ടെ. കാണികള്‍ക്ക് അതൊരു പ്രശ്നമേയല്ല. അവള്‍ക്കിനി ആരുണ്ട് എന്നതാണ് ഇപ്പോഴത്തെ കാതലായ പ്രശ്നം.

മനസ്സ് അതോര്‍ത്ത് വിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മുന്നിലൊരു വഴി തെളിയുന്നത്. അതോടെ കഥ  ഫസ്റ്റ് ഗിയറിലിട്ട് മെല്ലെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി.

പാതിരാക്കോഴി കൂവുമ്പോഴും അവള്‍ ഉറങ്ങിയിട്ടില്ല. ക്ലോക്ക് രണ്ടു തവണ ശബ്ദിച്ചപ്പോള്‍ 

അവള്‍ എഴുന്നേറ്റു. പതിയെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ അവള്‍ നടന്നു തുടങ്ങി. ലക്ഷ്യം കുറച്ചകലെയുള്ള റെയില്‍പ്പാതയാണ്.

 റെയിലിലൂടെ നടന്നു നീങ്ങുന്ന കഥാനായികയെയാണ് ഇപ്പോള്‍ നാം കാണുന്നത്. അകലെ നിന്ന് വണ്ടിയുടെ ശബ്ദം  കേള്‍ക്കുന്നുണ്ട് ( ഒരു എപ്പിസോഡ് മുഴുവന്‍ ഈ രംഗം ചിത്രീകരിക്കണം ) ട്രെയിന്‍ ഇതാ അടുത്തെത്തി. ഇനിയുള്ള രംഗം കാണാന്‍   കെല്‍പ്പില്ലാത്ത കാണികള്‍ കണ്ണടച്ചു കഴിഞ്ഞു.

പെട്ടെന്നതാ റെയിലിന്ന് സമാന്തരമായ റോഡിലൂടെ കുതിച്ചു പാഞ്ഞു വന്ന ആഡംബരക്കാര്‍  ബ്രേക്കിട്ട് നില്‍ക്കുന്നു. ഒരു സഫാരിസ്യൂട്ട് ധാരിയായ വൃദ്ധന്‍  ( സില്‍ക്ക് വസ്ത്രവുമാവാം) ആ കാറില്‍ നിന്ന് ചാടിയിറങ്ങി റെയില്‍പാളത്തിലൂടെ ഓടുന്നു (ഒരു എപ്പിസോഡിന്‍റെ മൂന്നിലൊന്ന് ഭാഗം ഇതായിരിക്കണം ). ഒടുവില്‍ അയാള്‍ അവളെ രക്ഷിക്കുന്നു.

കഥാനായികയും രക്ഷകനും കാറില്‍ സഞ്ചരിക്കുന്നതാണ് അടുത്ത രംഗം.

'' എന്തിനാ മോളേ നീ ഈ സാഹസത്തിന്ന് മുതിര്‍ന്നത് '' രക്ഷകന്‍ ചോദിക്കുകയാണ്.

'' എനിക്ക് ആരുമില്ല. പിന്നെ ഞാനെന്തിനു ജീവിക്കണം ''.

'' അതോര്‍ത്ത് നീ വിഷമിക്കണ്ടാ. അതിനല്ലേ കഥാകാരന്‍ നിന്നെ രക്ഷിക്കാന്‍ എന്നെ അയച്ചത് ''.

'' ഈ അസമയത്ത് അങ്കിളിന്ന് ഈ വഴി വരാന്‍ തോന്നിയത് എന്‍റെ ഭാഗ്യം '' അവള്‍ കണ്ണു തുടച്ചു '' എന്താ ഈ നേരത്ത് ഒറ്റയ്ക്ക്. കൂടെ  ഭാര്യയേയും കുട്ടികളേയും കൂട്ടാത്തതെന്ത്  ''.

'' ഭാര്യയും കുട്ടികളും  '' അയാളുടെ സ്വരം ഇടറി '' മുപ്പതു കൊല്ലം മുമ്പ്  കാറപകടത്തില്‍ എന്‍റെ ഭാര്യയും ഏകമകനും എന്നെ വിട്ടു പോയി. അന്നു മുതല്‍  ദേവലയങ്ങള്‍ തോറും കയറിയിറങ്ങുന്ന ഞാന്‍ മിക്ക രാത്രികളിലും സഞ്ചരിക്കാറുണ്ട്.  കാത്തിരിക്കാന്‍ ആരുമില്ലാത്തവന്ന് പകലും രാത്രിയും തമ്മില്‍ ഭേദമെന്ത്? അത്തരം ഒരു യാത്ര കഴിഞ്ഞു വരുന്ന വഴിയിലാണ്  നിന്നെ കാണുന്നത് ''.

കൊട്ടാര സദൃശമായ ഒരു വീടിന്‍റെ മുമ്പിലാണ് കാര്‍ നിന്നത്. ഒരു പാറാവുകാരന്‍ ഗെയിറ്റ് തുറന്നുകൊടുത്തു.

'' ഈ സ്ഥലം  ''.

'' എന്‍റെ വീടാണ് കുട്ടി ''.

'' ഇത്ര വലുതോ ''.

'' അമ്പതു ലക്ഷം കോടി രൂപയുടെ സ്വത്തിന്ന് ഉടമയാണ് ഈ ഞാന്‍. അപ്പോള്‍ അതിനനുസരിച്ചുള്ള വീട് വേണ്ടേ ''. ഈ അവസരത്തില്‍ വായനക്കാരന്ന് ന്യായമായും ഉണ്ടാവാനിടയുള്ള ഒരു സംശയം   ദൂരീകരിക്കേണ്ടതുണ്ട്. തുടര്‍നാടകത്തില്‍ പറയുന്ന ഈ കോടികള്‍ നമ്മുടെ ലോകത്തുള്ളതല്ല. ഒരു ഡപ്പി മൂക്കുപ്പൊടിക്ക് ഒരു കോടി രൂപ വിലയുള്ള ഏതോ നാട്ടിലേതാണ് ഈ കോടി. കാല്‍ക്കാശിന്ന് ഗതിയില്ലാത്തവന്‍ അകന്ന ബന്ധുവിനോട് അഞ്ഞൂറു കോടി രൂപ ഉതവി ചോദിക്കുന്ന ആ പ്രദേശത്തുനിന്ന് കിഴക്കന്‍ കാറ്റിനൊപ്പം അത് ഇവിടേക്ക് എത്തിയതാണ്.

പുതിയതാവളത്തിലെ ജീവിതം നമ്മുടെ കഥാനായികക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കിലും ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളെ വേട്ടയാടുനുണ്ട്. അവളുടെ ദുഃഖഭാവം ശ്രദ്ധിച്ച രക്ഷകന്‍ അവളോട് ഒരു ദിവസം അതിനെക്കുറിച്ച് ചോദിച്ചു .

'' എന്‍റെ ഭര്‍ത്താവിനെ എനിക്ക് മറക്കാന്‍ പറ്റുന്നില്ല ''.

'' നിന്‍റെ അമ്മായിയമ്മ സ്റ്റൌ പൊട്ടിയോ അടുപ്പില്‍ നിന്ന് സാരിക്ക് തീപിടിച്ച് പൊള്ളലേറ്റോ സിദ്ധി കൂടുന്നതുവരെ നീ ഭര്‍ത്താവിനെ സ്വപ്നത്തില്‍പോലും  ചിന്തിക്കരുത് ''.

'' അയ്യോ. എന്‍റെ അമ്മയിയമ്മയ്ക്ക് ആപത്തൊന്നും വരുത്തരുതേ ''. കഥാനായിക രക്ഷകനോട് കെഞ്ചുന്നു.

ഈ രംഗം അല്‍പ്പം കൂടി കൊഴുപ്പിക്കാമെങ്കില്‍ കഥാനായികയോട് കണികള്‍ക്കുള്ള സഹതാപം പച്ചക്കറിയുടെ വിലപോലെ കുത്തനെ ഉയരും.

'' എന്നു പറഞ്ഞാലെങ്ങെനാ. സംഭവിക്കേണ്ട കാര്യങ്ങള്‍ സംഭവിച്ചേ മതിയാകൂ. ഇനി ചില കാര്യങ്ങള്‍ കൂടി നീ അറിയാനുണ്ട് ''.

'' എന്താ അത് '.

'' നിന്‍റെ വീട്ടിലുണ്ടല്ലോ ഒരു കശ്മലന്‍.  ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് ആ പഹയന്‍ ആശുപത്രിയില്‍ കിടന്ന് പുഴുത്തു ചാവും ''.

 കഥാനായിക ആ ജീവനുവേണ്ടി യാചിക്കുകയാണ്. കാണികളുടെ മനസ്സില്‍ അവള്‍ക്കിപ്പോള്‍ ദൈവത്തിന്‍റെ തൊട്ടടുത്ത സ്ഥാനമാണ്

'' കഴിഞ്ഞില്ല. നിന്‍റെ ഭര്‍ത്താവിനെ സ്നേഹിക്കുന്ന രണ്ടു സ്ത്രീകളും ഇല്ലാതാവും. അഅത് എങ്ങിനെയാണെന്ന് അറിയണോ ''.

കഥാനായിക രക്ഷകന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി.

'' ദിവസം മൂന്നുനേരം വീതം നാല്‍പ്പത്തൊന്ന്ദിവസം അതുങ്ങളെ എന്‍ഡോസള്‍ഫാനില്‍ മുക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ആ ശല്യങ്ങള്‍ അതോടെ തീരും ''.

കഥാനായികയുടെ രോദനം ഉച്ചത്തിലാവുന്നു. പക്ഷേ രക്ഷകന്‍ അത് ശ്രദ്ധിക്കുന്ന മട്ടില്ല. ഇത്രയും സാധുവായ ഒരുവളെ ഭൂലോകത്ത് കണി കാണാന്‍ കിട്ടില്ല. ഇനിമുതല്‍ എല്ലാ തുടരനിലും ഈ സ്ത്രീരത്നത്തെ നായികയാക്കാന്‍ തോന്നണേയെന്ന് കാണികളില്‍ ചിലരെങ്കിലും കൈ നെഞ്ചത്തുവെച്ച് പ്രാര്‍ത്ഥിച്ചാല്‍ നമുക്ക് ഒരിക്കലും അവരെ തെറ്റു പറയാനാവില്ല

'' ഇനിയാണ് പ്രധാനം '' രക്ഷകന്‍ തുടര്‍ന്നു '' ഞാനൊരു ലാടവൈദ്യനെ ഇവിടേക്ക് വരാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു എണ്ണ തരും. കുട്ടി മൂന്നേ മൂന്നു ദിവസം അതു തേച്ച് തണുത്ത വെള്ളത്തില്‍ കുളിക്കണം. അതോടെ ഈ കറുപ്പു നിറം മാറി നല്ല തൂവെള്ള നിറം ലഭിക്കും ''.

'' ഇതൊക്കെ നടക്കുന്നതാണോ '' അവള്‍ക്ക് വിശ്വാസമാവുന്നില്ല.

'' എന്താ നടക്കാതെ. കാര്യസാദ്ധ്യത്തിന്നുവേണ്ടി ഇവിടെ ഞാനൊരു ഹോമം ചെയ്യിക്കുന്നുണ്ട്. അതു കഴിഞ്ഞാല്‍ കണ്ടോളൂ ''.

ഹോമവും ലാടവൈദ്യനും തീപ്പൊള്ളലും ആസ്പത്രി രംഗങ്ങളും എന്‍ഡോ സള്‍ഫാനില്‍ കുളിപ്പിക്കലുമൊക്കെയായി മുവ്വായിരം എപ്പിസോഡുകള്‍ കടന്നുപോകുന്നു.

ഒടുവില്‍ കഥാനായികയും ഭര്‍ത്താവും കാറില്‍ പോവുന്നതോടെ കഥ അവസാനിക്കുന്നു.

'' അടുത്ത തിങ്കളാഴ്ച മുതല്‍ ഇതേ നേരത്ത് '' അനൌണ്‍സറുടെ ശബ്ദം മുഴങ്ങുന്നു

ശുഭമസ്തു.

നല്ല ഒരു ദൃശ്യസംസ്ക്കാരം കെട്ടിപ്പടുക്കാന്‍ പര്യാപ്തമായ മാധ്യമം അവിദഗ്ദ്ധ ഹസ്തങ്ങളിലകപ്പെട്ട് നശിക്കുന്നതോര്‍ത്തു ദുഖിച്ചിരുന്ന കഥാകാരന്‍ മനസ്സിലെങ്കിലും ഒരു പ്രതിഷേധം രേഖപ്പെടുത്തീയെന്ന സമാധാനത്തില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു.